ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...
Showing posts with label കാര്‍ഷികം. Show all posts
Showing posts with label കാര്‍ഷികം. Show all posts

Wednesday, June 28, 2017

മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍.

പഞ്ചായത്ത് പണം നല്‍കിയില്ല ;

 മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ  മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍.


തളിപ്പറമ്പ്: മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍, നാടെങ്ങും മഴവെള്ളം കരുതിവെക്കാനും പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുമ്പോഴും മഴവെളള സംഭരണിയോടുളള അവഗണനയില്‍ പ്രതിഷേധമുയരുന്നു. മഴ തിമിര്‍ത്തുപെയ്യേണ്ട ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ പോലും കൊടുംചൂടിനെ പഴിച്ച് ജീവിക്കേണ്ടിവന്ന ഒരു ജനത വേനല്‍കാലത്ത് അനുഭവിച്ച ദുരിതം ആവര്‍ത്തിക്കാതിരിക്കാന്‍ മഴവെള്ളം കരുതിവെക്കാനും പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുമ്പോഴും അവഗണനയുടെ സ്മാരകമാകുകയാണ് പാതി പണി തീര്‍ന്ന മാങ്ങാട് കെഎപി ക്യാംപിലെ മഴവെളള സംഭരണി. കല്ല്യാശേരി പഞ്ചായത്ത് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് 25ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള മഴവെളള സംഭരണി നിര്‍മ്മാണം ആരംഭിച്ചത്. ജില്ലയിലെ മികച്ച കൃഷിത്തോട്ടത്തിനുളള കൃഷി വകുപ്പിന്റെ ഇത്തവണത്തെ അവാര്‍ഡ് ലഭിച്ച മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ രണ്ടരയേക്കര്‍ ജൈവ പച്ചക്കറികൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുപ്പത് മീറ്റര്‍ നീളത്തില്‍ ഇരുപത്തിഏഴു മീറ്റര്‍ വീതിയില്‍ നാലു മീറ്റര്‍ ആഴമുളള മഴവെളള സംഭരണി നിര്‍മ്മിക്കുന്നതിന് കല്ല്യാശേരി പഞ്ചായത്ത് ആറ്‌ലക്ഷം രൂപയാണ് നീക്കി വച്ചത്.  പരിശീലനത്തിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനു തടസ്സംവരാതെ ഒഴിവു സമയങ്ങളില്‍ ശ്രമദാനം നടത്തിയും, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയും മഴവെളള സംഭരണി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പാറ വില്ലനായത്. മനുഷ്യാധ്വാനം കൊണ്ട് ഇത് നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ജെസിബി ഉപയോഗിച്ച് പാറ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ യന്ത്രമുപയോഗിച്ചുളള പ്രവര്‍ത്തിക്ക് ഫണ്ട്

അനുവദിക്കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതോടെയാണ് മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍നിന്നുപോയത്. ഇതോടെ ഇതിനു ചെലവായ അറുപത്തിഅയ്യായിരത്തോളം രൂപ പ്രവര്‍ത്തനങ്ങല്‍ക്ക് മേല്‍നോട്ടം ഉദ്യോഗസ്ഥന്‍ നല്‍കേണ്ടതായി വന്നു. ഇതോടെ നിര്‍മ്മാണവും നിലച്ചു. സംഭരണിക്ക് സമീപത്ത് പെയ്യുന്ന മഴവെളളം സംഭരണിയിലെത്തിക്കാനുളള സംവിധാനവും മേല്‍്ക്കൂരയുടെ നിര്‍മ്മാണവുമാണ് ബാക്കിയുളളത്. മഴവെള്ളം കരുതിവെക്കാനും അവ പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആരംഭിക്കേണ്ടത് ഇനിയൊരു മഴക്കാലവും കഴിഞ്ഞ്, ചൂട് തൊണ്ടയെ തൊടുമ്പോഴല്ല. മഴ പെയ്തു തുടങ്ങുമ്പോഴാണ്. മഴവെള്ളം കരുതി വെക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ നാളെ തൊണ്ട നനക്കാന്‍ കൂടി ഒരു തുള്ളി വെള്ളമില്ലാതെ അലയുന്ന കാഴ്ച്ച വിദൂരമല്ല.


പടം : മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയ മഴവെളള സംഭരണി. 



Sunday, March 19, 2017

ഏഴ് സെന്റ് ഭൂമിയില്‍ കാര്‍ഷിക വിപ്ലവം തീര്‍ത്ത് രൂപേഷ്



ഏഴ് സെന്റ് ഭൂമിയിലെ കാര്‍ഷിക വിപ്ലവം. 

ബൈജു ബികെ.


തളിപ്പറമ്പ് : ഏഴ് സെന്റ് ഭൂമിയില്‍ കാര്‍ഷിക വിപ്ലവം തീര്‍ക്കുകയാണ് കരിമ്പം മയങ്ങീല്‍ സ്വദേശിയായ രൂപേഷ് എന്ന യുവാവ്. സമീകൃതവും പരസ്പരാശ്രയവുമായ കാര്‍ഷിക രീതിയാണ് രൂപേഷ് പരീക്ഷിക്കുന്നത്. കൃഷി ഇയാള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗമല്ല. കാര്‍ഷിക വൃത്തിയിലൂടെ ലഭിക്കുന്ന സംതൃപ്തിയും കാര്‍ഷിക മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതോടൊപ്പം അവനവന് ആവശ്യമുളള പച്ചക്കറികള്‍ തികച്ചും ജൈവരീതിയില്‍ കുറഞ്ഞ സ്ഥലത്തും ചെയ്യാമെന്നുളള സന്ദേശവുമാണ് ഇതിലൂടെ ഈ യുവാവ് നല്‍കുന്നത്. ഇല്ലാത്ത വിളകള്‍ കുറവാണ്. ചീര, വെണ്ട, കോവക്ക, തക്കാളി, പയര്‍, അവരവാള്‍, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, റംബൂട്ടാന്‍, റെഡ്‌ലേഡി പപ്പായ, സപ്പോട്ട, മാവ്, മുരിങ്ങ, വാഴ, മധുരകിഴങ്ങ്, ഇന്‍ഡോര്‍ മംഗള കവുങ്ങ് ഇങ്ങനെ പോകുന്നു 7 സെന്റിലെ വിളകളുടെ ലിസ്റ്റ്. എല്ലാം പരസ്പരം ആശ്രയിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കവുങ്ങിന്റെ ചുവടില്‍ ചീരയും റെഡ്‌ലേഡി പപ്പായും, വാഴയുടെ ചുവടില്‍ മധുരകിഴങ്ങ് എന്നിങ്ങനെയാണ് രൂപേഷിന്റെ രീതി.
ഇങ്ങനെ തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ വളങ്ങളായ ചാണകപ്പൊടിയും മണ്ണിരകമ്പോസ്റ്റും ജൈവ കീട നാശിനികളായ പുകയില കഷായവും വെളുത്തുളളി ലായനിയും വെളളവും ഓരോ വിളകള്‍ക്കും പ്രത്യേകമായി നല്‍കേണ്ട ആവശ്യമില്ലെന്ന് രൂപേഷ് പറയുന്നു. കരിമ്പം ഫാമിലെ തൊഴിലാളിയായ രൂപേഷ് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് കൃഷിക്കായി സമയം കണ്ടെത്തുന്നത്. രുപേഷിന്റെ കരവിരുതില്‍ ഫാമില്‍ ഒരുക്കിയ പൂന്തോട്ടവും ശില്‍പ്പങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വരുന്ന ഓണത്തിന് വിതരണം ചെയ്യുന്നതിനായി മെയ് മാസത്തോടെ 7 സെന്റിലും ചെണ്ടുമല്ലിക വിത്തിറക്കാനുളള തയ്യാറെടുപ്പിലാണ് രൂപേഷ്.





 


Sunday, February 19, 2017

കീഴാറ്റൂര്‍ വയലില്‍ കൊയ്ത്തുത്സവം ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കീഴാറ്റൂര്‍ വയലില്‍ കൊയ്ത്തുത്സവം ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : കീഴാറ്റൂര്‍ വയലിലെ നെല്‍ കൃഷിയില്‍ നൂറു മേനി വിളവ്. ആവേശമുണര്‍ത്തിയ കൊയ്ത്തുത്സവം ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. 47 പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മയാണ് 65 ഏക്കറില്‍ പൊന്നുവിളയിച്ചത്. നൂറുമേനിയുടെ നിറവില്‍ നില്‍ക്കുമ്പോഴും ഈ 65 ഏക്കര്‍ പാടശേഖരം ഇല്ലാതാക്കിയാണ് നിര്‍ദ്ധിഷ്ട കുപ്പം കുറ്റിക്കോല്‍ ബൈപ്പാസ് കടന്നു പോകുകയെന്നത് കര്‍ഷകകൂട്ടായ്മയില്‍ ആശങ്കയുണര്‍ത്തുന്നു. കീഴാറ്റൂര്‍ വയലില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി നാട്ടുകാരുടെയും കര്‍ഷകരുടെയും ഒന്നിച്ച് പാടത്തിറങ്ങിയ ജയിംസ് മാത്യു   എംഎല്‍എ യും ആവേശത്തിലായിരുന്നു. ജ്യോതി, പുഞ്ച, ഏഴോം വിത്ത് എന്നീ ഇനങ്ങള്‍ക്കു പുറമെ നെയ്‌ച്ചോര്‍ ഉണ്ടാക്കുന്ന അരിയുടെ നെല്‍ വിത്തുമാണ് ഇവിടെ വിതച്ചിരുന്നത്്. എല്ലാ ഇനത്തിനും ഇത്തവണ നൂറുമേനിവിളവ് ലഭിച്ചുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കീഴാറ്റൂര്‍ പാടശേഖരം ഇല്ലാതാക്കി നിര്‍ദ്ധിഷ്ട കുപ്പം കുറ്റിക്കോല്‍ ബൈപ്പാസ് കടന്നു പോകുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ നടന്നുവരുമ്പോള്‍ കീഴാറ്റൂര്‍ വയലിലെ നൂറു മേനി വിളവ് അധികാരികളില്‍ തിരിച്ചറിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ടി.വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി. ശശീന്ദ്രന്‍, കൃഷി ഓഫിസര്‍ നാരായണന്‍ നമ്പൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ പി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.


പടം : കീഴാറ്റൂര്‍ വയലിലെ കൊയ്ത്തുത്സവം ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 


Monday, November 21, 2016

വേനല്‍ കടുപ്പമേറും ; നാട്ടിന്‍പുറങ്ങളില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു.


വേനല്‍ കടുപ്പമേറും ; നാട്ടിന്‍പുറങ്ങളില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു. 

തളിപ്പറമ്പ് : മഴയുടെ ലഭ്യത കുറഞ്ഞതും തുലാമഴ ലഭിക്കാത്തതും ഇത്തവണത്തെ വേനലില്‍ ജലക്ഷാമം രൂക്ഷമാകും എന്ന കണക്കുകൂട്ടലില്‍ നാട്ടിന്‍പുറത്തെ തോടുകളിലും, നീര്‍ച്ചാലുകളിലും തടയണനിര്‍മ്മാണം തകൃതിയായി നടക്കുന്നു. തുലാവര്‍ഷത്തെ കാത്തിരുന്നാല്‍ ഇപ്പോഴുള്ള വെള്ളവും നഷ്ടമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ജലക്ഷാമം മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജലസംരക്ഷണത്തിനായി കര്‍ശന നിര്‍ദ്ദേശം കൊടുത്തതോടെ വാര്‍ഡ് തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. സന്നദ്ധ സംഘടനകളും, സ്വാശ്രയ സംഘം, കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍മ്മാണ പ്രവര്‍ത്തിക്ക്  പിന്തുണയുമായി രംഗത്തുണ്ട്. കുറുമാത്തൂര്‍ പഞ്ചായത്തിലെ വാര്‍ഡ്‌ 15-ല്‍ ചവനപ്പുഴ ഭാവന, യുവ സ്വാശ്രയസംഘത്തിന്റെയും, നാട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ തോടുകളില്‍ അഞ്ചോളം തടയണകള്‍ നിര്‍മ്മിച്ചു. നിര്‍്മ്മാണ പ്രവര്‍ത്തി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.ലക്ഷ്മണന്‍, ടി.ചന്ദ്രന്‍, പി.പി.സജീവന്‍ സംസാരിച്ചു. 


പടം : ചവനപ്പുഴയിലെ തോടുകളില്‍ തടയണ നിര്‍മ്മിക്കുന്ന പ്രവര്‍ത്തി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ.വി.നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.


Saturday, November 12, 2016

തുലാമഴ ചതിച്ചു; കര്‍ഷകര്‍ക്ക് കണ്ണീര്‍ മഴ.

തുലാമഴ പ്രതീക്ഷിച്ച്  വിത്തുപാകിയ കര്‍ഷകര്‍ക്ക്  കണ്ണീര്‍മഴ. 

ബൈജു ബികെ തളിപറമ്പ്

തളിപ്പറമ്പ് : വിളയിറക്കാന്‍ നേരമായി, പാടത്ത് വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു. ഏഴോം അടുത്തില പാടശേഖരത്തിലെ ഏക്കറുകളോളം വരുന്ന പാടത്ത് രണ്ടാം വിള കൃഷിയിറക്കാനായി കാത്തിരിക്കുന്ന 64ഓളം കര്‍ഷകരെയാണ് തുലാമഴ ചതിച്ചത്. വര്‍ഷകാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമായതിനാല്‍ ഒന്നാംവിള ഇവിടെ കാര്യമായി നടത്താറില്ല.രണ്ടാം വിളയിലാണ് പുര്‍ണ്ണതോതില്‍ കൃഷിയിറക്കുന്നത്. തുലാമഴ പ്രതീക്ഷിച്ച് വിത്തിട്ടു, വയലൊരുക്കി നടീലിന് പാകമായ ഞാറ് പറിച്ച് നടേണ്ട സമയമായിട്ടും, മഴ ലഭിക്കാതെ കടുത്ത വെയിലില്‍ ഉണങ്ങി വിണ്ടുകീറിയ നിലയിലാണ് പാടങ്ങള്‍. 


വിണ്ടുകീറിയ പാടത്ത്  വെള്ളമെത്തിക്കാനുള്ള വഴിയില്ലാതെ ഉഴലുകയാണ് ഏഴോത്തെ കര്‍ഷകര്‍. സമീപത്ത് ലഭ്യമായ ജലസ്രോതസുകളില്‍ ഉപ്പു വെളളമാണ് ഇത് കൃഷിക്ക് അനുയോജ്യമല്ലാത്തതാണ് ഇതിനു കാരണം.ഇവരെ സഹായിക്കാനാകാതെ നിസ്സഹായവസ്ഥയിലാണ് കൃഷി വകുപ്പ്.  പാടശേഖരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഫീല്‍ഡ് അസിസ്റ്റന്‍ഡുമാര്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കൃഷിഓഫിസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  ഇത് സര്‍ക്കാരിന് മുന്നിലെത്തിയാലും,  ഇന്‍ഷുറന്‍സ് ഇനത്തില്‍ വിത്തിനു ചെലവായ നാമമാത്ര തുക മാത്രമെ നഷ്ടപരിഹാരം മാത്രമേ 


ലഭിക്കുകയുള്ളൂ.വരള്‍ച്ചാബാധിത കേന്ദ്രങ്ങള്‍ക്ക് അര്‍ഹമായ കേന്ദ്ര പാക്കേജുകള്‍ ലഭിക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും ഇത് സംബസിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നും വന്നിട്ടില്ല.ഭരണ തലത്തില്‍ തരിശു രഹിത വയലുകള്‍ക്കായി നല്ല പ്രോത്സാഹനങ്ങള്‍ ലഭിക്കുമ്പോഴും കാലാവസ്ഥയുടെ തിരിച്ചടിയില്‍ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

 പടം : ഏഴോം അടുത്തില പാടശേഖരത്തില്‍ പറിച്ചു നടാന്‍ പാകമായ ഞാറും, കടുത്ത വെയിലില്‍ ഉണങ്ങി വരണ്ട പാടവും.


Monday, October 24, 2016

ഒരു വീട്ടില്‍ ഒരു പാഷന്‍ഫ്രൂട്ട്. കരിമ്പം ഫാമില്‍ പാഷന്‍ഫ്രൂട്ട് തൈകള്‍ തയ്യാറായി.

ഒരു വീട്ടില്‍ ഒരു പാഷന്‍ഫ്രൂട്ട്. കരിമ്പം ഫാമില്‍ പാഷന്‍ഫ്രൂട്ട് തൈകള്‍ തയ്യാറായി.


ബൈജു ബികെ 

തളിപ്പറമ്പ് : ഒരു വീട്ടില്‍ ഒരു പാഷന്‍ഫ്രൂട്ട് എന്ന പദ്ധതിയില്‍ വിതരണത്തിനായി കരിമ്പം ഫാമിലെ നര്‍സറിയില്‍ 25000 പാഷന്‍ഫ്രൂട്ട്  തൈകള്‍ ഒരുങ്ങി. പാഷന്‍ഫ്രൂട്ട് കൃഷി വ്യാപകമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് ചെടികള്‍ വിതരണം ചെയ്യുന്നത്. മണിപ്പൂരില്‍ വ്യാപകമായ തോതില്‍ കൃഷിചെയ്യുന്ന കാവേരി എന്ന ഇനത്തില്‍പ്പെട്ട പാഷന്‍ഫ്രൂട്ടിന്റെ വിത്തുകളാണ് നെല്ലിയാമ്പതി സര്‍ക്കാര്‍ പാഷന്‍ഫ്രൂട്ട് തോട്ടത്തില്‍ നിന്നും ഇവിടെ എത്തിച്ച് ഇവിടെ വളര്‍ത്തിയെടുത്തിരിക്കുന്നത്. പ്ലാന്റേഷന്‍ കേര്‍പറേഷന്റെ ചീമേനി, നാടുകാണി എസ്‌റ്റേറ്റുകളില്‍ രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാഷന്‍ഫ്രൂട്ട് കൃഷി വന്‍വിജയമായതിന്റെ ചുവടുപിടിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് കരിമ്പം ഫാമില്‍ ഒന്നരയേക്കര്‍ ഭൂമിയില്‍ പുതുതായി ശാസ്ത്രീയ പാഷന്‍ഫ്രൂട്ട് കൃഷിയും ആരംഭിച്ചുകഴിഞ്ഞു. അടുത്തവര്‍ഷം ഇത് അഞ്ചേക്കര്‍ സ്ഥലത്തേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഉദ്ധേശിക്കുന്നത്. പാഷന്‍പ്രൂട്ട് സംസ്‌ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ ജ്യൂസ്, ജെല്ലീ എന്നിവ നിര്‍മിച്ച് വിപണനം നടത്താനും ആലോചനയുണ്ടെന്ന് ഫാം അധികൃതര്‍ പറഞ്ഞു. ഇതിനുവേണ്ടി കെട്ടിടവും ഉപകരണങ്ങളും സ്ഥാപിക്കുകയും തൊഴിലാളികള്‍ക്ക് പരിശീലനവും നല്‍കിക്കഴിഞ്ഞു. പഴസംസ്‌ക്കരണയൂണിറ്റ് ആരംഭിക്കുന്നതോടെ ഫാമിലെ ചക്ക, മാങ്ങ എന്നിവയും സംസ്‌ക്കരിക്കാന്‍ സാധിക്കും.ഈ രംഗത്തെ കുത്തകക്കാരായ പ്ലാന്റേഷന്‍ കോര്‍പറേഷനാവട്ടെ ജ്യൂസ് രൂപത്തില്‍ മാത്രമാണ് ഇത് വില്‍പ്പന നടത്തുന്നത്.



 ഒരു വര്‍ഷം കൊണ്ടുതന്നെ വിളവുതരുന്ന പാഷന്‍ഫ്രൂട്ട് തൈകള്‍ വ്യാപകമായി വിതരണം ചെയ്യുന്നതോടെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍ സംസ്‌ക്കരണയൂണിറ്റിലേക്ക് വിലകൊടുത്തു വാങ്ങുവാനും കഴിയും. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ പാഷന്‍ഫ്രൂട്ടിന് സാധിക്കുമെന്ന ശാസ്ത്രീയമായ കണ്ടെത്തല്‍ പുറത്തുവന്നതോടെ കിലോവിന് 80 രൂപയ്ക്കാണ് പാഷന്‍ഫ്രൂട്ട് ഇപ്പോള്‍ പൊതുവിപണിയില്‍ വില്‍പ്പന നടത്തുന്നത്. വന്‍ ഡിമാന്റാണ് പഴങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. തൈകള്‍ ആവശ്യമുള്ളവര്‍ കരിമ്പം ജില്ലാ കൃഷിഫാമിന്റെ വില്‍പ്പന കൗണ്ടറുമായി ബന്ധപ്പെടണം. ഫോണ്‍-0460-2249608.

പടം-കരിമ്പം ഫാമില്‍ വില്‍പ്പനക്ക് തയ്യാറായ പാഷന്‍ഫ്രൂട്ട് തൈകള്‍.


Saturday, October 22, 2016

കരിമ്പം ജില്ലാ കൃഷിഫാമില്‍ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് തുടക്കമായി.


സന്ദര്‍ശകരെ കാത്ത് കരിമ്പം ജില്ലാ കൃഷിഫാമിലെ ഔഷധ സസ്യശേഖരം. 


തളിപ്പറമ്പ : സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനായി മാറിയേക്കാവുന്ന രീതിയില്‍ കരിമ്പം ജില്ലാ കൃഷിഫാമിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് തുടക്കമായി. തുടക്കത്തില്‍ ആയിരത്തോളം സസ്യങ്ങളാണ് പ്രത്യേക ചെടിച്ചട്ടികളില്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. 1904 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിച്ച ഫാമിനകത്ത് ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്ന ചോലമൂലയില്‍ ആയിരക്കണക്കിന് സസ്യങ്ങളുടെ വന്‍ ശേഖരമാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. വര്‍ഷങ്ങളായി പകല്‍ സമയത്ത് പോലും ആളുകള്‍ പോകാന്‍ മടിക്കുന്ന ചോലമൂലയിലെ ഔഷധസസ്യ കലവറ കണ്ടെത്തി ഫാം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി അവ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് ഫാമിലെ മുന്‍ മേസ്ത്രിയും പാരമ്പര്യ വൈദ്യനുമായിരുന്ന വി.വി.രാമന്റെ മകനും ഫാം ജീവനക്കാരനുമായ വി.വി രാജുവും സഹപ്രവര്‍ത്തകനായ വി.വി രൂപേഷുമാണ്.


 കൊടും വനത്തിന്റെ അന്തരീക്ഷം നിറഞ്ഞ ചോലമൂലയില്‍ വളരുന്ന ഔഷധ സസ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ ഏറെ പ്രയാസമനുഭവിച്ചെന്ന് ഇവര്‍ പറയുന്നു. ഇതുവരെ ആയിരത്തോളം ഔഷധ സസ്യങ്ങള്‍ കണ്ടെത്തുകയും, എണ്ണൂറോളം ചെടികള്‍ ഇതിനകം പ്രത്യേക ചട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു കഴിഞ്ഞു. കൂടുതല്‍ സസ്യങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.ഇപ്പോള്‍ ഫാമിലെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്തുകൊണ്ട് വിവിധ ഔഷധ സസ്യങ്ങള്‍ നടന്നുകണ്ട് പരിചയപ്പെടാനുള്ള രീതിയില്‍ ഗ്രീന്‍ ഹൗസിനു സമീപത്തായാണ് ക്രമീകരിച്ചിരിക്കുന്നത്.ചെടികളുടെ പേര്, ശാസ്ത്രീയനാമം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. സംരക്ഷിക്കുന്നതോടൊപ്പം ഇവയുടെ കൂടുതല്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള പദ്ധതികളും ഫാം അധികൃതര്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നവയുമായ മരവുരി, പുത്രന്‍ജീവ, വെള്ളോടല്‍, ഗുഗ്ഗുലു, കടുക്ക, കരിങ്ങാലി, വെള്ളപൊയില്‍, മലവേപ്പ്, ചതുരമുല്ല, കുടല്‍ചുരുക്കി, രുദ്രാക്ഷം, ഭദ്രാക്ഷം, ഗരുഡപ്പച്ച, നാഗലിംഗമരം,വള്ളിക്കാഞ്ഞിരം, വേര്‍മരുന്ന്്്, കര്‍പ്പൂരം, വിഴാലരി, പൂവരശ്, കൃഷ്ണപ്പച്ച, തുളസിവെറ്റില, ലന്ത, മുള്ളമൃത് എന്നിവ ശേഖരത്തിലെ പ്രധാനികളാണ്. ഇനിയും ആയിരത്തിലേറെ സസ്യങ്ങള്‍ തിരിച്ചറിയാത്തതായി ചോലമൂലയിലെ ജൈവവൈവിധ്യ കേന്ദ്രത്തലുണ്ട്. അവയെല്ലാം തന്നെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് ചട്ടികളിലാക്കി സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. പല സസ്യങ്ങളുടേയും പേരുകള്‍ കണ്ടെത്തുന്നതിന് പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സമഗ്ര ഗ്രന്ഥവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വര്‍ഷത്തിനകം എല്ലാ ഔഷധ സസ്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് ഫാം അധികൃതരുടെ കണക്കുകൂട്ടല്‍. ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ മികച്ച ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കരിമ്പം ഫാമില്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. 


പടം : കരിമ്പം ജില്ലാ കൃഷിഫാമില്‍ പ്രദര്‍ശനത്തിന് ഒരുക്കിയ ഔഷധ സസ്യങ്ങള്‍.
കരിമ്പം ഫാമിനുള്ളിലെ ജൈവവെവിധ്യ കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ ഔഷധ സസ്യങ്ങളെ ചെടിച്ചട്ടികളിലാക്കി പ്രദര്‍ശനത്തിന് ഒരുക്കുന്ന രാജു.


Monday, October 10, 2016

പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ മടക്കത്തിന്‍റെ പുതിയ അദ്ധ്യായം രചിച്ച് അതികുളത്തിന് പുനര്‍ജ്ജന്മം.

പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ  മടക്കത്തിന്‍റെ പുതിയ അദ്ധ്യായം രചിച്ച് അതികുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

 അതികുളം 


തളിപ്പറമ്പ് : പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ മടക്കത്തിന്‍റെ പുതിയ അദ്ധ്യായം രചിച്ച് അതികുളത്തിന് പുനര്‍ജ്ജന്മം.ഒരു നാടിന്‍റെ നിശ്ചയദാര്‍ഢ്യവും ജനപ്രതിനിധികളും സര്‍ക്കാരും കൈകോര്‍ത്തപ്പോള്‍ ഏറെക്കാലം പച്ചക്കറി കൃഷിയിടമായിരുന്ന സ്ഥലം നാടിന്‍റെ കാര്‍ഷിക മേഖലക്ക് ഏറെ ഗുണകരമാകുന്ന ജലസംഭരണിയായി മാറി. ആന്തൂര്‍ നഗരസഭയിലെ പാളിയത്ത്‌വളപ്പ് വാര്‍ഡിലുളള കുളത്തിന് ഒരേക്കറോളം വിസ്തൃതിയുണ്ട്.  ആദികുളങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിന്‍റെ അധീനതയിലായിരുന്ന കുളം നാട്ടുകാര്‍ ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പുനരുദ്ധരിച്ചത്.  മോറാഴ മുതല്‍ പണ്ണേരി വരെ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ പാടശേഖരത്തിന്‍റെ വലിയൊരുഭാഗം ജലസേചന സൗകര്യമില്ലാത്തത് മൂലം വര്‍ഷങ്ങളായി തരിശിട്ടുവരികയായിരുന്നു.  മുന്‍ എംഎല്‍എ സി.കെ.പി.പത്മനാഭനാണ് നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതികുളത്തിന്റെ പുരുദ്ധാരണത്തിന് ആദ്യമായി അഞ്ച് ലക്ഷം രൂപ തന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇതുപയോഗിച്ച് കുളത്തിന്‍റെ പടിഞ്ഞാറുഭാഗം ഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്തി. തുടര്‍ന്ന്  വന്ന  ജയിംസ്മാത്യു എംഎല്‍എ തളിപ്പറമ്പ് നിയോജക മണ്ഡലം തരിശുരഹിത മണ്ഡലമാക്കി മാറ്റുന്നതിനായി  വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മൂന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള അതികുളം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ടുവെച്ചത്. 


  എംഎല്‍എ ചെറുകിട ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് കുളം പുനരുദ്ധാരണത്തിന് പദ്ധതി ആവിഷ്‌ക്കരിക്കുകയായിരുന്നു. കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.സുഹാസിനിയുടെ നേതൃത്വത്തിലാണ് കുളത്തിന്‍റെ നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുകയും, ഇതിനായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസം കൊണ്ടുതന്നെ പൂര്‍ത്തീകരിച്ചു. ഏക്കര്‍ കണക്കിന് സ്ഥലത്ത് ഈ കുളത്തിലെ വെള്ളം ഉപയോഗിച്ച് മൂന്നാം വിള നെല്‍കൃഷി നടത്താനും പച്ചക്കറി കൃഷി നടത്താനും സാധിക്കും. 65 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള കുളത്തിന് അഞ്ചര മീറ്റര്‍ ആഴമുണ്ട്. നിലവിലുണ്ടായിരുന്ന കുളം ഒന്നര മീറ്ററോളം ആഴം കൂട്ടി. പുറമെ നിന്ന് മഴവെള്ളം ഒഴുകിയിറങ്ങാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കക്കാട് ബില്‍ഡേഴ്‌സാണ് റിക്കാര്‍ഡ് വേഗത്തില്‍ കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എഴുന്നൂറോളം ലോഡ് മണ്ണാണ് കുളത്തില്‍ നിന്നും എടുത്തുമാറ്റിയത്. നാലുഭാഗത്തും ചെങ്കല്ലുകള്‍ പാകിയും ചുറ്റുമതില്‍ നിര്‍മ്മിച്ചും ഭംഗിയാക്കിയിട്ടുണ്ട്.
 മനോഹരമായ ഈ ജലാശയത്തിന് ചുറ്റിലും ഇരിപ്പിടവും പൂന്തോട്ടവും നിര്‍മ്മിക്കാനും സോളാര്‍ ലൈറ്റുകള്‍ ഘടിപ്പിക്കാനും ഉദ്ദേശമുണ്ട്. ആന്തൂര്‍ പ്രദേശത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ക്ക് സായാഹ്നത്തില്‍ സമയം ചെലവഴിക്കാനുള്ള കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റിയെടുത്ത് പ്രാദേശിക ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള ശ്രമവും നടന്നു വരുന്നുണ്ട്.
  പുനരുദ്ധരിക്കപ്പെട്ട അതികുളം 16 ന് രാവിലെ ഒമ്പതിന് ജയിംസ്മാത്യു എംഎല്‍എ നാടിന് സമര്‍പ്പിക്കും. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ.ശ്യാമള അധ്യക്ഷത വഹിക്കും. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.സുഹാസിനി, പി.വി.ബാബുരാജ്, പി.പി.ഉഷ, എ.പ്രിയ, ടി.ലത, എസ്.രാജന്‍, കെ.ഗണേശന്‍, ഒ.സി.പ്രദീപ്കുമാര്‍, എം.ഇ.കെ.അനീഷ്‌കുമാര്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.


Friday, August 19, 2016

യുവാക്കളെ ആകര്‍ഷിക്കാന്‍ 'ആര്യ' വരുന്നു.

യുവാക്കളെ ആകര്‍ഷിക്കാന്‍ 'ആര്യ' വരുന്നു.

ബൈജു ബി കെ 

തളിപ്പറമ്പ്: യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും, ഉല്‍പ്പാദന-സംസ്‌ക്കരണ-വിപണന രംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതിനുമായി ആര്യ പദ്ധതി നടപ്പിലാക്കുന്നു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-ഐസിഎആര്‍ ആവ്ഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന  പദ്ധതിക്ക് ആര്യ -അട്രാക്ടിങ്ങ് ആന്റ് റീട്ടെയിനിംഗ് യൂത്ത് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തുടക്കത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരു ജില്ലയിലാണ് ഇത് നടപ്പിലാക്കുന്നത്.കേരളത്തില്‍ ഇത് കണ്ണൂര്‍ ജില്ലയിലാണ് നടപ്പിലാക്കുക. 


ഇതിനായി  ഇന്ത്യിലെ തന്നെ മികച്ച കൃഷിവിജ്ഞാന കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ  പന്നിയൂര്‍  കൃഷിവിജ്ഞാന കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.  ഗ്രാമീണ മേഖലയിലെ 18 മുതല്‍ 40 വയസുവരെ പ്രായമുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. 200-300 ആളുകളുള്ള ഗ്രൂപ്പ് വികസിപ്പിച്ചെടുക്കുകയും, ഉല്‍പ്പാദനം-സംസ്‌ക്കരണം-വിപണനം എന്നീ മേഖലകളില്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ഒരു കോടി രൂപയാണ്  ഐസിഎആര്‍ ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ തേങ്ങ, ചക്ക എന്നീ രണ്ട് കാര്‍ഷികവിളകളാണ് ആര്യ പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ നടീല്‍, വിളവെടുപ്പ്, സംസ്‌ക്കരണം, മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്‍പ്പാദനം എന്നിവ പൂര്‍ണ്ണമായും ഈ സംഘം തന്നെയാണ് നിര്‍വ്വഹിക്കുക. 

ഇവര്‍ക്ക് അതിനു വേണ്ട എല്ലാ സാങ്കേതിക-സാമ്പത്തിക സഹായങ്ങളും കൃഷി വിജ്ഞാന കേന്ദ്രം ലഭ്യമാക്കും. ആവശ്യമായ എല്ലാ പരിശീലനങ്ങളും ഐസിഎആര്‍ യുവാക്കള്‍ക്ക് നല്‍കും. മികച്ച സംരംഭകരായി ഇവരെ മാറ്റിയെടുക്കുന്ന പദ്ധതി അടുത്തമാസം അവസാനം ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാനാണ് കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കൃഷി ഒരു സ്വയം തൊഴിലായി ഏറ്റെടുക്കാന്‍ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ അന്തസ് ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള ഈ മാതൃകാ പദ്ധതി ഓരോ സംസ്ഥാനങ്ങളിലേയും രണ്ട് പ്രധാന കാര്‍ഷിക വിളകളെ മുന്‍നിര്‍ത്തിയാണ് നടപ്പിലാക്കുക. അടുത്തമാസം അവസാനവാരത്തില്‍ വിപുലമായ പ്രചാരണ പരിപാടികളോടെയാണ് ജില്ലയില്‍ ആര്യ നടപ്പിലാക്കി തുടങ്ങുക. 


ബൈജു ബി കെ