ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Saturday, September 3, 2016

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത ചോരക്കളമാകുന്നു

ചോരക്കളമാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത.


ബൈജു ബികെ 
തളിപ്പറമ്പ് : അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത ചോരക്കളമാകുന്നു.കഴിഞ്ഞ ആഴ്ച്ചയുണ്ടായ അപകടത്തില്‍ വിളയാങ്കോട്ടെ വ്യാപാരി ആന്റണി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഇന്നലെ നടന്ന അപകടത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെ കേരളത്തിലെ ദേശീയപാതയില്‍ ഏറ്റവും അപകടകരമായ ഭാഗം എന്ന ഖ്യാതി കൈവന്നിരിക്കുകയാണ്.

തളിപ്പറമ്പ് ചിറവക്കിനും,പരിയാരത്തിനും ഇടയിലുള്ളത് 20-ലേറെ അപകടവളവുകളാണ്. ഈ വളവുകളിലെല്ലാം ആളുകളുടെ ജീവനെടുത്ത നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. റോഡരികിലെ ഗര്‍ത്തങ്ങളിലേക്ക് വീണ ടാങ്കര്‍ ലോറികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കുപ്പം മുതല്‍ ഏഴിലോട് വരെ ദേശീയപാതയടക്കം 20 കിലോ മീറ്ററിലേറെ നീളത്തില്‍ പ്രധാനപ്പെട്ടപാതകള്‍ കടന്നുപോകുന്ന പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2016 ജനുവരി 1 മുതല്‍ ഇന്നലെ വരെ നടന്ന പ്രധാനപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണം 44, ഇതില്‍ മരണം 12, ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടപ്പിലായവരുടെ എണ്ണം 66. ശരാശരി ഒരുമാസം 15 വാഹനാപകടങ്ങളാണ് സ്റ്റേഷന്‍ പരിധിയില്‍  ഉണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എന്‍.മനോജ് പറയുന്നു. 


അപകടത്തില്‍ പെടുന്നത് കൂടുതലും ചെറിയ വാഹനങ്ങളാണ്. വാഹനത്തിരക്ക് മൂലം പൊറുതിമുട്ടുന്ന തളിപ്പറമ്പ് പയ്യന്നൂര്‍ റൂട്ടില്‍ ഇന്നലെ പരിയാരം മെഡിക്കല്‍കോളേജിനു സമീപം നടന്ന ലോറിയും കാറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ഉടുപ്പി സ്വദേശി നാഗരാജ് ആണ് റോഡപകടത്തിലെ ഒടുവിലത്തെ രക്തസാക്ഷി. 

നാഗരാജ്

                                  പരിയാരം ദേശീയപാതയിലൂടെ യാത്രക്കാരുടെ ചുടുചോര ഒഴുകിക്കൊണ്ടിരിക്കുമ്പോഴും പുതിയ പാതകളെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതേയുളളു. വാഹനപ്പെരുപ്പത്തിനനുസരിച്ച് ദേശീയപാത വികസിപ്പിക്കുന്നതിന് മാധ്യമങ്ങളും നാട്ടുകാരും മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴും അധികൃതര്‍ നിസ്സംഗരായി പറയുന്നത് ബൈപ്പാസ് വരുന്നതോടെ എല്ലാം ശരിയാവും എന്ന് മാത്രമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി മാറിമാറി വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ ബൈപ്പാസിനേക്കുറിച്ച് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.ഇന്നലെ നടന്ന താലുക്ക് വികസന സമിതി യോഗത്തിലും അധികാരികള്‍ ഈ പല്ലവി ആവര്‍ത്തിക്കുകയാണ്.


ചുടലയില്‍ നിന്നും കുറ്റിക്കോലിലേക്കുള്ള ബൈപ്പാസിനേക്കുറിച്ചാണ് ആദ്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ പറയുന്നത് കുപ്പം-കുറ്റിക്കോല്‍  ബൈപ്പാസിനേക്കുറിച്ചാണ്.ബൈപ്പാസ് വരുമെന്ന് മോഹിപ്പിച്ച് നാട്ടുകാരെ വഞ്ചിക്കുന്ന ദേശീയപാത അധികൃതര്‍ക്ക് തളിപ്പറമ്പ് മുതല്‍ പരിയാരം വരെയുള്ള ദേശീയപാതയുടെ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ.


 തളിപ്പറമ്പ് പയ്യന്നൂര്‍ റൂട്ടില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യത്തിലേറെ സ്ഥലം ഗവണ്‍മെന്റിന്റെ കയ്യിലുണ്ടെന്നിരിക്കെ എന്തുകൊണ്ട് പാത വികസിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന പോലീസ്സ്‌റ്റേഷന്‍ എന്ന ഖ്യാതി നേടിയതിന്റെ ഉപഹാരമായി ലഭിച്ച ഹൈവേ പോലീസിന്റെ ജില്ലയിലെ ഏക ആംബുലന്‍സ് പരിയാരം പോലീസ് സ്‌റ്റേഷന് തന്നെ നല്‍കിയതാണ്

ഹൈവേ പോലിസ് ആംബുലന്‍സ്


 ഈ  വിഷയത്തില്‍ അധികൃതരുടെ ആകെയുളള ഇടപെടല്‍. റോഡിലെ രക്തക്കുരുതിക്ക് പരിഹാരം ആംബുലന്‍സാണോ എന്ന് മാത്രം ആരും ചോദിക്കരുത്.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.