പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ മടക്കത്തിന്‍റെ പുതിയ അദ്ധ്യായം രചിച്ച് അതികുളത്തിന് പുനര്‍ജ്ജന്മം.
പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ മടക്കത്തിന്‍റെ പുതിയ അദ്ധ്യായം രചിച്ച് അതികുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
അതികുളം
തളിപ്പറമ്പ് : പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ മടക്കത്തിന്‍റെ പുതിയ അദ്ധ്യായം രചിച്ച് അതികുളത്തിന് പുനര്‍ജ്ജന്മം.ഒരു നാടിന്‍റെ നിശ്ചയദാര്‍ഢ്യവും ജനപ്രതിനിധികളും സര്‍ക്കാരും കൈകോര്‍ത്തപ്പോള്‍ ഏറെക്കാലം പച്ചക്കറി കൃഷിയിടമായിരുന്ന സ്ഥലം നാടിന്‍റെ കാര്‍ഷിക മേഖലക്ക് ഏറെ ഗുണകരമാകുന്ന ജലസംഭരണിയായി മാറി. ആന്തൂര്‍ നഗരസഭയിലെ പാളിയത്ത്‌വളപ്പ് വാര്‍ഡിലുളള കുളത്തിന് ഒരേക്കറോളം വിസ്തൃതിയുണ്ട്. ആദികുളങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിന്‍റെ അധീനതയിലായിരുന്ന കുളം നാട്ടുകാര്‍ ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പുനരുദ്ധരിച്ചത്. മോറാഴ മുതല്‍ പണ്ണേരി വരെ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ പാടശേഖരത്തിന്‍റെ വലിയൊരുഭാഗം ജലസേചന സൗകര്യമില്ലാത്തത് മൂലം വര്‍ഷങ്ങളായി തരിശിട്ടുവരികയായിരുന്നു. മുന്‍ എംഎല്‍എ സി.കെ.പി.പത്മനാഭനാണ് നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതികുളത്തിന്റെ പുരുദ്ധാരണത്തിന് ആദ്യമായി അഞ്ച് ലക്ഷം രൂപ തന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇതുപയോഗിച്ച് കുളത്തിന്‍റെ പടിഞ്ഞാറുഭാഗം ഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്തി. തുടര്‍ന്ന് വന്ന ജയിംസ്മാത്യു എംഎല്‍എ തളിപ്പറമ്പ് നിയോജക മണ്ഡലം തരിശുരഹിത മണ്ഡലമാക്കി മാറ്റുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മൂന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള അതികുളം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ടുവെച്ചത്.
എംഎല്‍എ ചെറുകിട ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് കുളം പുനരുദ്ധാരണത്തിന് പദ്ധതി ആവിഷ്‌ക്കരിക്കുകയായിരുന്നു. കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.സുഹാസിനിയുടെ നേതൃത്വത്തിലാണ് കുളത്തിന്‍റെ നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുകയും, ഇതിനായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസം കൊണ്ടുതന്നെ പൂര്‍ത്തീകരിച്ചു. ഏക്കര്‍ കണക്കിന് സ്ഥലത്ത് ഈ കുളത്തിലെ വെള്ളം ഉപയോഗിച്ച് മൂന്നാം വിള നെല്‍കൃഷി നടത്താനും പച്ചക്കറി കൃഷി നടത്താനും സാധിക്കും. 65 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള കുളത്തിന് അഞ്ചര മീറ്റര്‍ ആഴമുണ്ട്. നിലവിലുണ്ടായിരുന്ന കുളം ഒന്നര മീറ്ററോളം ആഴം കൂട്ടി. പുറമെ നിന്ന് മഴവെള്ളം ഒഴുകിയിറങ്ങാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കക്കാട് ബില്‍ഡേഴ്‌സാണ് റിക്കാര്‍ഡ് വേഗത്തില്‍ കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എഴുന്നൂറോളം ലോഡ് മണ്ണാണ് കുളത്തില്‍ നിന്നും എടുത്തുമാറ്റിയത്. നാലുഭാഗത്തും ചെങ്കല്ലുകള്‍ പാകിയും ചുറ്റുമതില്‍ നിര്‍മ്മിച്ചും ഭംഗിയാക്കിയിട്ടുണ്ട്. മനോഹരമായ ഈ ജലാശയത്തിന് ചുറ്റിലും ഇരിപ്പിടവും പൂന്തോട്ടവും നിര്‍മ്മിക്കാനും സോളാര്‍ ലൈറ്റുകള്‍ ഘടിപ്പിക്കാനും ഉദ്ദേശമുണ്ട്. ആന്തൂര്‍ പ്രദേശത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ക്ക് സായാഹ്നത്തില്‍ സമയം ചെലവഴിക്കാനുള്ള കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റിയെടുത്ത് പ്രാദേശിക ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള ശ്രമവും നടന്നു വരുന്നുണ്ട്. പുനരുദ്ധരിക്കപ്പെട്ട അതികുളം 16 ന് രാവിലെ ഒമ്പതിന് ജയിംസ്മാത്യു എംഎല്‍എ നാടിന് സമര്‍പ്പിക്കും. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ.ശ്യാമള അധ്യക്ഷത വഹിക്കും. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.സുഹാസിനി, പി.വി.ബാബുരാജ്, പി.പി.ഉഷ, എ.പ്രിയ, ടി.ലത, എസ്.രാജന്‍, കെ.ഗണേശന്‍, ഒ.സി.പ്രദീപ്കുമാര്‍, എം.ഇ.കെ.അനീഷ്‌കുമാര്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.