ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...
Showing posts with label പോതുവാര്‍ത്ത. Show all posts
Showing posts with label പോതുവാര്‍ത്ത. Show all posts

Wednesday, October 29, 2025

അടിയന്തര അറ്റകുറ്റപ്പണി: തളിപ്പറമ്പിൽ വൈദ്യുതി മുടങ്ങും

അടിയന്തര അറ്റകുറ്റപ്പണി: തളിപ്പറമ്പിൽ വൈദ്യുതി മുടങ്ങും

തളിപ്പറമ്പ് : തളിപ്പറമ്പ് 220 കെ വി സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ രണ്ടിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വഴിപാട്

മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വഴിപാട്

തളിപ്പറമ്പ്: പ്രമുഖ നടൻ ഭരത് മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശി എ. ജയകുമാറാണ്  മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി അദ്ദേഹത്തിൻ്റെ പേരിൽ ഉത്രം നക്ഷത്രത്തിൽ പൊന്നിൻ കുടം  വഴിപാട് നടത്തിയത്.  ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.

Monday, August 19, 2024

പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ; മന്ത്രി ഡോ.കെ.ടി.ജലീല്‍

പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉറപ്പ് നല്‍കിയതായി വ്യാപാരി നേതാക്കള്‍.  



തളിപ്പറമ്പ് : പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉറപ്പു നല്‍കിയതായി വ്യാപാരി നേതാക്കള്‍ അറിയിച്ചു. ഹജ്ജ് സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിനായി തളിപ്പറമ്പിലെത്തിയ മന്ത്രിയെ കാണാനെത്തിയ തളിപ്പറമ്പിലെ വ്യാപാരി സംഘത്തിനാണ് ഇതുസമ്പന്ധിച്ച് ഉറപ്പ് ലഭിച്ചത്. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ മന്ത്രിക്ക് നിവേദനം നല്‍കി. പ്ലാസ്റ്റിക്ക് നിരോധനം നാടിന്റെ ഭാവിക്ക് ഒഴിച്ചു കൂടാനാവാത്തതാണെന്നു പറഞ്ഞ മന്ത്രി ഇതുമായി വ്യാപാരികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് നിരോധനവുമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കിയ വ്യാപാരികള്‍ ഇന്നും
വിപണിയിലെ പല ഉല്‍പ്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക്ക് കവറിലാണ് എത്തുന്നതെന്ന് 
മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി വ്യാപാരി നേതാവ് കെ.എസ് റിയാസ് അറിയിച്ചു


പടം : തളിപ്പറമ്പിലെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലുമായി കെ.എസ് റിയാസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പിലെ വ്യാപാരികള്‍ സംസാരിക്കുന്നു.


Sunday, July 16, 2017

കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ എത്തിച്ചു തുടങ്ങി.


കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ എത്തിച്ചു തുടങ്ങി.

തളിപ്പറമ്പ് : പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ കുറുമാത്തൂരിലെ പുതിയ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് നീക്കി തുടങ്ങി. പഴയങ്ങാടി പരിയാരം തളിപ്പറമ്പ് തുടങ്ങിയ സ്റ്റേഷന്‍ വളപ്പിലും സമീപത്തുളള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിട്ട വാഹനങ്ങളാണ് നീക്കുന്നത്. സ്റ്റേഷന്‍ വളപ്പിലും സമീപത്തുളള
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിട്ട വാഹനങ്ങള്‍ പൊലിസിനും, നിരവധി ആവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെ പ്രശ്‌നം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. റവന്യു മന്ത്രി, കളക്ടര്‍,
എസ്പി എംഎല്‍എമാര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മറ്റ് ജന പ്രതിനിധികള്‍ എന്നിവര്‍ മുന്‍കൈയ്യെടുത്തതോടെ, തളിപ്പറമ്പ് തഹസില്‍ദാരുടെ നേതൃത്വത്തിലുളള റവന്യു സംഘം കണ്ടെത്തിയ തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെളളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് ഡംമ്പിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് സാഹചര്യം ഒരുങ്ങുകയായിരുന്നു. മൂന്ന് പൊലിസ് സ്റ്റേഷനുകളില്‍ നിന്നായി നാന്നൂറിലേറെ വാഹനങ്ങളാണ് കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലെത്തിക്കുക. തികച്ചും സൗജന്യമായാണ് കുപ്പം ഖലാസികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇവരുടെ ക്രെയിനും പൊലിസിന്റെ പക്കലുളള ക്രെയിനും ഉപയോഗിച്ചാണ് വാഹനങ്ങള്‍ നീക്കുന്നത്. ചെറിയ കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെ സൂക്ഷിക്കും. നീക്കംചെയ്യുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മണല്‍ കടത്ത് പരിശോധന നിലച്ച അവസ്ഥയായിരുന്നു. പുതിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സി.ഐ പി.കെ സുധാകരന്‍ പറഞ്ഞു.



പടം : തളിപ്പറമ്പ് പരിയാരം പഴയങ്ങാടി പൊലിസ് സ്റ്റേഷനുകളില്‍ നിന്നായി കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലെത്തിച്ച തൊണ്ടി വാഹനങ്ങള്‍.
        കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ മാറ്റുന്നു.


Friday, July 14, 2017

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ചെളി നീക്കംചെയ്യാന്‍ വഴിയൊരുങ്ങുന്നു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ചെളി നീക്കംചെയ്യാന്‍ വഴിയൊരുങ്ങുന്നു.

ജലാശയങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കാതെ ചെളി നീക്കം ചെയ്യാനുള്ള നാട്ടുകാര്‍ സ്വയം വികസിപ്പിച്ച സാങ്കേതിക വിദ്യ ഇതിനായി ഉപയോഗിക്കും.


ബൈജു ബി കെ 



തളിപ്പറമ്പ് :  തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ചെളി നീക്കംചെയ്യാന്‍ വഴിയൊരുങ്ങുന്നു. ഇതിനായി നാട്ടുകാരുടെ കൂട്ടായ്മയിലെ ടെക്‌നിക്കല്‍ കമ്മിറ്റി സ്വയം വികസിപ്പിച്ച ജലാശയങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കാതെ ചളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ ശ്രദ്ധേയമാകുന്നു. 4.2 ഏക്കര്‍ വിസ്തീര്‍ണ്ണമുളള രാജരാജേശ്വര ക്ഷേത്രച്ചിറയിലെ ജലവിതാനം 4 മീറ്ററാണ്. ശരാശരി സംഭരണ ശേഷി ആറുകോടി നാല്‍പതു ലക്ഷം ലിറ്റര്‍ വെളളം. എന്നാല്‍
ചിറയുടെ നാല്‍പത് ശതമാനവും ചെളി നിറഞ്ഞ് സംഭരണ ശേഷി ചുരുങ്ങി. ഏഴു നൂറ്റാണ്ടു മുന്‍പ് നിര്‍മ്മിച്ച ചിറക്ക് 1523ല്‍ ചിറ്റൂര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വതില്‍ പുനരുദ്ധാരണം നടത്തിയതായി രേഖകള്‍ ഉണ്ടെങ്കിലും അതിലും വെളളം വറ്റിച്ച് ചെളി നീക്കം ചെയ്തതായി പറയുന്നില്ല. കുളം, കിണര്‍, ചിറ തുടങ്ങിയ ജലാശയങ്ങളില്‍ അന്തരീക്ഷത്തില്‍ നിന്നുമുള്ള പൊടി, ജനങ്ങള്‍ നിത്യവും കുളിക്കുകയും, വസ്ത്രം അലക്കുകയും ചെയ്യുമ്പോള്‍ കലരുന്ന അഴുക്ക്, സമീപത്തുള്ള വൃക്ഷങ്ങളില്‍ നിന്ന് കൊഴിയുന്ന ഇലകള്‍ എന്നിവ കലര്‍ന്നാണ് ചെളിയായിത്തീര്‍ന്ന് അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നത്. ഇത് വെള്ളത്തിന്റെ അളവിനേയും, ഗുണത്തിനേയും, ജലജന്തുക്കളെയും സാരമായി ബാധിക്കാറുണ്ട്. ഇത്തരത്തില്‍ ചെളിയും മാലിന്യവും കലര്‍ന്നും പടവുകള്‍ അടര്‍ന്നും നാശത്തിന്റെ വക്കിലെത്തിയ രാജരാജേശ്വര ക്ഷേത്രച്ചിറ സംരക്ഷിക്കുന്നതിനായി നാട്ടുകാര്‍ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആദ്യഘട്ടത്തില്‍ ചിറയില്‍ സോപ്പിന്റെയും എണ്ണയുടെയും ഉപയോഗം പൂര്‍ണ്ണമായി നിരോധിച്ചു. ഇത് ഏറെ ഗുണം ചെയ്‌തെന്ന് ഇവര്‍ പറഞ്ഞു.


സൂഷ്മ ജീവികളുടെ എണ്ണം വര്‍ദ്ധിച്ചു. ചിറയില്‍ അപൂര്‍വ്വമായി കണ്ടിരുന്ന നീര്‍ക്കോലിയെ ഇഷ്ടം പോലെ കാണാന്‍ തുടങ്ങി. ഇത്തവണ വേനല്‍ കനത്ത് വെളളം കുറഞ്ഞപ്പോഴും ഒരു ചെറുമീന്‍പോലും ചത്തുപൊന്തിയില്ല. രണ്ടാം ഘട്ടമായാണ് ചെളി നീക്കം ചെയ്യുന്നതിനെകുറിച്ച് ആലോചിച്ചത്. ചിറയിലെ വെളളം വറ്റിച്ച് ചെളി നീക്കം ചെയ്യുക എന്നത് ഇത്ര വലിയ ജലാശയങ്ങളില്‍ അസാധ്യമാണ്. ഈ രീതി കണ്ണൂര്‍ ചിറക്കല്‍ ചിറയില്‍ പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഇത്രയും കൂടിയ അളവിലുള്ള വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ വരാവുന്ന നഷ്ടവും, ആഘാതവും വളരെ വലുതായിരിക്കുമെന്ന കണ്ടെത്തലും ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. വെള്ളം വറ്റിക്കാതെ, ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ അന്വേഷിച്ച് വന്‍കിട കമ്പനികളെയും സാങ്കേതിക സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ചിറ നവീകരണത്തിനായി രൂപീകരിച്ച 26 അംഗ കമ്മിറ്റിയില്‍ നിന്നും തെരഞ്ഞടുത്ത ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മൂന്ന്മാസക്കാലത്തെ പരീക്ഷണങ്ങള്‍ ജലാശയങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കാതെ ചളി നീക്കം
ചെയ്യാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തുക തന്നെ ചെയ്തു. ചെളിയുടെ വിതാനത്തിലേക്ക് ഇറക്കി, ചെളിയെ വലിച്ചെടുത്ത് വെളിയില്‍ കൊണ്ടുവരുന്ന ഒരു യൂനിറ്റിന് ഇവര്‍ രൂപം നല്‍കി. വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇലക്ട്രിക്ക് മോട്ടോര്‍, ചെളി പമ്പ് ചെയ്യാന്‍ കഴിയുന്ന പമ്പ്, കട്ടിയേറിയ ചെളിയെ പമ്പ് ചെയ്യാന്‍ പാകത്തിലാക്കാനുള്ള കട്ടര്‍ ഇത്രയുമാണ് ഈ യൂനിറ്റിന്റെ പ്രധാന ഭാഗങ്ങള്‍. പി.വി.സി പൈപ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു പ്ലാറ്റ്ഫോമില്‍ നിന്ന്, ചെളിയുടെ വിതാനത്തിലേക്ക് ഇറക്കി നിര്‍ത്തിയ പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലുള്ള വെള്ളത്തിനു ഇളക്കം തട്ടാതെ ചെളിയെ മാത്രം വലിച്ചെടുത്ത്, പൈപ്പ് വഴി വെളിയിലേക്കു എത്തിക്കുന്നു. പമ്പിന്റെ ചുറ്റുവട്ടത്തിലുള്ള ചെളി വെളിയിലെടുത്ത് കഴിഞ്ഞാല്‍, വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ പ്ലാറ്റ്ഫോം ചെളിയുള്ള സ്ഥലത്തേക്ക് മാറ്റിയാല്‍ വെള്ളം മാറി വീണ്ടും ചെളി വരാന്‍ തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ മണിക്കൂറില്‍ 6000 ലിറ്റര്‍ ശേഷിയുള്ള പമ്പാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. രണ്ടുകോടി 
അറുപത്തിനാലു ലക്ഷം ലിറ്റര്‍ ചെളി നീക്കം ചെയ്യാനായി കൂടുതല്‍ പമ്പും പ്ലാറ്റുഫോമുകളും പ്രവര്‍ത്തിപ്പിക്കണം. ജലവിതാനത്തിനു മാറ്റം വരാതിരിക്കാനായി മഴക്കാലത്ത് മാത്രമേ ഈ പ്രക്രിയ നടത്തുകയുള്ളു. ചെന്നൈയില്‍ നിന്നാണ് പ്രത്യേക മോട്ടോറും അനുബന്ധ ഉപകരണങ്ങളും എത്തിച്ചത്. ഒരു യൂണിറ്റിന് അമ്പതിനായിരം രൂപയോളം ചെലവു വരും. ഇത്തരത്തില്‍ നാലു യൂനിറ്റുകളുണ്ടായാല്‍ ഈ മഴക്കാലത്തു തന്നെ ചിറയിലെ മുഴുവന്‍ ചെളിയും നീക്കാനാകും. ഒരു യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ചു പേര്‍ വേണം. ഒരു ദിവസത്തെ പ്രവര്‍ത്തന ചെലവ് അയ്യായിരത്തോളം വരും. എന്തു വില നല്‍കിയും അമൂല്യമായ ജലസമ്പത്തുളള രാജരാജേശ്വര ക്ഷേത്രച്ചിറ സംരക്ഷിക്കാനുളള തീരുമാനത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ. പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് നീലകണ്ഠന്‍, ഗോപി പൊതുവാള്‍, രാജശേഖരമാരാര്‍, ശിവമണി ശിവ, കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.


Wednesday, July 12, 2017

തളിപ്പറമ്പില്‍ കോഴിക്കടകള്‍ ബുധനാഴ്ച്ചയും തുറന്നില്ല.

തളിപ്പറമ്പില്‍ കോഴിക്കടകള്‍ ബുധനാഴ്ച്ചയും തുറന്നില്ല. 


തളിപ്പറമ്പ് : തളിപ്പറമ്പില്‍ കോഴിക്കടകള്‍ ബുധനാഴ്ച്ചയും അടഞ്ഞു തന്നെ കിടന്നു. സമരം ഒത്തുതീര്‍പ്പായെന്ന വാര്‍ത്ത കേട്ട് കോഴി വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇറച്ചിക്കോഴിക്ക് കിലോ 87 രൂപക്ക് വില്‍ക്കാനുളള ധാരണയില്‍ കോഴി വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി രണ്ടു ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചെങ്കിലും തളിപ്പറമ്പിലെ കോഴി കടകള്‍ അടഞ്ഞു കിടന്നു. 110 രൂപയോളം നല്‍കി കടകളിലെത്തിക്കുന്ന 87 രൂപക്ക് വില്‍ക്കാനുളള ധനമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുമ്പോഴുളള സാമ്പത്തിക നഷ്ടം സഹിക്കുന്നതിനേക്കാള്‍ കടയടച്ചിടുന്നതാണ് നല്ലതെന്ന് ഇന്നലെ ചേര്‍ന്ന തളിപ്പറമ്പിലെ ചിക്കന്‍ ഡീലേര്‍ഴ്‌സ് അസോസിയേഷന്‍ യോഗ തീരുമാനപ്രകാരമാണ് കോഴി കടകള്‍ അടച്ചിട്ടതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ പറയുന്ന വിലക്ക് കോഴി വില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കടകള്‍ തുറന്നാല്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടാകുന്നത്

ഒഴിവാക്കുവാനുമാണ് ഈ തീരുമാനമെടുത്തത്. കണ്ണൂരിലെ പല സ്ഥലങ്ങളിലും തുറന്നു പ്രവര്‍ത്തിച്ച കടകളില്‍ വില സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നു. ഉച്ചയോടെ ഭൂരിഭാഗം കടകളും കച്ചവടമവസാനിപ്പിച്ച് അടച്ചിടുകയാണ് ഉണ്ടായത്. സര്‍ക്കറിന്റെ ഭാഗത്തു നിന്നും ഉചിതമായ തീരുമാനമുണ്ടാകാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും വിലകുറച്ച് വില്‍പന നടത്താന്‍ മടിയില്ലെന്നും എന്നാല്‍ 87 രൂപക്ക് ഇറച്ചിക്കോഴി വില്‍ക്കാനുളള സാഹചര്യമുണ്ടാക്കിത്തരാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വ്യാപാരി നേതാവ് കെ.എസ് റിയാസ് പറഞ്ഞു.


Tuesday, July 11, 2017

കണ്ണൂര്‍ ജില്ലാ പൊലിസിന്റെ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ ധനസഹായ വിതരണം തളിപ്പറമ്പില്‍ നടന്നു.

ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മുദ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ധനസഹായ വിതരണം നിര്‍വ്വഹിച്ചു.


തളിപ്പറമ്പ് : കണ്ണൂര്‍ ജില്ലാ പൊലിസിന്റെ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മുദ് ഉദ്ഘാടനം ചെയ്തു. ജില്ലാ അടിസ്ഥാനത്തില്‍ നടത്തിവന്ന ധനസഹായം വിതരണം ഇത്തവണ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ നടത്താനുളള തീരുമാനത്തിന്റെ ഭാഗമായി ആദ്യമായി നടത്തുന്ന സഹായ വിതരണ പരിപാടി്‌യാണ് തളിപ്പറമ്പില്‍ നടന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ധനസഹായ വിതരണംനിര്‍വ്വഹിച്ചു.
                                    നിര്‍ധനരായ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ ആണ് ജില്ലാ പൊലിസ് സഹായനിധിയായ ആതുരമിത്രം രൂപീകരിച്ചത്.
ചികിത്സാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ലഭിച്ച അപേക്ഷകളില്‍ പതിമൂന്ന്‌പേര്‍ക്കാണ് ഇന്നലെ ധനസഹായം വിതരണം ചെയ്തത്. സാധരണ ജില്ലാ അടിസ്ഥാനത്തിലാണ് സഹായ വിതരണ പരിപാടി് നടത്താറുളളത്. ആതുരമിത്രം പദ്ധതിയിലൂടെ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ പരിപാടി് നടത്തിയത്. ജില്ലാ പൊലീസ് മേധാവി തൊട്ട് എല്ലാ പൊലിസ് സേനാംഗങ്ങളുടെയും ഓഫിസ് ജീവനക്കാരുടെയും ശമ്പളത്തില്‍ നിന്നും എല്ലാ മാസവും നിശ്ചിത തുക സ്വരൂപിച്ചാണ് സഹായനിധി നല്‍കിവരുന്നത്. 2014 നവംബര്‍ മുതല്‍ ഇതുവരെ അറന്നൂറിലേറേ പേര്‍ക്കു സഹായധനം അനുവദിച്ചുകഴിഞ്ഞു. കാന്‍സര്‍, കരള്‍, വൃക്ക, ഹൃദയം,
ശ്വാസകോശം എന്നീ രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന നിര്‍ധനരോഗികള്‍ക്കു വേണ്ടി ജില്ലാ പൊലിസ് മേധാവി കണ്ണൂര്‍ എന്ന വിലാസത്തിലാണ് ധനസഹായത്തിനായി അപേക്ഷ നല്‍കേണ്ടത്. സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്കമ്മിറ്റി ഓരോ മാസവും ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയിലാണ് അര്‍ഹരായവരെ കണ്ടെത്തുക. രോഗത്തിന്റെ ഗൗരവമനുസരിച്ച്
10,000 മുതല്‍ പരമാവധി 50,000 രൂപ വരെ വ്യക്തികള്‍ക്ക് സഹായധനം നല്‍കും. എസ്.ഐ ബിനുമോഹന്‍, പി.രമേശന്‍, കെ.വി സുവര്‍ണ്ണന്‍, കെ.പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.


പടം 1: ജില്ലാ പൊലിസിന്റെ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു.

പടം 2: ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മുദ് ഉദ്ഘാടനം ചെയ്യുന്നു.

പടം 3: ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണപരിപാടിയില്‍ തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ സംസാരിക്കുന്നു.


പടം4: ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണപരിപാടിയില്‍ തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്‍ സംസാരിക്കുന്നു.


ഓപ്പറേഷന്‍ മണ്‍സൂണിനു ശക്തി പകരാന്‍ അടിയന്തിര യോഗം ചേര്‍ന്നു.

തളിപ്പറമ്പ് നഗരത്തില്‍സുരക്ഷ ശക്തമാക്കാന്‍

അടിയന്തിര യോഗം ചേര്‍ന്നു. 


ഓപ്പറേഷന്‍ മണ്‍സൂണിനു ശക്തി പകരാന്‍ തീരുമാനം. 




തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പൊലിസ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. തളിപ്പറമ്പിലെ വ്യാപാരി പ്രതിനിധികളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പൊലിസും വ്യാപാരികളും സംയുക്തമായി തളിപ്പറമ്പ് നഗരത്തില്‍ ഒരുക്കുന്ന സുരക്ഷ പദ്ധതിയാണ് ഓപ്പറേഷന്‍ മണ്‍സൂണ്‍. തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. മോഷണത്തിനെതിരെ ബീറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പട്രോളിങ്ങ് ഏര്‍പ്പെടുത്തുന്നത്. തളിപ്പറമ്പ് പൊലീസിന്റെ അഭിമാനമായി മാറിയേക്കാവുന്ന ഈ നഗര സുരക്ഷാ പദ്ധതിയായ ഓപ്പറേഷന്‍ മണ്‍സൂണിനു ശക്തി പകരാന്‍ തളിപ്പറമ്പിലെ വ്യാപാരി പ്രതിനിധികളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പൊലിസ് അധികാരികളുമടങ്ങുന്ന പ്രത്യേക സമിതി തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ വന്നു. 
തളിപ്പറമ്പ് നഗരത്തിലെ സുരക്ഷക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചത്.  കണ്‍വീനറായി   എസ്‌ഐ ബിനുമോഹനേയും ജോ.കണ്‍വീനറായി വ്യാപാരി നേതാവ് കെ.എസ് റിയാസിനെയും തെരഞ്ഞെടുത്തു. നഗത്തിലെ സ്ഥാപനങ്ങളില്‍ നിലവിലുളള എല്ലാ സുരക്ഷാ ജീവനക്കാരെയും നഗര സുരക്ഷാ പദ്ധതിയില്‍ പങ്കാളികളാക്കും. ഇവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ഒരാഴ്ച്ചക്കകം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സിസിടിവി കാമറകള്‍ സ്ഥാപിക്കും. നിലവില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുളള സ്ഥാപനങ്ങളുടെ പുറത്തു കൂടി സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ അടുത്ത ആഴ്ച്ച ചേരുന്ന യോഗത്തില്‍ ഉണ്ടാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു. യോഗത്തില്‍ സി.ഐ പി.കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ ബിനുമോഹന്‍, വ്യാപാരി നേതാവ് വി താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


പടം : തളിപ്പറമ്പ് നഗരത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പൊലിസ് വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.


ഓപ്പറേഷന്‍ മണ്‍സൂണ്‍


തളിപ്പറമ്പ് പൊലിസും വ്യാപാരികളും സംയുക്തമായി തളിപ്പറമ്പ് നഗരത്തില്‍ ഒരുക്കുന്ന സുരക്ഷ പദ്ധതിയാണ് ഓപ്പറേഷന്‍ മണ്‍സൂണ്‍. ഇതിന്റെ ഉദ്ഘാടനം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് നിര്‍വ്വഹിച്ചത്. മോഷണത്തിനെതിരെ ബീറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പട്രോളിങ്ങ് ഏര്‍പ്പെടുത്തുന്നത്. ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവുകളും വഹിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും പ്രവര്‍ത്തകരായ വ്യാപാരികളാണ്. വിരമിച്ച പട്ടാളക്കാരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പത്തുപോരെ രണ്ടു വീതമുളള അഞ്ചു ഗ്രൂപ്പുകളാക്കി തളിപ്പറമ്പ് ടൗണ്‍, മാര്‍ക്കറ്റ്, കോര്‍ട്ട് റോഡ്, മന്ന എന്നിവിടങ്ങളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴു മണി വരെയാണ് ആദ്യ ഘട്ടത്തില്‍ പട്രോളിങ്ങിന് നിയോഗിക്കുക. ഇവര്‍ക്കാവശ്യമായ കുട, റെയിന്‍കോട്ട്, ടോര്‍ച്ച്, ബാറ്റണ്‍ എന്നിവയും ബീറ്റ് ബുക്കും തളിപ്പറമ്പ് പൊലിസ് വിതരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കുളള വേതനം വ്യാപാരികളാണ് നല്‍കുക. മഴക്കാലമെത്തുന്നതോടെ മോഷണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാത്രി പട്രോളിങ്ങിന് പോലിസിന് ഏറെ പരിമിതികളുണ്ടെന്നും  നഗരത്തില്‍ പ്രത്യേക പദ്ധതി നടപ്പലാക്കുന്നതോടെ പൊലിസിന് ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍. 



പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പിഴയീടാക്കി തിരിച്ചെടുപ്പിച്ചു.

പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പിഴയീടാക്കി തിരിച്ചെടുപ്പിച്ചു. 




തളിപ്പറമ്പ് : പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പൊലിസിന്റെ സഹായത്തോടെ തിരിച്ചെടുപ്പിച്ചു. പൂമംഗലം സോമേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും കാഞ്ഞിരങ്ങാട്ടേക്കു പോകുന്ന വഴിയില്‍ മുക്കോണത്താണ് റോഡരികില്‍ മൂന്ന് സ്ഥലങ്ങളിലായി ചാക്കുകളില്‍ ഇ മാലിന്യങ്ങള്‍ തളളിയത്. റബര്‍ തോട്ടത്തിലും തെങ്ങിന്‍ തോപ്പിലും ഇടുന്നതിന് കാലിവളം ചാക്കില്‍ കെട്ടി വച്ചതാണെന്നു കരുതി നാട്ടുകാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. സ്ഥലമുടമകള്‍ പരിശോധിച്ചപ്പോഴാണ് ഇ മാലിന്യമാണെന്ന് മനസിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി നാരായണന്‍, വാര്‍ഡ് മെമ്പര്‍ പി. ലക്ഷമണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും ചപ്പാരപ്പടവിലുളള ഒരു ഫാന്‍സി കടയുടെ ബില്ല് ലഭിക്കുകയും ഫാന്‍സി കടയുടമ അടുത്തു തന്നെയുളള ആക്രിക്കടക്കാരന് നല്‍കിയ ബില്ല് തിരിച്ചറിയുകയും തുടര്‍ന്ന് പൊലിസ് ആക്രിക്കടക്കാരനെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇലക്ട്രോണിക്‌സ് സാധനങ്ങളില്‍ നിന്നും ചെമ്പ്,പ്ലാസ്റ്റിക്ക്,ഇരുമ്പ് എന്നിവ വേര്‍തിരിച്ചതിനു ശേഷം മിച്ചം വരുന്ന ഉപയോഗമില്ലാത്ത വസ്തുക്കള്‍ 3000 രൂപക്ക് നീക്കം ചെയ്യാന്‍ മടക്കാട് താമസിക്കുന്ന ഹസ്സന്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലിസ് ഹസ്സനെ വിളിച്ചു വരുത്തി കുറുമാത്തൂര്‍ പഞ്ചായത്തില്‍ 5000 രൂപ പിഴയടപ്പിക്കുകയും മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തു. കാഞ്ഞിരങ്ങാട് ഭാഗത്ത് മാലിന്യം തളളുമ്പോള്‍ ഇതിനു മുമ്പും ഹസ്സനെ പിടികൂടിയിരുന്നു.                                                                പടം : സോമേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും കാഞ്ഞിരങ്ങാട്ടേക്കു പോകുന്ന വഴിയില്‍ മുക്കോണത്ത് തളളിയ ഇ മാലിന്യങ്ങള്‍ കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു.



തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു.


തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ട വാഹനങ്ങള്‍ക്ക് കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു. 


തളിപ്പറമ്പ് : തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കംചെയ്യാന്‍ കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു. കൂട്ടിയിട്ട വാഹനങ്ങള്‍ പൊലിസിനും പരാതികളുമായി ബന്ധപ്പെട്ട് ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെയാണ് പ്രശ്‌നം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പല കേസുകളിലായി നിരവധി വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ആധിക്യം മൂലം പൊലിസ് വാഹനങ്ങളടക്കം സ്റ്റേഷന്‍ വളപ്പിന് പുറത്ത് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. സ്ഥലപരിമിതി മൂലം പരേഡുകള്‍ക്ക് സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥ
വന്നതോടെയാണ് തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ മുന്‍കൈയ്യെടുത്ത് പ്രശ്‌നം റവന്യു മന്ത്രി, കളക്ടര്‍, എസ്പി എന്നിവരുടെയും ശ്രദ്ധയില്‍ പെടുത്തിയത്.
തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമി കണ്ടെത്തി മുള്ളുകമ്പി വേലികെട്ടി വാഹനങ്ങള്‍ അവിടേക്ക് മാറ്റാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ധേശപ്രകാരം തഹസില്‍ദാരുടെ നേതൃത്വത്തിലുളള റവന്യു സംഘം തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെളളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ഡംമ്പിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് താല്‍ക്കാലികമായി വിട്ടു നല്‍കാനുളള നടപടി സ്വൂകരിക്കുകയും ചെയ്തു. പൊലിസ് കാവലേര്‍പ്പെടുത്തുന്നതിനായുളള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്.

വിവിധ കേസുകളില്‍ പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പനയത്താം പറമ്പിലെ ഡംമ്പിങ് ഗ്രൗണ്ടില്‍ എത്തിക്കുന്നതിന് വന്‍ തുക ചെലവു വന്നതോടെ വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെ കൂട്ടിയിടുകയായിരുന്നു. പുതിയ ഡംമ്പിങ് ഗ്രൗണ്ട് നിലവില്‍ വരുന്നതോടെ നിരവധികാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് തളിപ്പറമ്പിലെ പൊലിസുകാര്‍.


പടം : 1 തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍  2 തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ മാറ്റിയിടുന്നതിനായി കുറുമാത്തൂര്‍ വെളളാരംപാറയില്‍ ഒരുങ്ങുന്ന ഡംമ്പിങ് ഗ്രൗണ്ട്. 



Sunday, July 9, 2017

മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു.

മുഖപുസ്തക കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു. 


തളിപ്പറമ്പ് : മലബാറിന്റെ രുചിപ്പെരുമയുടെ മുഖപുസ്തക കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു. ബാംബൂ ഫ്രഷ് ഹാളില്‍ നടന്ന സംഗമം ഡോ. തസ്ലീം ഫാഹിര്‍ ഉദ്ഘാടനം ചെയ്തു. രുചിയുടെ തമ്പുരാക്കന്‍മാരായ മലബാര്‍വിഭവങ്ങളെ പരിചയപ്പെടാനും ആസ്വദിക്കാനും വേദിയൊരുക്കിയ കുടുബ സംഗമത്തില്‍ മലബാര്‍ അടുക്കളയുടെ മൂന്നാം വാര്‍ഷിക ആഘോഷവും അടുക്കള മാഗസിന്‍ പ്രകാശനവും നടന്നു. മലബാറിന്റെ രുചി വൈവിദ്ധ്യപ്പെരുമയുടെ മുഖപുസ്തക കൂട്ടായ്മയായ മലബാര്‍അടുക്കളയില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി മൂന്നര ലക്ഷത്തോളം മലയാളികള്‍ അംഗങ്ങളായുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ
മലബാര്‍വിഭവങ്ങളുടെ ഒരു സര്‍വ വിജ്ഞാനകോശം തന്നെയായി മാറിയ മലബാര്‍അടുക്കളയിലൂടെ ഓരോ ദിവസവും ശരാശരി നൂറു രുചിക്കൂട്ടുകളെങ്കിലും പങ്കുവയ്ക്കപ്പെടുന്നുണ്ട്. പുതുതലമുറക്ക് കേട്ടറിവ് കൂടിയില്ലാത്ത പഴയകാല മലബാര്‍ വിഭവങ്ങളായ പഞ്ചാര പാറ്റയുടെയും ഈന്ത് പിടിയുടെയും മുല്ലപ്പൂ കറിയുടെയും എല്ലാം ചേരുവകള്‍ ഈ അടുക്കളയിലുണ്ട്. പലതരം ബിരിയാണികളും ചിക്കന്‍, മീന്‍വിഭവങ്ങളുമാണ് മലബാര്‍അടുക്കള കൂട്ടത്തിലെ താരങ്ങള്‍. ഭക്ഷണം ഉണ്ടാക്കുന്നത് പകര്‍ത്തി മിനി കുക്കറി ഷോ ആയി
ഗ്രൂപ്പില്‍പങ്കുവയ്ക്കുന്നവരില്‍ തുടങ്ങി ഏഴു വയസുകാരി മുതല്‍ എഴുപത് കടന്ന ഉമ്മുമ്മമാര്‍വരെ പുതുരുചികളുടെ രഹസ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പരീക്ഷിച്ചു നോക്കിയ ശേഷം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ഇവര്‍ മറക്കുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്പരമറിയാതെ ജീവിച്ചു പോന്ന ഇവരെ ഒരു സൗഹൃദക്കൂട്ടമാക്കിയത് ഭക്ഷണത്തോടുള്ള ഇഷ്ടവും പാചകത്തോടുള്ള അഭിനിവേശവുമാണെന്ന് മലബാര്‍ അടുക്കള അഡ്മിന്മാരായ ലീനു നൗഫലും,നഫീസത്ത് പാടിലത്തും പറഞ്ഞു. 2014 ജൂലായ് 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തില്‍ ദുബായിലെ ഏതാനും സുഹൃത്തുക്കള്‍ചേര്‍ന്ന് മലബാര്‍അടുക്കള എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്.16 അഡ്മിന്മാരും നൂറോളം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും,
അമ്പതിലധികം കോര്‍ഡിനേറ്റേഴ്‌സുമാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഒരു ഫേസ് ബുക്ക് കൂട്ടായ്മയ്ക്കപ്പുറം കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി വളര്‍ന്നു കഴിഞ്ഞ മലബാര്‍അടുക്കള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തളിപ്പറമ്പ് ബാംബൂ ഫ്രഷ് ഹാളില്‍ നടന്ന കണ്ണൂര്‍ ചാപ്റ്റര്‍ സംഗമം ഡോ. തസ്ലീം ഫാഹിര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ അടുക്കള അഡ്മിനും ഡയറക്ടറുമായ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി
ഏകോപന സമിതി പ്രസിഡണ്ട് കെ.എസ് റിയാസ് അടുക്കള മാഗസിന്‍ പ്രകാശനം ചെയ്തു. മിസ്‌റി ഹാഷിഖ്, സിനി സുനില്‍, സമീഹ ഫസല്‍, ബുഷറ സിദ്ദിഖ്, ഫാത്തിമ മുജീബ്, റംസീന ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലബാര്‍വിഭവങ്ങളെ പരിചയപ്പെടാനും ആസ്വദിക്കാനും വേദിയൊരുക്കിക്കൊണ്ട് ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.




Sunday, July 2, 2017

വിലപിടിച്ച രേഖകളും പൈസയുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു. പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ കഴിയാതെ അനീഷ് മടങ്ങി.

വിലപിടിച്ച രേഖകളും പൈസയുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു.
പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ കഴിയാതെ അനീഷ് മടങ്ങി.

ബൈജു ബി.കെ

തളിപ്പറമ്പ് : പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ കാസര്‍ക്കോട് ചെര്‍ക്കളയില്‍നിന്നും മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പുറപ്പെട്ട യുവാവിന്റെ വിലപിടിച്ച രേഖകളും പൈസയുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു. കൈയ്യിലെ പണവും രേഖകളും നഷ്ടപ്പെട്ടതിനേക്കാള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ പറ്റാത്തതിലുളള വിഷമത്തിലാണ് യുവാവ്. കാസര്‍ക്കോട് മുള്ളേരിയ സ്വദേശിയായ കെ. അനീഷിനാണ് ഈ ദുരനുഭവം. നാട്ടില്‍ സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ജോലി ചെയ്യുന്ന അനീഷ് ശനിയാഴ്ച്ച രാവിലെ ചെര്‍ക്കളയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് മയ്യിലേക്ക് കൂട്ടുകാരനോടൊപ്പം യാത്ര തിരിച്ചത്. ബസില്‍ പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ പോകുന്നവരുടെ നല്ല തിരക്കുണ്ടായിരുന്നതായി അനീഷ് പറയുന്നു. പിലാത്തറ എത്തിയപ്പോഴാണ് ഇരിക്കാനായത്. തളിപ്പറമ്പിനു ശേഷം തിരക്കു കുറവായിരുന്നു. പുതിയരുവില്‍ ബസ് ഇറങ്ങുന്ന അവസരത്തിലാണ് പഴ്‌സ് നഷ്ടപ്പെട്ടത് മനസിലാകുന്നത്. ഉടന്‍ കണ്ടക്ടറെ വിവരമറിയിക്കുകയും ബസ് പരിശോധിക്കുകയും ചെയ്‌തെങ്കിലും പഴ്‌സ് കണ്ടെത്തിയില്ല. തുടര്‍ന്ന് വളപട്ടണം പൊലിസ് സ്റ്റേഷനില്‍ പരാതിനല്‍കിയെന്ന് അനീഷ് പറഞ്ഞു. പാന്റിന്റെ പിന്‍പോക്കറ്റിലായിരുന്നു പഴ്‌സ് ഉണ്ടായിരുന്നത്. വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിംങ്ങ്, കണ്ടക്ടര്‍ ലൈസന്‍്‌സുകള്‍, എടിഎം കാര്‍ഡ്, പിഎസ്സ്‌സി പരീക്ഷ എഴുതാനുളള ഹോള്‍ ടിക്കറ്റ് എന്നിവയോടൊപ്പം 3500 രൂപയും ഉണ്ടായിരുന്നു. പഴ്‌സ്
പോക്കറ്റടിച്ചു പോയതോടെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 100 രൂപ മാത്രമാണ് അനീഷിന്റെ കൈയ്യില്‍ മിച്ചമുണ്ടായിരുന്നത്. പണം കിട്ടിയില്ലെങ്കിലും രേഖകള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തളിപ്പറമ്പിലുളള സുഹൃത്ത് രാജേഷിന്റെ സഹായത്തോടെയാണ് അനീഷ് നാട്ടിലേക്ക് മടങ്ങിയത്.


പടം : അനീഷ്. 


Wednesday, June 28, 2017

മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍.

പഞ്ചായത്ത് പണം നല്‍കിയില്ല ;

 മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ  മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍.


തളിപ്പറമ്പ്: മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍, നാടെങ്ങും മഴവെള്ളം കരുതിവെക്കാനും പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുമ്പോഴും മഴവെളള സംഭരണിയോടുളള അവഗണനയില്‍ പ്രതിഷേധമുയരുന്നു. മഴ തിമിര്‍ത്തുപെയ്യേണ്ട ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ പോലും കൊടുംചൂടിനെ പഴിച്ച് ജീവിക്കേണ്ടിവന്ന ഒരു ജനത വേനല്‍കാലത്ത് അനുഭവിച്ച ദുരിതം ആവര്‍ത്തിക്കാതിരിക്കാന്‍ മഴവെള്ളം കരുതിവെക്കാനും പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുമ്പോഴും അവഗണനയുടെ സ്മാരകമാകുകയാണ് പാതി പണി തീര്‍ന്ന മാങ്ങാട് കെഎപി ക്യാംപിലെ മഴവെളള സംഭരണി. കല്ല്യാശേരി പഞ്ചായത്ത് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് 25ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള മഴവെളള സംഭരണി നിര്‍മ്മാണം ആരംഭിച്ചത്. ജില്ലയിലെ മികച്ച കൃഷിത്തോട്ടത്തിനുളള കൃഷി വകുപ്പിന്റെ ഇത്തവണത്തെ അവാര്‍ഡ് ലഭിച്ച മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ രണ്ടരയേക്കര്‍ ജൈവ പച്ചക്കറികൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുപ്പത് മീറ്റര്‍ നീളത്തില്‍ ഇരുപത്തിഏഴു മീറ്റര്‍ വീതിയില്‍ നാലു മീറ്റര്‍ ആഴമുളള മഴവെളള സംഭരണി നിര്‍മ്മിക്കുന്നതിന് കല്ല്യാശേരി പഞ്ചായത്ത് ആറ്‌ലക്ഷം രൂപയാണ് നീക്കി വച്ചത്.  പരിശീലനത്തിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനു തടസ്സംവരാതെ ഒഴിവു സമയങ്ങളില്‍ ശ്രമദാനം നടത്തിയും, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയും മഴവെളള സംഭരണി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പാറ വില്ലനായത്. മനുഷ്യാധ്വാനം കൊണ്ട് ഇത് നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ജെസിബി ഉപയോഗിച്ച് പാറ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ യന്ത്രമുപയോഗിച്ചുളള പ്രവര്‍ത്തിക്ക് ഫണ്ട്

അനുവദിക്കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതോടെയാണ് മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍നിന്നുപോയത്. ഇതോടെ ഇതിനു ചെലവായ അറുപത്തിഅയ്യായിരത്തോളം രൂപ പ്രവര്‍ത്തനങ്ങല്‍ക്ക് മേല്‍നോട്ടം ഉദ്യോഗസ്ഥന്‍ നല്‍കേണ്ടതായി വന്നു. ഇതോടെ നിര്‍മ്മാണവും നിലച്ചു. സംഭരണിക്ക് സമീപത്ത് പെയ്യുന്ന മഴവെളളം സംഭരണിയിലെത്തിക്കാനുളള സംവിധാനവും മേല്‍്ക്കൂരയുടെ നിര്‍മ്മാണവുമാണ് ബാക്കിയുളളത്. മഴവെള്ളം കരുതിവെക്കാനും അവ പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആരംഭിക്കേണ്ടത് ഇനിയൊരു മഴക്കാലവും കഴിഞ്ഞ്, ചൂട് തൊണ്ടയെ തൊടുമ്പോഴല്ല. മഴ പെയ്തു തുടങ്ങുമ്പോഴാണ്. മഴവെള്ളം കരുതി വെക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ നാളെ തൊണ്ട നനക്കാന്‍ കൂടി ഒരു തുള്ളി വെള്ളമില്ലാതെ അലയുന്ന കാഴ്ച്ച വിദൂരമല്ല.


പടം : മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയ മഴവെളള സംഭരണി. 



പകര്‍ച്ചവ്യാധി പ്രതിരോധ ശുചീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് അഗ്നിശമന സേനാംഗങ്ങള്‍ താലൂക്ക് ആശുപത്രി പരിസരത്തെ പാതയോര ശുചീകരണം നടത്തി.

പകര്‍ച്ചവ്യാധി പ്രതിരോധ ശുചീകരണത്തിന്റെ ഭാഗമായി പാതയോര ശുചീകരണം നടത്തി.


തളിപ്പറമ്പ് : സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ ശുചീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് അഗ്നിശമന സേനാംഗങ്ങള്‍ പാതയോര ശുചീകരണം നടത്തി. പകര്‍ച്ചവ്യാധി തടയുന്നതിന് സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിരോധ ശുചീകരണ പരിപാടിയിലാണ് തളിപ്പറമ്പ് അഗ്നിശമന സേനാംഗങ്ങളും പങ്കാളികളായത്. നഗരസഭ ചെയര്‍മാന്‍ മഹമ്മുദ് അളളാംകുളം ഉദ്ഘാടനം നിര്‍വ്വഹിച്ച ശുചീകരണം തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്തുനിന്നും ആരഭിച്ച് സര്‍സയ്യ്ദ് കോളേജ് പരിസരത്ത് സമാപിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്തെ മലിനമായ പാതയോരവും പ്ലാസ്റ്റിക്ക് കുപ്പി, സഞ്ചി,
തുണി ചപ്പുചവറുകള്‍ എന്നിവ നിറഞ്ഞു കിടക്കുന്ന ഓടയും വളര്‍ന്നു നില്‍ക്കുന്ന കാടുകളുമാണ് ഇവര്‍ ശുചീകരിച്ചത്. പരിപാടിക്ക് സ്റ്റേഷന്‍ ഓഫിസര്‍ പി.വി പവിത്രന്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടി എന്നിവര്‍ നേതൃത്വം നല്‍കി. ഡ്യൂട്ടിയിലുളളവരും ഡ്യൂട്ടി കഴിഞ്ഞവരുമായി ഇരുപത്തിഅഞ്ചോളം പേര്‍ ശുചീകരണത്തില്‍ പങ്കാളികളായി.


പടം : തളിപ്പറമ്പ് അഗ്നിശമന സേനാംഗങ്ങള്‍ താലൂക്ക് ആശുപത്രി പരിസരത്തെ പാതയോരം ശുചീകരിക്കുന്നു.


Sunday, June 25, 2017

നിത്യരോഗിയുടെ നിര്‍ദ്ധന കുടുബം ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതായി പരാതി.

നിത്യരോഗിയുടെ നിര്‍ദ്ധന കുടുബം ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതായി പരാതി. 

ബൈജു ബി.കെ 

തളിപ്പറമ്പ്  : പുതിയ റേഷന്‍ കാര്‍ഡ് പ്രകാരം നിത്യരോഗിയുടെ നിര്‍ദ്ധന കുടുബം ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതായി പരാതി. തളിപ്പറമ്പ് കോടതിക്കു സമീപത്ത് താമസിക്കുന്ന ബാബു അഞ്ചാമര എന്ന മാറാരോഗിയാണ് ബപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായത്. ശുചീകരണതൊഴിലാളിയായിരുന്ന ഇയാള്‍ മാറാരോഗം ബാധിച്ച് ഏറെവര്‍ഷങ്ങളായി ചികിത്സയിലാണ്. ഭാര്യയും രണ്ടാണ്‍മക്കളുമടങ്ങുന്ന കുടുബത്തിന്റെ ഏകവരുമാനമാര്‍ഗം മൂത്ത മകന്റെ ചെറിയ ജോലി മാത്രമാണ്. കുടുബവകയായുളള അഞ്ചു സെന്റോളം വരുന്ന സ്ഥലത്ത് ഇവര്‍ താമസിക്കുന്ന മണ്‍കട്ടയില്‍ നിര്‍മ്മിച്ച വീട് കാലപ്പഴക്കം കൊണ്ട് ഏത് നിമിഷവുംനിലം പൊത്താറായ നിലയിലാണ്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ നഗരസഭയുടെ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിച്ചിട്ടില്ല. നാട്ടുകാരുടെ അഭ്യര്‍ത്ഥനയും കുടുബത്തിന്റെ ദയനീയ സ്ഥിതിയും പരിഗണിച്ച് ബന്ധുക്കള്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കാമെന്ന് സമ്മതിച്ചെങ്കിലും രജിസ്‌ട്രേഷന്‍ തുകയായ അറുപതിനായിരം രൂപ സംഘടിപ്പിക്കാനാകാതെ
വിഷമിക്കുകയാണിവര്‍. ഇതിനു വേണ്ടി നാട്ടുകാരുമായി ചേര്‍ന്ന് ശ്രമം നടത്തി വരികയാണെന്നും ഇതിനായി  സഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും വാര്‍ഡ് കൗണ്‍്സിലര്‍ വത്സരാജ് പറഞ്ഞു. നേരത്തേ അന്നപൂര്‍ണ്ണ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന ബാബുവിന്റെ കുടുബത്തിന് ഇപ്പോള്‍ അത് ലഭിക്കുന്നില്ല. ഈ കുടുബം അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 ഈ കുടുബത്തെ സഹായിക്കാന്‍ സന്മനസുളള വ്യക്തികള്‍ സഹായ സമിതിക്കു നേതൃത്വം നല്‍കുന്ന വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജുമായി ബന്ധപ്പെടുക. ഫോണ്‍ : 9446258129


പടം : 1 ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായ ബാബു അഞ്ചാമരയുടെ തകര്‍ന്നു വീഴാറായ വീട്. 2 പഴയ റേഷന്‍ കാര്‍ഡ്.




Thursday, June 22, 2017

തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ശോചനീയാവസ്ഥ : അധികൃതരുടെ അവഗണന തുടരുന്നു.

തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ശോചനീയാവസ്ഥ : അധികൃതരുടെ അവഗണന തുടരുന്നു. നൂറ്റിഅമ്പതോളം വര്‍ഷം പഴക്കമുളള കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട രേഖകള്‍ സുരക്ഷാ ഭീതിയില്‍.
 

തളിപ്പറമ്പ് : ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടക്കുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ശോചനീയാവസ്ഥയില്‍. അടിസ്ഥാന സൗകര്യമില്ലാതെ ജീവനക്കാരും ഓഫിസിലെത്തുന്ന പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. 1865 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് 1884 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത്. തളിപ്പറമ്പ് നഗരമദ്ധ്യത്തില്‍ 28 സെന്റ് സ്ഥലത്ത് 134 വര്‍ഷം പഴക്കമുളള സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം നൂറ്റാണ്ടിന്റെ അവശതയും പേറിയാണ് നിലനില്‍ക്കുന്നത്.   ഈ കെട്ടിടത്തിലെ റിക്കാര്‍ഡ് മുറിയിലെ ചോര്‍ച്ച ഒഴിവാക്കാനായി ഓടിനു കീഴില്‍ ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിച്ചത് മാത്രമാണ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനി്ടയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനം.
                            1865 മുതലുളള റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആധാരപ്പകര്‍പ്പു വാല്യങ്ങള്‍കൊണ്ട് നിറഞ്ഞു കവിഞ്ഞ് സ്റ്റാഫ് റൂമിലും റിക്കോര്‍ഡ് സൂക്ഷിക്കേണ്ട അവസ്ഥയാണ്. 1988 ന് ശേഷമുളള രേഖകള്‍ മാത്രമാണ് ഡിജിറ്റല്‍ രേഖകളാക്കി സുക്ഷിക്കുന്നത്. അതിനു മുന്‍പുളള പഴയ ആധാരങ്ങളുടെ പകര്‍പ്പ് എടുക്കുവാന്‍ രേഖകള്‍ തിരയുന്നതിന് അകത്തു കടക്കാന്‍ പറ്റാത്ത അവസ്ഥയാണുളളത്. സ്റ്റാഫ് റൂമിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. വേനല്‍ക്കാലത്ത് പൊടിശല്ല്യവും മഴക്കാലത്ത് ചോര്‍ച്ചയും കാരണം കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും യാതൊരു സുരക്ഷിതത്വവുമില്ല. സബ് രജിസ്ട്രാറും ജൂനിയര്‍ സൂപ്രണ്ടും അഞ്ച് ക്ലര്‍ക്കുമാരും സ്ഥല സൗകര്യമില്ലാത്ത മുറിയില്‍ വീര്‍പ്പു മുട്ടുകയാണ്. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വെവ്വേറെ ടോയ്‌ലറ്റ് ഉണ്ടെങ്കിലും പൊതുജനങ്ങള്‍ക്കുളളത് ഉപയോഗശൂന്യമായ
നിലയിലാണുളളത്.
മറ്റുളളവയുടെ വാതിലുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയിലാണ്. ഇവിടേക്ക് വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കിലും സംഭരണിയോ വിതരണ സംവിധാനമോ ഇല്ല. ഇത് രജിസ്‌ട്രേഷനായി ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രാത്രികാലങ്ങളില്‍ നഗരത്തിലുളള ഭിക്ഷാടകരും മദ്യപാനികളും ഓഫിസ് വരാന്തയില്‍ അന്തിയുറങ്ങുകയും ഇവിടെ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്ന ശോചനീയാവസ്ഥയും നിലവിലുണ്ട്.

                                      തളിപ്പറമ്പ് എംഎല്‍എ മുന്‍കൈയ്യെടുത്ത് ഇവിടെ റവന്യൂ ടവര്‍ നിര്‍മ്മിക്കാനുളള നീക്കം നടത്തുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഭൂമിയില്‍ റവന്യൂ ടവര്‍ നിര്‍മ്മാണം നടത്തുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇതിന് സാധ്യത കുറവാണ്. താലൂക്ക് ഓഫിസ് വളപ്പില്‍ പുതിയ റവന്യൂ ടവര്‍ നിര്‍മ്മിച്ച് സബ് രജിസ്ട്രാര്‍ ഓഫിസ് അതിലേക്ക് മാറ്റുന്നതാണ് ഉത്തമം.നിലവിലുളള സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിലനിര്‍ത്തുകയും വേണം. കഴിഞ്ഞ മാര്‍ച്ച് മാസം ഒരു കോടിയിലേറെ രൂപയാണ് ഈ ഓഫിസിലെ വരുമാനം. കഴിഞ്ഞ വര്‍ഷം പതിനൊന്നരക്കോടിയോളം രൂപയും. ഇതില്‍ രേഖകളുടെ സൂക്ഷിപ്പ് ഫീസായി ഈടാക്കുന്ന വകയില്‍ മാത്രം മൂന്ന് കോടിയോളം രൂപയും ഉള്‍പ്പെടും. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ നവീകരണത്തില്‍ അവഗണന തുടരുമ്പോള്‍,  കാലപ്പഴക്കത്തില്‍ നശിച്ച വയറിങ്ങില്‍ മഴ വെളളമിറങ്ങി ഉണ്ടാകുന്ന വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടില്‍ തീപിടിച്ച് വിലപ്പെട്ട രേഖകള്‍ ഒരുപിടി ചാരമായാലുണ്ടാകുന്ന അരാജകത്വമാണ് നമ്മെ കാത്തിരിക്കുന്ന വലിയ ദുരന്തം.


പടം : നൂറ്റിഅമ്പതോളം വര്‍ഷം പഴക്കമുളള തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം. 


Wednesday, March 29, 2017

സംസ്ഥാനത്തെ മൂന്ന് വികസന പരിശീലന കേന്ദ്രങ്ങളും ഇനി കിലയുടെ മികവു കേന്ദ്രങ്ങള്‍.

സംസ്ഥാനത്തെ മൂന്ന് വികസന പരിശീലന കേന്ദ്രങ്ങളും ഇനി കിലയുടെ മികവു കേന്ദ്രങ്ങള്‍. 

കരിമ്പം വികസനപരിശീലന കേന്ദ്രം-ഇടിസി  ഇനി കില സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് ഓര്‍ഗാനിക് ഫാമിംഗ് ..



മറയുന്നത് ഒരു ഗ്രാമത്തിന്റെ ചരിത്രത്തോടൊപ്പം കൂടി ചേര്‍ന്ന പേര്. ഇടിസി.


ബൈജു ബികെ.

തളിപ്പറമ്പ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) സംസ്ഥാനത്ത് ദേശീയപ്രാധാന്യമുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, തൃശൂരിലെ മണ്ണൂത്തി, കണ്ണൂര്‍ ജില്ലയിലെ കരിമ്പം എന്നിവിടങ്ങളില്‍ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇടിസികളാണ് കില ഏറ്റെടുക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിശീലനങ്ങളാണ് നടക്കുക. കൊട്ടാരക്കരയില്‍ കില സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ഡവലപ്‌മെന്റ്‌സാമൂഹ്യ സാമ്പത്തിക വികസന കേന്ദ്രം, മണ്ണൂത്തിയില്‍ കില സെന്റര്‍ ഫോര്‍ ഗുഡ് ഗവേര്‍ണന്‍സ്‌സല്‍ഭരണകേന്ദ്രം, കരിമ്പത്ത് കില സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് ഓര്‍ഗാനിക് ഫാമിംഗ് എന്നിങ്ങനെ പേരുമാറ്റം പൂര്‍ത്തിയായി. 

   1952 ല്‍ ഗാന്ധിയന്‍ രീതിയില്‍ ഗ്രാമസേവകന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് കരിമ്പത്ത് ജില്ലാ കൃഷിഫാമിന് സമീപം സംസ്ഥാന പാതയോരത്ത് 25 ഏക്കറില്‍ ഗ്രാമസേവക് ട്രെയിനിംഗ് സെന്റര്‍ ജിടിസി ആരംഭിച്ചത്. പിന്നീട് വികസന പരിശീലന കേന്ദ്രം ഇടിസിയായി മാറി. എം.ടി.വാസുദേവന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഗ്രാമസേവക് പരിശീലനത്തിന് എത്തിയിരുന്നു. ഗാന്ധിയന്‍ ശൈലിയോട് പൊരുത്തപ്പെടാനാവാത്തതിനാല്‍ അദ്ദേഹം പിന്നീട് പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. 25 ഏക്കര്‍ സ്ഥലത്ത് നിലവില്‍ ഉള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മാറ്റി മാലിന്യ സംസ്‌ക്കരണത്തിനും ജൈവകൃഷിക്കുമുള്ള പരിശീലന കേന്ദ്രവും ഡമോണ്‍സ്‌ട്രേഷന്‍ സെന്ററും ആരംഭിക്കും.
മറയുന്നത് ഒരു ഗ്രാമത്തിന്റെ ചരിത്രത്തോടൊപ്പം കൂടി ചേര്‍ന്ന പേര്.. ഇടിസി ബസ്സ്‌റ്റോപ്പ്, ഇടിസി കൊ.ഓപ്പ് സ്റ്റോര്‍................ സ്ഥല നാമവുമായി ബന്ധപ്പെട്ട് ഇടിസി ഇനി ഓര്‍മ്മ...!ഒരുകാലത്ത് ഗ്രാമസേവകരായി ഇവിടെ ട്രെയിനിയായി എത്തുന്നവര്‍ ഈ ഗ്രാമത്തെ സേവിച്ചു തന്നെയാണ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നത്...
ഗ്രാമസേവകര്‍ കൃഷിപരിശീലനം നേടുന്നതിനായി ഉപയോഗപ്പെടുത്തിയ അഞ്ച് ഏക്കര്‍ വയല്‍ ഉള്‍പ്പെടെയാണ് ഇന്നത്തെ കരിമ്പം ഇടിസി. 65 വര്‍ഷം പഴക്കമുള്ള ഈ സ്ഥാപനത്തിന്റെ സമൂലമായ മാറ്റമാണ് കില ഏറ്റെടുക്കുന്നതോടെ നടക്കുക. ദേശീയതലത്തിലുള്ള മാലിന്യ നിര്‍മ്മാര്‍ജനജൈവകൃഷി പരിശീലന കേന്ദ്രമായി കരിമ്പം ഇടിസി മാറുന്നതോടെ അന്തര്‍ദേശീയ തലത്തിലുള്ള പരിശീലനത്തിന് ഇത് വേദിയാകും. കിലയുടെ ഡയരക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുമ്പായി ഇടിസികളുടെ മാറ്റം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഡോ.പി.പി.ബാലന്‍. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം  കരിമ്പം ഇടിസി സന്ദര്‍ശിക്കും.


Friday, March 24, 2017

ശ്രീകണ്ഠപുരം സബ്‌രജിസ്ട്രാഫീസിലെത്താന്‍ വളഞ്ഞു മൂക്കു പിടിക്കണം.

ശ്രീകണ്ഠപുരം സബ്‌രജിസ്ട്രാഫീസിലെത്താന്‍ വളഞ്ഞു മൂക്കു പിടിക്കണം.


ശ്രീകണ്ഠപുരം : രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ഹൈടെക് ആയി പ്രവര്‍ത്തിക്കുന്ന ശ്രീകണ്ഠപുരം സബ് രജിസ്ട്രാഫീസിലെത്താന്‍ ഉദ്യോഗസ്ഥരും ഇടപാടുകാരും ഏറെ ബുദ്ധിമുട്ടുന്നു. ശ്രീകണ്ഠപുരം ടൗണില്‍ നിന്നും വിളിപ്പാടകലെ കുന്നിന്‍ പുറത്തുള്ള ഈ ഓഫിസിലേക്ക് കമ്മ്യൂണിറ്റി ഹാള്‍ വഴി ചുറ്റി നിലവിലുള്ള ദുര്‍ഘടമായ റോഡിലൂടെയാണ് മലയോര ജനത തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ എത്തിപ്പെടുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫിസിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശ്രീകണ്ഠപുരത്തെ ജനകീയ ഡോക്ടര്‍ പി.കെ.പി.മുഹമ്മദ് സൗജന്യമായി നല്‍കിയ സ്ഥലത്ത് സര്‍ക്കാര്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിതത്. എന്നാല്‍ ഇവിടെ എത്തിച്ചേരാന്‍ റോഡ് സൗകര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിറ്റിഹാള്‍, മരമില്‍ വഴി റോഡ് നിര്‍മ്മിച്ചെങ്കിലും കയറ്റത്തോടെയുള്ള ഈ വഴിയിലൂടെ വളരെ പ്രയാസം സഹിച്ചാണ് ഇപ്പോള്‍ വാഹനങ്ങളില്‍ വൃദ്ധരായ കക്ഷികളെയടക്കം ഓഫിസിലെത്തിക്കുന്നത്. ദുരിതം സഹിച്ച് ഇവിടെ എത്തിക്കഴിഞ്ഞാന്‍ തന്നെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുവാനും ചായകുടിക്കാനും മറ്റ് ചെറിയ ആവശ്യങ്ങള്‍ക്ക് പോലും കുന്നിറങ്ങി പോകേണ്ട അവസ്ഥയാണ് നിലവിലുളളത്.
ശ്രീകണ്ഠപുരം അശോക ടാക്കീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ പടിഞ്ഞാറ് വശത്തുകൂടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തുകൂടി പുതിയ റോഡ് നിര്‍മ്മിച്ചാല്‍ ടൗണില്‍ നിന്നും നോക്കിയാല്‍ കാണുന്ന ഓഫിസിലേക്ക് ജനങ്ങള്‍ക്ക് എത്താന്‍ എളുപ്പത്തില്‍ കഴിയും. ഇതിന് നിലവിലുള്ള നഗരസഭയും ജനപ്രതിനിധിയും മുന്‍കയ്യെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികളുണ്ടാവണമെങ്കില്‍ ഭരണതലത്തില്‍ നയപരമായ തീരുമാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നാണ് ഇപ്പോഴത്തെ സബ് രജിസ്ട്രാര്‍ കെ.വി.ജയപ്രകാശ് പറയുന്നത്. 

Thursday, March 23, 2017

വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ച കിണറും പമ്പ് ഹൗസും പഞ്ചായത്തിന്റെ കുടിവെളള വിതരണ പോയിന്റാക്കിമാറ്റണം.

വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ച കിണറും പമ്പ് ഹൗസും പഞ്ചായത്തിന്റെ  കുടിവെളള വിതരണ പോയിന്റാക്കിമാറ്റണം.


അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. ലോകമെങ്ങും മനുഷ്യന്‍  കുടിനീരിനായി ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കണ്ടെത്തുകയും അവയുടെ ഉപയോഗം പുറത്തുകൊണ്ടുവരികയുമെന്ന ലക്ഷ്യത്തോടെ നിരവധി കര്‍മ്മ പരിപാടികളും നടത്തിവരികയാണ്. ഇത്തരം സന്ദര്‍ഭത്തിലും ആവശ്യത്തിന് ശുദ്ധജല ലഭ്യതയുളള കരിമ്പം പുഴയിലെ കിണറുപോലെയുളള ജലശ്രോതസുകള്‍ ഉപേക്ഷിക്കപ്പെടുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.


തളിപ്പറമ്പ് : ഓരോ തുളളി ജലവും അമൂല്ല്യമാണെന്നും അത് പാഴാക്കരുതെന്നുമുളള സന്ദേശമുയര്‍ത്തി ലോകമെങ്ങും ജലദിനമാചരിക്കുമ്പോള്‍ ഒരു നഗരത്തിനു മുഴുവന്‍ വര്‍ഷങ്ങളായി ശുദ്ധജലം നല്‍കിയിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസും അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി നശിക്കുന്നു. തളിപ്പറമ്പ് നഗരത്തിന് മുപ്പതു വര്‍ഷത്തോളം കുടിവെളളം നല്‍കിയ കരിമ്പം പുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കിണറിന്റെ അവസ്ഥ പരമ ദയനീയമാണ്. പമ്പ് ഹൗസിന്റെ വാതിലുകള്‍ പൊളിച്ചിട്ട നിലയിലാണ്. 40 എച്ച്പി യുടെ രണ്ട് മോട്ടോറുകളും അനുബന്ധമായ വിലപിടിപ്പുളള ഉപകരണങ്ങള്‍ക്കും യാതൊരു സംരക്ഷണവുമില്ല.

പുലതും നഷ്ടപ്പെട്ടു കഴിഞ്ഞു. ജപ്പാന്‍ കുടിവെളള പദ്ധതി കമ്മീഷന്‍ ചെയ്തതോടെ ഉപേക്ഷിക്കപ്പെട്ട പമ്പ് ഹൗസ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മദ്യക്കുപ്പികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ. 1987 ലാണ് തളിപ്പറമ്പ് നഗരത്തിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി കേരളാ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ കരിമ്പം പുഴയില്‍ കിണറും പമ്പ് ഹൗസും ചെക്ക് ഡാമും വിതരണ ശൃംഘലയും സ്ഥാപിച്ചത്. പിന്നീട് മുപ്പതു വര്‍ഷത്തോളം തളിപ്പറമ്പ് നഗരത്തിന് നിര്‍ലോഭം കുടിവെളളം നല്‍കിയ പദ്ധതി ജപ്പാന്‍ കുടിവെളള പദ്ധതി വന്നതോടെ ആര്‍ക്കും വേണ്ടാതായി. വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ചെങ്കിലും നാട്ടുകാരായ ചെറുപ്പക്കാര്‍ മുന്‍കൈയ്യെടുത്ത് ചെക്ക് ഡാമിന്റെ ഷട്ടറുകളിടുന്നതിനാല്‍ പുഴയില്‍ ആവശ്യത്തിന് വെളളമുണ്ട്. നാട്ടിലെങ്ങും കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോള്‍ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിയന്ത്രണം പഞ്ചായത്ത് ഏറ്റെടുത്ത്  കുടിവെളള വിതരണ പോയിന്റാക്കി മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സ്ഥിരമായി വരള്‍ച്ചയുളള സമീപ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ  മേല്‍നോട്ടത്തില്‍ ജല വിതരണ ശൃംഘല

സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഭൂമിയില്‍ ലഭ്യമായ ജലത്തിന്റെ സംരക്ഷണവും ലഭ്യതയും ഉറപ്പു വരുത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും നിരവധി കര്‍മ്മ പരിപാടികളുമായി മുന്നേട്ട് പോകുമ്പോഴും ആവശ്യത്തിന് ശുദ്ധജല ലഭ്യതയുളള കരിമ്പം പുഴയിലെ കിണറുപോലെയുളള ജലശ്രോതസുകള്‍ ഉപേക്ഷിക്കപ്പെടുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.


പടം : 

1 വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസിന്റെയും വാതില്‍ തകര്‍ത്ത നിലയില്‍. 

2 സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയ പമ്പ് ഹൗസിന്റെ ഉള്‍വശം.

വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസും