Showing posts with label റോഡ്. Show all posts
Showing posts with label റോഡ്. Show all posts
Monday, November 7, 2016
ദേശീയ പാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി.
അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു.ചിറവക്കിലെ ഒരു കെട്ടിട ഉടമക്ക് മൂന്ന് ദിവസത്തിനകം കയ്യേറ്റം ഒഴിയാന്‍ നോട്ടീസ് നല്‍കി.പാപ്പിനിശ്ശേരി ചുങ്കം മുതല്‍ വളപട്ടണം വരെയുളള അനധികൃത കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയതനുസരിച്ച് സ്വമേധയാ പൊളിച്ചു നീക്കിത്തുടങ്ങി.വരും ദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് അധികാരികള്‍ പറഞ്ഞു.
കുറുമാത്തുര്‍ വൈത്തല റോഡില്‍ അപകടക്കെണി.
അപകട ഭീഷണി ഉയര്‍ത്തി റോഡരികിലെ ഗര്‍ത്തം.
തളിപ്പറമ്പ് : റോഡരികിലെ ഗര്‍ത്തം അപകട ഭീഷണി ഉയര്‍ത്തുന്നു.കുറുമാത്തുര്‍ വൈത്തല റോഡില്‍ കൊക്കട്ടക്കുഴി കുന്നിലെ അഗാധ ഗര്‍ത്തത്തോട് ചേര്‍ന്ന് റോഡരിക് ഇടിഞ്ഞതോടെ അപകട സാധ്യത
ഏറിയിരികുകയാണ്.ഇരുചക്രവാഹനങ്ങളെയും,കാല്‍നടയാത്രക്കാരെയും അപകടത്തില്‍പെടുത്തുന്ന ഗര്‍ത്തം കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ പെട്ടന്ന് ശ്രദ്ധയില്‍പ്പെടില്ല.അപകട സാധ്യത മുന്നില്‍ കണ്ട് കുടുബശ്രീ പ്രവര്‍ത്തകര്‍ താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയാത്രക്കാരും അപകടത്തില്‍ പെടാറുണ്ട്.പഞ്ചായത്ത് ഇടപെട്ട് എത്രയും വേഗത്തില്‍ ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും, റോഡരിക് കെട്ടി ഉയര്‍ത്തി വീതികൂട്ടണമെന്നും,വൈദ്യുതി ലൈന്‍ കടന്നു പോകാത്ത ഈ ഭാഗത്ത് രാത്രിയാത്രക്കാര്‍ക്ക് ഗുണകരമായരീതിയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പടം : കുറുമാത്തുര്‍ വൈത്തല റോഡില്‍ കൊക്കട്ടക്കുഴി കുന്നിലെ അപകട ഭീഷണി ഉയര്‍ത്തുന്ന സ്ഥലത്ത് കുടുബശ്രീ പ്രവര്‍ത്തകര്‍ താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയനിലയില്‍.
അധികൃതരുടെ കനിവില്‍ കരീമിന്‍റെ പ്രതീക്ഷകള്‍ തളിര്‍ക്കും.
ഒഴിപ്പിക്കാനിരുന്നത്എന്‍റെ ശേഷിക്കുന്ന പ്രതീക്ഷകളായിരുന്നു.
ബൈജു ബികെ
തളിപ്പറമ്പ് : രാവിലെ മുതല്‍ കുപ്പം പാലത്തിനു സമീപത്തുനിന്ന് പൊലിസും അധികാരികളും, അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോള്‍ കരീംക്കയുടെ മനസ്സില്‍ പെരുമ്പറ മുഴങ്ങുകയായിരുന്നു. കച്ചവടം തുടങ്ങി 24 ദിവസം ആയതേയുള്ളൂ, ചേര്‍ത്തു ചേര്‍ത്തുവെച്ച് കച്ചവടം മെച്ചപ്പെട്ടു വരുമ്പോള്‍ പൂട്ടേണ്ടി വരുമോ പടച്ചോനേ മനസ്സിലെ ആധി നിശ്വാസമായി വരുമ്പോഴേക്കും പൊലിസും അധികാരികളും മുന്നിലെത്തി. നിറഞ്ഞ കണ്ണുകളോടെ പരാധീനതകളുടെ കെട്ടഴിച്ചപ്പോള്‍ സ്ഥിരം സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താതെ റോഡില്‍ നിന്നും ഏറെ മാറി പെട്ടിക്കട മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ച് അധികാരികള്‍ കടന്നുപോയി.
നിശ്വാസത്തോടെ പടച്ചോന്‍ കാത്തു എന്നു പറയുമ്പോള്‍ ആ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു. ഹോട്ടല്‍ ജോലിക്കാരനായിരുന്ന നരിക്കോട്ടെ കരീം(62) ശ്വാസംമുട്ടലിനെ തുടര്‍ന്നുള്ള അവശത കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഭാര്യയും മൂന്ന് മക്കളും, ഒരു മകന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. കുടുംബശ്രീയില്‍ നിന്ന് ലോണെടുത്താണ് കഴിഞ്ഞ മാസം കുപ്പം ഇക്കരെ ബസ് സ്റ്റോപ്പിനു സമീപം പെട്ടിക്കട തുടങ്ങിയത്. ഒന്നു പച്ചപിടിച്ചു വരുന്നതിനു മുമ്പേ അതും അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീതിയിലായിരുന്നു കരീം. ദേശീയപാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടയില്‍ തന്റെ കൊച്ചു പെട്ടിക്കട സ്ഥിരം സംവിധാനമൊരുക്കരുതെന്ന നിര്‍ദ്ദേശത്തോടെ ഒഴിവാക്കിയതിന് പടച്ചവനോടും,അധികൃതരോടും നന്ദി പറയുകയാണ് കരീം.
![]() |
സുപ്രഭാതം വാര്‍ത്ത |
പടങ്ങള്‍ : പെട്ടിക്കട ഒഴിപ്പിക്കാനെത്തിയ പൊലിസിനോട് പ്രയാസങ്ങള്‍ പറയുന്ന കരീം.
Monday, October 31, 2016
പരിയാരം അപകടം ; ഒന്‍പത് പേര്‍ക്ക് പരിക്ക്,ലോറി ഡ്രൈവറുടെ നില ഗുരുതരം.
പരിയാരം ഏമ്പേറ്റില്‍ കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസും നാഷണല്‍ പര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക്;
ലോറി ഡ്രൈവറുടെ നില ഗുരുതരം.
![]() |
അപകടത്തില്‍ പെട്ട ലോറി തകര്‍ന്ന നിലയില്‍. |
തളിപ്പറമ്പ് : പരിയാരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസും നാഷണല്‍ പര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക.ലോറി ഡ്രൈവറുടെ നില ഗുരുതരം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ ഏമ്പേറ്റിലായിരുന്നു അപകടം. കൊല്ലത്തുനിന്നും ടൈറ്റാനിയവുമായി മുംബൈയിലേക്ക് പോകുകയായിരുന്ന കെഎല്‍ 02എ ഡബ്‌ള്യു 696 നമ്പര്‍ ലോറിയും പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെഎല്‍-15 എ 1611 നമ്പര്‍ കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം തെറ്റി ബസിനു നാരെ വരുന്ന ലോറി കണ്ട്


കെഎസ്ആര്‍ടിസി ഡ്രൈവര്‍ വണ്ടി റോഡിന്റെ വശത്തേക്ക് പരമാവധി ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഞായറാഴ്ച്ച ഉച്ചക്ക് കൊല്ലത്തുനിന്നും പുറപ്പെട്ട ലോറിയുടെ ഡ്രൈവര്‍ ക്ഷീണിതനായി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി സഫറുള്ള ഖാന്‍(35) കാലൊടിഞ്ഞ് ലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയിരുന്നു. ലോറി വെട്ടിപ്പൊളിച്ചാണ് പരിയാരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പുറത്തെടുത്തത്. ഗുരുതരമായ പരുക്കുകളോടെ സഫറുള്ള ഖാനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവര്‍ കൂത്തുപറമ്പിലെ എം.ഷാജി(40), കണ്ടക്ടര്‍ കണ്ണാടിപ്പറമ്പിലെ പി.വിജയന്‍(37), ബസിലെ യാത്രക്കാരായ കടന്നപ്പള്ളിയിലെ വീണ(23), കാഞ്ഞങ്ങാട്ടെ ടി.വി.കൃഷ്ണന്‍(52), തളിപ്പറമ്പിലെ രാജന്‍(27), തലശേരിയിലെ രാമചന്ദ്രന്‍(40), എം.സപ്തവര്‍ണ്ണ(18) മഴൂരിലെ സി.പി.സവിത(17), പയ്യന്നൂരിലെ കെ.രവീന്ദ്രന്‍(57),കണ്ടോത്തെ പി.വി.സുഭാഷ്(30), ഉരുവച്ചാലിലെ എം.കുഞ്ഞിരാമന്‍(67) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Friday, September 30, 2016
തളിപ്പറമ്പിലെ ഗതാഗതനിയന്ത്രണം മലയോര യാത്രക്കാരെ പെരുവഴിയിലാക്കി.
വളപട്ടണം പാലം അറ്റകുറ്റപണി ; ഗതാഗതനിയന്ത്രണം മലയോര യാത്രക്കാരെ പെരുവഴിയിലാക്കി.
ബസുകള്‍ വഴി തിരിച്ചു വിടുന്നു |
തളിപ്പറമ്പ് : വളപട്ടണം പാലം അറ്റകുറ്റപണിയുടെ പേരില്‍ മലയോര യാത്രക്കാര്‍ പെരുവഴിയിലായി. പാലം അറ്റകുറ്റപ്പണി നടത്തുന്നതിന് ഭാഗികമായി അടച്ചിട്ടതിനാല്‍ ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ നടപ്പിലാക്കിയ ട്രാഫിക് ക്രമീകരണമാണ് യാത്രക്കാരെ വലച്ചത്. വളപട്ടണത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇന്നലെ രാവിലെയോടെ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടി. ശ്രീകണ്ഠപുരം ഭാഗത്തു നിന്നും വരുന്ന ബസ്സുകളും, ചരക്കുവാഹനങ്ങളും, തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിനു സമീപത്തു നിന്ന് സര്‍സയ്യിദ് കോളേജ് റോഡ് വഴി മുയ്യം റോഡിലെത്തി ഹൈവേയില്‍ പ്രവേശിക്കാനാണ് പോലിസ് നിര്‍ദ്ദേശം. എന്നാല്‍ വീതി കുറഞ്ഞ റോഡില്‍ വലിയ വാഹനങ്ങള്‍ പ്രവേശിച്ചതോടെ രാവിലെ മുതല്‍ അനുഭവപ്പെട്ട ഗതാഗതകുരുക്ക് വൈകുന്നേരമായിട്ടും തുടരുകയാണ്. കൂടാതെ മുയ്യം റോഡില്‍ നിന്നും സര്‍സയ്യിദ് കോളേജ് റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ പോലിസിനെ നിയോഗിച്ചിട്ടുമില്ല. താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളും, സീതിസാഹിബ്, ടാഗോര്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളുമാണ് ഏറെ കഷ്ടപ്പെട്ടത്. മന്ന ജംഗ്ഷന്‍, ചിറവക്ക് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരതുടരുകയാണ്. ചിറവക്കില്‍ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ദീര്‍ഘദൂര ചരക്കു വാഹനങ്ങള്‍ ഏത് വഴി പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കും, ചിറവക്കിനുമിടയില്‍ മലയോരമേഖലയില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തിച്ചേരുന്നവര്‍ ഓട്ടോറിക്ഷകളെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ബസ്സുകള്‍ വഴിതിരിച്ചുവിട്ടത് അറിയാതെ ഗവ.ആശുപത്രിക്ക് സമീപം ഏറെ നേരം ബസ്സ് കാത്തുനിന്ന വൃദ്ധരും കുട്ടികളും പിന്നീട് സര്‍ സയ്യിദ് കോളേജ് റോഡിലേക്ക് ഓടേണ്ടിവന്നു. കൃത്യമായ ആസുത്രണമില്ലാത്തതും, ആവശ്യത്തിന് പൊലിസുകാരെ നിയോഗിക്കാത്തതുമാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഏര്‍പ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങള്‍ ആവശ്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ വരുംദിവസങ്ങളിലും ഗതാഗതകുരുക്ക് രൂക്ഷമായി തുടരും. എന്നാല്‍ തുടക്കമായത് കൊണ്ടാണ് ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതെന്നും ക്രമേണ ശരിയാവും എന്നാണ് പോലീസ് ഭാഷ്യം.
Saturday, September 3, 2016
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത ചോരക്കളമാകുന്നു
ചോരക്കളമാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത.
ബൈജു ബികെ
തളിപ്പറമ്പ് : അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത ചോരക്കളമാകുന്നു.കഴിഞ്ഞ ആഴ്ച്ചയുണ്ടായ അപകടത്തില്‍ വിളയാങ്കോട്ടെ വ്യാപാരി ആന്റണി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഇന്നലെ നടന്ന അപകടത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെ കേരളത്തിലെ ദേശീയപാതയില്‍ ഏറ്റവും അപകടകരമായ ഭാഗം എന്ന ഖ്യാതി കൈവന്നിരിക്കുകയാണ്.
തളിപ്പറമ്പ് ചിറവക്കിനും,പരിയാരത്തിനും ഇടയിലുള്ളത് 20-ലേറെ അപകടവളവുകളാണ്. ഈ വളവുകളിലെല്ലാം ആളുകളുടെ ജീവനെടുത്ത നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. റോഡരികിലെ ഗര്‍ത്തങ്ങളിലേക്ക് വീണ ടാങ്കര്‍ ലോറികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കുപ്പം മുതല്‍ ഏഴിലോട് വരെ ദേശീയപാതയടക്കം 20 കിലോ മീറ്ററിലേറെ നീളത്തില്‍ പ്രധാനപ്പെട്ടപാതകള്‍ കടന്നുപോകുന്ന പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2016 ജനുവരി 1 മുതല്‍ ഇന്നലെ വരെ നടന്ന പ്രധാനപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണം 44, ഇതില്‍ മരണം 12, ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടപ്പിലായവരുടെ എണ്ണം 66. ശരാശരി ഒരുമാസം 15 വാഹനാപകടങ്ങളാണ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എന്‍.മനോജ് പറയുന്നു.
അപകടത്തില്‍ പെടുന്നത് കൂടുതലും ചെറിയ വാഹനങ്ങളാണ്. വാഹനത്തിരക്ക് മൂലം പൊറുതിമുട്ടുന്ന തളിപ്പറമ്പ് പയ്യന്നൂര്‍ റൂട്ടില്‍ ഇന്നലെ പരിയാരം മെഡിക്കല്‍കോളേജിനു സമീപം നടന്ന ലോറിയും കാറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ഉടുപ്പി സ്വദേശി നാഗരാജ് ആണ് റോഡപകടത്തിലെ ഒടുവിലത്തെ രക്തസാക്ഷി.

നാഗരാജ്

നാഗരാജ്
പരിയാരം ദേശീയപാതയിലൂടെ യാത്രക്കാരുടെ ചുടുചോര ഒഴുകിക്കൊണ്ടിരിക്കുമ്പോഴും പുതിയ പാതകളെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതേയുളളു. വാഹനപ്പെരുപ്പത്തിനനുസരിച്ച് ദേശീയപാത വികസിപ്പിക്കുന്നതിന് മാധ്യമങ്ങളും നാട്ടുകാരും മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴും അധികൃതര്‍ നിസ്സംഗരായി പറയുന്നത് ബൈപ്പാസ് വരുന്നതോടെ എല്ലാം ശരിയാവും എന്ന് മാത്രമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി മാറിമാറി വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ ബൈപ്പാസിനേക്കുറിച്ച് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.ഇന്നലെ നടന്ന താലുക്ക് വികസന സമിതി യോഗത്തിലും അധികാരികള്‍ ഈ പല്ലവി ആവര്‍ത്തിക്കുകയാണ്.
ചുടലയില്‍ നിന്നും കുറ്റിക്കോലിലേക്കുള്ള ബൈപ്പാസിനേക്കുറിച്ചാണ് ആദ്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ പറയുന്നത് കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനേക്കുറിച്ചാണ്.ബൈപ്പാസ് വരുമെന്ന് മോഹിപ്പിച്ച് നാട്ടുകാരെ വഞ്ചിക്കുന്ന ദേശീയപാത അധികൃതര്‍ക്ക് തളിപ്പറമ്പ് മുതല്‍ പരിയാരം വരെയുള്ള ദേശീയപാതയുടെ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ.
തളിപ്പറമ്പ് പയ്യന്നൂര്‍ റൂട്ടില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യത്തിലേറെ സ്ഥലം ഗവണ്‍മെന്റിന്റെ കയ്യിലുണ്ടെന്നിരിക്കെ എന്തുകൊണ്ട് പാത വികസിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന പോലീസ്സ്‌റ്റേഷന്‍ എന്ന ഖ്യാതി നേടിയതിന്റെ ഉപഹാരമായി ലഭിച്ച ഹൈവേ പോലീസിന്റെ ജില്ലയിലെ ഏക ആംബുലന്‍സ് പരിയാരം പോലീസ് സ്‌റ്റേഷന് തന്നെ നല്‍കിയതാണ്
ഹൈവേ പോലിസ് ആംബുലന്‍സ് |
ഈ വിഷയത്തില്‍ അധികൃതരുടെ ആകെയുളള ഇടപെടല്‍. റോഡിലെ രക്തക്കുരുതിക്ക് പരിഹാരം ആംബുലന്‍സാണോ എന്ന് മാത്രം ആരും ചോദിക്കരുത്.
Saturday, August 27, 2016
ശങ്കിച്ച് പാവം പൊതുജനം...............!!!!!
പരസ്പ്പരം
ശങ്കിച്ച് പാവം പൊതുജനം...............!!!!!
(ആലക്കോട് വാര്‍ത്ത)
മലയോര ഹൈവേയുടെ പേരില്‍ സമരങ്ങള്‍ സജീവമാകുമ്പോഴും തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്യുകയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാരും തൊഴിലാളികളും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്.
ഈ ദൃശ്യങ്ങള്‍ ഞങ്ങള്‍ പകര്‍ത്തിയത് നടുവില്‍ ടൌണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി കുടിയാന്മല യിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ്. റോഡിന്റെ വീതി കൂട്ടുന്നതിനാവശ്യമായ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാല്‍പ്പതോളം വരുന്ന തൊഴിലാളികള്‍. അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ സൊസൈറ്റിയുടെ നാലോളം എഞ്ചിനീയര്‍മാരും സ്ഥലത്തുണ്ട്. മലയോര ഹൈവേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഇടത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപെട്ട് ഒരു ഭാഗത്ത് യുഡിഎഎഫ് ശക്തമായ സമരം നടത്തുമ്പോഴാണ് റോഡ് നിര്‍മ്മാണവും സജീവമായി നടക്കുന്നത്. ആര് സമരം നടത്തിയാലും തങ്ങളെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍. യുഡിഎഫിന്റെ രാഷ്ട്രീയ പൊറാട്ട് നാടകമാണ് ഇപ്പോഴത്തെ സമരമെന്നാണ് ഇടതു നേതാക്കളുടെ അഭിപ്രായം. മലയോര ജനതയുടെ സ്വപ്ന പദ്ധതിക്ക് തുരങ്കം വെക്കുന്ന വിവാദ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കെ.സി ജോസഫ് എം.എല്‍.എ പറയുന്നത്. ഒരു ഭാഗത്ത് സമരവും മറു ഭാഗത്ത് റോഡ് നിര്‍മ്മാണവും പുരോഗമിക്കുമ്പോള്‍ ആരുപറയുന്നതാണ് ശരിയെന്നറിയാതെ ശങ്കിച്ച് നില്‍ക്കുകയാണ് പാവം പൊതു ജനം
Friday, August 26, 2016
അപ്രോച്ച് റോഡിന് സ്ഥലം നല്‍കുന്നില്ല പാലം ഉദ്ഘാടനം വൈകുന്നു
അപ്രോച്ച് റോഡിന് സ്ഥലം നല്‍കുന്നില്ല പാലം ഉദ്ഘാടനം വൈകുന്നു
ശ്രീനി ആലക്കോട്
ആലക്കോട്: നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലം തുറന്നു കൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ആലക്കോട് സെന്റ് മേരീസ് നഗര്‍ പുഴക്ക് കുറുകെ നിര്‍മിച്ച പാലമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനാല്‍ നോക്കുകുത്തിയായത്. 22 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇരുകരകളിലായി താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളും വിദ്യാര്‍ഥികളും കടന്നു പോകുന്ന ഭാഗമാണിത്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പാലത്തിന്റെ സംരക്ഷണത്തിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിക്കു മുകളിലൂടെ സാഹസികമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മറുകരയിലെത്തുന്നത്.
മലയോര ഹൈവേ മലയോരം സമരമുഖത്തേക്ക്
മലയോര ഹൈവേ മലയോരം സമരമുഖത്തേക്ക്
ശ്രീനി ആലക്കോട്
ആലക്കോട്: മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള കോണ്‍ഗ്രസിന്റെയും, യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വ്യത്യസ്ത സമര പരിപാടികള്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് ടൗണില്‍ നടന്ന ശയന പ്രദക്ഷിണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു തോമസ് അധ്യക്ഷനായി. നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപെട്ടുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അഡ്വ.സജീവ് ജോസഫ്, അഡ്വ.സോണി സെബാസ്റ്റ്യന്‍, തോമസ് വെക്കത്താനം, പി.ടി മാത്യു, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, രഞ്ജിത്ത് നടുവില്‍, വിജേഷ് ആന്റണി, സെബാസ്റ്റ്യന്‍.കെ.ആന്റണി എന്നിവര്‍ സംസാരിച്ചു. ആലക്കോട് ടൌണില്‍ അര കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തിയത്.
മലയോര ഹൈവേ വിഷയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രയരോം ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഇരിക്കൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഹനീഫ അധ്യക്ഷനായി. വി.വി അബ്ദുള്ള, ഒ.വി നാസര്‍, ടി.കെ മുസ്തഫ, കെ.എച്ച് അഷറഫ്, എം.എം സലിം ഹാജി, ഹനീഫ മൂന്നാം കുന്ന്, പി.ബി ആശിഖ്, കെ.എം മഹറൂഫ്, സൈനുദീന്‍, അജ്മല്‍, കെ സഫ്‌വാന്‍ സംസാരിച്ചു.കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ ആലക്കോട് ടൗണില്‍ നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ജോസ് ഉദ്ഘാടനം ചെയ്തു. ഡെന്നീസ് വാഴപ്പള്ളി അധ്യക്ഷനായി. ജോയിസ് പുത്തന്‍പുര, മാത്യു മണ്ഡപത്തില്‍, ജോയ് കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍, ബിജു പുതുക്കള്ളി, ജെയ്മി ജോര്‍ജ്, ജോബിച്ചന്‍ മൈലാടൂര്‍ ജോസഫ് ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.
Sunday, August 21, 2016
പരിയാരത്ത് അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി നീക്കം ചെയ്തില്ല
തളിപ്പറമ്പ് :കഴിഞ്ഞ 17ന് പരിയാരം സെന്‍ട്രലില്‍ റേഷന്‍കടക്കു സമീപം അപകടത്തില്‍ പെട്ട ബുള്ളറ്റ് ടാങ്കര്‍ ലോറി നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് നിറയ്ക്കാന്‍ പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറും, മഗ്ലൂരുവില്‍ നിന്ന് മണലുമായി കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ട് വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇതില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ നാഗേശ്വര്‍(41) മഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാല് മുറിച്ചു മാറ്റി ചികിത്സയില്‍ തുടരുകയാണ്.
അപകടം നടന്ന ദിവസം തന്നെ ചരക്ക് ലോറി നീക്കം ചെയ്തിരുന്നു. കുപ്പം ഖലാസികളുടെ സഹായത്തോടെ ടാങ്കര്‍ ലോറി റോഡില്‍ നിന്നും മാറ്റിയിട്ടിരുന്നുവെങ്കിലും പകുതിയോളം ഭാഗം ഇപ്പോഴും റോഡില്‍ തന്നെയാണ്. തിരക്കേറിയ ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്ന ഈ ഭാഗത്ത് പകുതിയോളം റോഡിലേക്ക് തള്ളിനില്‍ക്കുന്ന ടാങ്കര്‍ കൂടുതല്‍ അപകടം വരുത്തിവെക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ക്യാബിന്‍ സമീപത്തെ കടയുടെ ഭാഗത്തേക്ക് ചെരിഞ്ഞു നില്‍ക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നു. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയുടേതാണ് ടാങ്കര്‍ ലോറി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഗ്യാസ് കൊണ്ടുപോകുന്ന വണ്ടിയാണ്. പകരം പുതിയ ക്യാബിനെത്തിയാല്‍ മാത്രമേ ടാങ്കര്‍ ഇവിടെ നിന്നും മാറ്റുവാന്‍ സാധിക്കുകയുള്ളൂ.
അപകടം നടന്നതിന്റെ അടുത്ത ദിവസം തന്നെ പുതിയ ക്യാബിന്‍ എത്തിച്ച് ടാങ്കര്‍ അപകട സ്ഥലത്തു നിന്നും മാറ്റുമെന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ അവര്‍ നല്‍കിയ നമ്പറിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല എന്നുമാണ് പരിയാരം പൊലിസ് പറയുന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകടഭീഷണി ഉയര്‍്ത്തുന്ന ടാങ്കര്‍ ലോറി ഓയില്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wednesday, August 17, 2016
പരിയാരം ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം.
പരിയാരം ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം.
ഗ്യാസ് ലീക്കായെന്ന അഭ്യൂഹം, ജനങ്ങള്‍ പരിഭ്രാന്തരായി.
രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.ഇവരെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
തളിപ്പറമ്പ് :കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാന്‍ പോകുന്ന കെ എ 05 എ സി 5807 ബുള്ളറ്റ് ടാങ്കറും,മംഗലാപുരത്തുനിന്നും പൂഴിയുമായി കണ്ണുര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ എ 19 എ ബി 2606 ലോറിയുമാണ് ദേശീയപാതയില്‍ പരിയാരം സെന്‍ട്രലില്‍ ഇന്നലെ രാവിലെ 8 മണിയോടെ അപകടത്തില്‍പ്പെട്ടത്.ടാങ്കര്‍ ലോറി ഡ്രൈവര്‍ കോയമ്പത്തുര്‍ സ്വദേശി നാഗരാജന്‍(41),പൂഴി ലോറി ഡ്രൈവര്‍ ഏറണാകുളം സ്വദേശി അനസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാഗരാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ഇയാളെ മെഡിക്കല്‍കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് ടാങ്കറിന്റെ കാബിന്‍ പുര്‍ണ്ണമായും തകര്‍ന്നു. ടാങ്ക് തകര്‍ന്ന് ഡിസല്‍ ചോര്‍ന്ന് മണം വ്യാപിച്ചതോടെ ടാങ്കറില്‍നിന്നും ഗ്യാസ് ലീക്കായെന്ന അഭ്യുഹം പരന്നു. വാട്‌സ് ആപ്പ് ഗ്രുപ്പുകള്‍ വഴി അപകട മുന്നറിയിപ്പുകള്‍ പ്രചരിച്ചതോടെ മറ്റൊരു ചാല ദുരന്തം സംഭവിച്ചേക്കാം എന്ന ആശങ്കയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് രക്ഷപെടാനുള്ള ഒരുക്കം തുടങ്ങി.വ്യാപാരികള്‍ കടകള്‍ അടച്ചു.എസ് ഐ കെ എന്‍ മനോജിന്റെ നേതൃത്വത്തില്‍ പരിയാരം പോലിസും,അസി.സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേമരാജന്‍ കക്കാടിയുടെയും,സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഹരിനാരായണന്റെയും നേതൃത്വത്തില്‍ തളിപ്പറമ്പ് ഫയര്‍ സര്‍വിസും അപകട സ്ഥലത്തെത്തി ഗ്യാസ് ഇല്ലാത്ത ടാങ്കറാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ച് വാട്‌സ് ആപ്പ് ഗ്രുപ്പുകള്‍ വഴി അപകടമില്ലെന്നു അറിയിപ്പ് നല്‍കിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.മണിക്കൂറുകളോളം ദേശീയപാതവഴിയുള്ള ഗതാഗതം തടസപ്പെട്ടു.വാഹനങ്ങള്‍ കുപ്പം എഴോം റോഡുവഴി തിരിച്ചു വിട്ടു.നാട്ടുകാരുടെയും,കുപ്പം ഖലാസികളുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പോലിസ് നീക്കം ചെയ്തു.
ഈ മേഖലയിലെ വളവുകളില്‍ അപകടങ്ങള്‍ പതിവായിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഒപ്പം ഇതുവഴിയുള്ള ടാങ്കര്‍ ലോറി ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായി. ദിനംപ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ കേരളത്തിലെ ദേശീയപാതയിലെ പ്രധാന അപകട മേഖലയായി മാറിയിരിക്കുകയാണ് ഇവിടം. മൗനം വെടിയാന്‍ മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.
Thursday, August 11, 2016
സംസ്ഥാനപാതയില്‍ വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക്
തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.
തളിപ്പറമ്പ്: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആലക്കോട് കുട്ടാപറമ്പിലെ കളപ്പുരയ്ക്കല്‍ അഗസ്റ്റിന്‍(60), പേരമകന്‍ അലന്‍(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാല്‍ പിന്നിട് അലനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ കാഞ്ഞിരങ്ങാട് മരമില്ലിന് സമീപത്തായിരുന്നു അപകടം.
![]() |
കാഞ്ഞിരങ്ങാട് നടന്ന അപകടം |
തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറും ആലക്കോട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനകത്ത് കുടുങ്ങിപ്പോയ അലനെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തളിപ്പറമ്പ് പോലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
ബൈജു ബികെ
Subscribe to:
Posts (Atom)
























