ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...
Showing posts with label അപകടവാര്‍ത്ത. Show all posts
Showing posts with label അപകടവാര്‍ത്ത. Show all posts

Wednesday, October 29, 2025

തളിപ്പറമ്പിലെ തീപിടിത്തം; എൻജിനിയറിംങ് വിഭാഗം പരിശോധന തുടങ്ങി

വ്യാപാരികളുടെ പരാതിയിൽ എം.എൽഎയുടെ ഇടപെടൽ
എൻജിനിയർമാരുടെ സംഘം പരിശോധനയ്ക്ക് എത്തിയത് എം.എൽ.എയുടെ ഇടപെടലിലൂടെ
കെട്ടിടം പൊളിക്കേണ്ടി വരില്ലെന്ന് പ്രാഥമിക വിലയിരുത്തൽ
നൂതനമായ അൾട്രാ സോണിക്ക്  പരിശോധന നടത്തും


തളിപ്പറമ്പ്: തളിപ്പറമ്പിൽ തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയത്തിൻ്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് എൻജിനിയറിംങ് വിഭാഗത്തിൻ്റെ പരിശോധന തുടങ്ങി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ,  തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ ചുമതല കൂടിയുള്ള മുനിസിപ്പൽ എൻജിനിയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 

കെട്ടിടം പൂർണമായി പൊളിച്ചു നിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. നൂതനമായ അൾട്രാ സോണിക്ക്  പരിശോധന കൂടി നടത്തി മാത്രമേ അന്തിമമായ റിപ്പോർട്ട് നൽകുകയുള്ളു. 

കഴിഞ്ഞ 18ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. 

നോർത്ത് സർക്കിൾ സീനിയർ എൻജിനിയർ, ഡിവിഷണൽ ഓഫിസ് എക്സിക്യൂട്ടീവ് എൻജിനീയർ, ടൗൺ പ്ലാനിംങ് വിഭാഗം, ഗവ. എൻജിനിയറിംങ് കോളജ് സ്ട്രക്ചറൽ വിഭാഗം, സബ് ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനിയർ, നഗരസഭാ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സാങ്കേതിക വിദഗ്ധ സമിതി. 

എന്നാൽ  തീപിടുത്തമുണ്ടായ കെട്ടിടം പരിശോധിച്ച് ആഘാതം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം തങ്ങളുടെ പക്കലില്ലെന്ന് ഗവ. എൻജിനിയറിംങ് കോളജ് സ്ട്രക്ചറൽ വിഭാഗം അറിയിച്ചതോടെ പരിശോധന മുടങ്ങി.

 തീപിടിത്തമുണ്ടായി ആഴ്ച്ചകൾക്കു ശേഷവും കത്തിനശിച്ച സ്ഥാപനങ്ങളുടെ പുനരുദ്ധാരണം വൈകിയതോടെ വ്യാപാരി സംഘടനാ നേതാക്കൾ എം.വി ഗോവിന്ദൻ എം.എൽ.എയെ വിവരം ധരിപ്പിച്ചു. തുടർന്ന് എം.എൽ.എ കളക്ടറുമായി ബന്ധപ്പെട്ട് അടിയന്തിരമായി എൻജിനിയർമാരുടെ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു. 

കളക്ടറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ പി.വി ബിജു, തളിപ്പറമ്പ് നഗരസഭാ എൻജിനിയർ , ഓവർസിയർ എന്നിവരാണ് ഇന്നലെ കെട്ടിടത്തിൽ പരിശോധന നടത്തിയത്.

 പ്രാഥമിക പരിശോധനയിൽ കെട്ടിടം പൊളിച്ചു മാറ്റേണ്ട സാഹചര്യം ഇല്ലെങ്കിലും  പൂർണ്ണമായി പുതിയ പ്ലാസ്റ്ററിംങ് നടത്തുകയും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് തൂണുകളും ബീമുകളും മാറ്റി നിർമ്മിച്ച് ബലപ്പെടുത്തേണ്ടി വരും. 

അൾട്രാ സോണിക്ക് പരിശോധന നടത്തേണ്ട ഉപകരണങ്ങൾ സ്വകാര്യ മേഖലയിൽ നിന്നും എത്തിക്കേണ്ടി വരും. കെട്ടിട ഉടമകളുടെ സഹകരണത്തോടെ ഒരാഴ്ച്ചക്കുള്ളിൽ അൾട്രാ സോണിക്ക് പരിശോധന നടത്താനുള്ള ശ്രമം നടക്കുകയാണ്. 

ഒക്ടോബർ 9 വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിയോടെയാണ് നാടിനെ നടുക്കിയ തീ പിടുത്തം ഉണ്ടായത്.  അഗ്നിശമന സേനയും പോലീസും നഗരസഭാ ജീവനക്കാരും വ്യാപാരികളും വിവിധ സന്നദ്ധ സംഘടനാ വളണ്ടിയർമാരും നാട്ടുകാരുടെയും ശ്രമഫലമായി രാത്രി 9.30 ഓടെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

Sunday, November 20, 2016

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ വാഹനാപകടം.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ വാഹനാപകടം ; നാലുപേര്‍ക്ക് പരിക്കേറ്റു, രണ്ടുപേര്‍ക്ക് ഗുരുതരം.

 തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ മിനിലോറി നിയന്ത്രണംവിട്ട് രണ്ട് ബൈക്കുകളില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും ശ്രീകണ്ഠാപുരത്തേക്ക് പോകുകയായിരുന്ന കെഎല്‍ 13-8484മിനിലോറി തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍13 എസി 1676 ബജാജ് പള്‍സര്‍ ബൈക്കിലും കെഎല്‍ 59 കെ. 11 45 ഹോണ്ട ബൈക്കിലും ഒന്നിച്ച് ഇടിച്ചു നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബൈക്ക് യാത്രികരായ പഴയങ്ങാടിയിലെ റിഷാദ്(20), നിസില്‍(23) ചെങ്ങളായിയിലെ ലിനു(21), ശ്രീജിത്ത്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റ ലിനുവിനേയും നിസിലിനേയും മംഗലാപുരത്തെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തും റിഷാദും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
മിനി ലോറിക്ക് മുന്നില്‍ മണ്‍തിട്ടയില്‍ അമര്‍ന്ന ബൈക്കില്‍ കുടുങ്ങിയ ലിനുവിനെ ഏറെ നേരം ശ്രമിച്ചാണ് പുറത്തെടുത്തത്. അപകടത്തേതുടര്‍ന്ന് അരമണിക്കൂറോളം സംസ്ഥാനപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. അഡീ.എസ്‌ഐ കെ.അബ്ദുള്‍നാസറുടെ നേതൃത്വത്തിലെത്തിയ തളിപ്പറമ്പ് പൊലിസാണ് അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. 

പടം : സംസ്ഥാനപാതയില്‍ അപകടത്തില്‍ പെട്ട മിനിലോറിക്ക് മുന്നില്‍ കുടുങ്ങിയ ബൈക്ക്‌

Wednesday, November 16, 2016

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു.


തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു.

ബൈജു ബികെ തളിപറമ്പ് 
 തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടങ്ങളും, ഗതാഗത തടസവും പതിവാകുന്നു. ദേശീയപാതയില്‍ ചിറവക്കിനും  ശ്രീകണ്ഠാപുരത്തിനുമിടയില്‍ സ്ഥിരം അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഏറിവരികയാണ്. ഡ്രൈവര്‍മാരുടെ കാഴ്ച്ച മറക്കുന്ന രീതിയില്‍ റോഡരികില്‍ വളര്‍ന്നുവരുന്ന കാടുകള്‍ യഥാസമയം വെട്ടിത്തെളിക്കാത്തതും, ടൗണ്‍ പ്രദേശങ്ങളില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താതും, വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങുമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമാകുന്നത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി സ്റ്റോപ്പ്, കരിമ്പത്തെ വളവുകള്‍, ചൊറുക്കള, കുറുമാത്തൂര്‍ ഡയറി, നെടുമുണ്ട, ചേരന്‍കുന്ന്, പരിപ്പായി തുടങ്ങി തുടര്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ദിവസവും ഏറിവരികയാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രി സ്റ്റോപ്പില്‍ നടന്ന അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കണ്ട് ശേഷം മരുന്ന് വാങ്ങുന്നതിന് റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ഥിരം അപകടങ്ങള്‍ നടക്കാറുളള ഇവിടെ ഗതാഗത തടസ്സവും പതിവാണ്. രണ്ടു ദിശയില്‍ നിന്നും വരുന്ന ബസ്സുകള്‍ ഒരേ സ്ഥലത്ത് യാത്രക്കാരെ ഇറക്കുന്നതും, പല ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതുമാണ് പലപ്പോഴും അപകടങ്ങളും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നത്. ഇവിടെ സീബ്ര ലൈനുകളും മാഞ്ഞുകിടക്കുകയാണ്. താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍, തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിലേക്ക് വരുന്നവര്‍, സര്‍ സയ്യിദ് കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കൂള്‍, കേയീ സാഹിബ് ട്രയിനിംഗ് കോളേജ് എന്നിവടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും ഈ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ബസ്സുകള്‍ ഏറെ നേരം നിര്‍ത്തിയിടുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. രോഗികളെയും കൊണ്ടു പോകുന്ന ആംബുലന്‍സുകളും അത്യാഹിത സ്ഥലങ്ങളിലേക്ക് പോകുന്ന ഫയര്‍ സര്‍വ്വീസ് വാഹനങ്ങളും ഈ ഗതാഗത കുരുക്കില്‍പെടുന്നത് പതിവാണ്. സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരും കച്ചവടക്കാരും സംഘടിച്ച് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്റെയും ആര്‍.ടി.ഒ അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബസ്റ്റോപ്പ് താലൂക്ക് ആശുപത്രിയുടെ രണ്ട് വശത്തേക്ക് മാറ്റാനും, ഓട്ടോ സ്റ്റാന്‍ഡ് ക്രമീകരിക്കാനും ഉള്ള ശ്രമങ്ങള്‍ നഗരസഭയുടെയും, ആര്‍.ടി.ഒ അധികൃതരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും, സ്റ്റോപ്പ് രണ്ട് ദിശയിലേക്ക് മാറ്റുന്നതോടെ സ്ഥലത്തെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് താലൂക്ക് വികസന സമിതി നിര്‍ദ്ധേശ പ്രകാരം ബസ്റ്റോപ്പ് താലൂക്ക് ആശുപത്രിയുടെ രണ്ട് വശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഒരു വശത്തെ ബസ്
കാത്തിരിപ്പ് കേന്ദ്രം തളിപ്പറമ്പിലെ വ്യാപാരികള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നും നിര്‍ത്തിവക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ സ്ഥിരം അപകട മേഖലകളില്‍ ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിഗ്നല്‍ സംവിധാനങ്ങളും, അപകട മുന്നറിയിപ്പ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


Monday, October 31, 2016

പരിയാരം അപകടം ; ഒന്‍പത് പേര്‍ക്ക് പരിക്ക്,ലോറി ഡ്രൈവറുടെ നില ഗുരുതരം.

പരിയാരം ഏമ്പേറ്റില്‍ കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസും നാഷണല്‍ പര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക്;

ലോറി  ഡ്രൈവറുടെ നില ഗുരുതരം. 

അപകടത്തില്‍ പെട്ട ലോറി തകര്‍ന്ന നിലയില്‍.


തളിപ്പറമ്പ് : പരിയാരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസും നാഷണല്‍ പര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക.ലോറി  ഡ്രൈവറുടെ നില ഗുരുതരം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ ഏമ്പേറ്റിലായിരുന്നു അപകടം. കൊല്ലത്തുനിന്നും ടൈറ്റാനിയവുമായി മുംബൈയിലേക്ക് പോകുകയായിരുന്ന കെഎല്‍ 02എ ഡബ്‌ള്യു 696 നമ്പര്‍ ലോറിയും പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെഎല്‍-15 എ 1611 നമ്പര്‍ കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം തെറ്റി ബസിനു നാരെ വരുന്ന ലോറി കണ്ട്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ വണ്ടി റോഡിന്റെ വശത്തേക്ക് പരമാവധി ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഞായറാഴ്ച്ച ഉച്ചക്ക് കൊല്ലത്തുനിന്നും പുറപ്പെട്ട ലോറിയുടെ ഡ്രൈവര്‍ ക്ഷീണിതനായി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി സഫറുള്ള ഖാന്‍(35) കാലൊടിഞ്ഞ് ലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയിരുന്നു. ലോറി വെട്ടിപ്പൊളിച്ചാണ് പരിയാരം പോലീസും നാട്ടുകാരും ചേര്‍ന്ന്
ഇയാളെ പുറത്തെടുത്തത്. ഗുരുതരമായ പരുക്കുകളോടെ സഫറുള്ള ഖാനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവര്‍ കൂത്തുപറമ്പിലെ എം.ഷാജി(40), കണ്ടക്ടര്‍ കണ്ണാടിപ്പറമ്പിലെ പി.വിജയന്‍(37), ബസിലെ യാത്രക്കാരായ കടന്നപ്പള്ളിയിലെ വീണ(23), കാഞ്ഞങ്ങാട്ടെ ടി.വി.കൃഷ്ണന്‍(52), തളിപ്പറമ്പിലെ രാജന്‍(27), തലശേരിയിലെ രാമചന്ദ്രന്‍(40), എം.സപ്തവര്‍ണ്ണ(18) മഴൂരിലെ സി.പി.സവിത(17), പയ്യന്നൂരിലെ കെ.രവീന്ദ്രന്‍(57),കണ്ടോത്തെ പി.വി.സുഭാഷ്(30), ഉരുവച്ചാലിലെ എം.കുഞ്ഞിരാമന്‍(67) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 


Saturday, September 3, 2016

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത ചോരക്കളമാകുന്നു

ചോരക്കളമാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത.


ബൈജു ബികെ 
തളിപ്പറമ്പ് : അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന തളിപ്പറമ്പ്-പരിയാരം ദേശീയപാത ചോരക്കളമാകുന്നു.കഴിഞ്ഞ ആഴ്ച്ചയുണ്ടായ അപകടത്തില്‍ വിളയാങ്കോട്ടെ വ്യാപാരി ആന്റണി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഇന്നലെ നടന്ന അപകടത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെ കേരളത്തിലെ ദേശീയപാതയില്‍ ഏറ്റവും അപകടകരമായ ഭാഗം എന്ന ഖ്യാതി കൈവന്നിരിക്കുകയാണ്.

തളിപ്പറമ്പ് ചിറവക്കിനും,പരിയാരത്തിനും ഇടയിലുള്ളത് 20-ലേറെ അപകടവളവുകളാണ്. ഈ വളവുകളിലെല്ലാം ആളുകളുടെ ജീവനെടുത്ത നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. റോഡരികിലെ ഗര്‍ത്തങ്ങളിലേക്ക് വീണ ടാങ്കര്‍ ലോറികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കുപ്പം മുതല്‍ ഏഴിലോട് വരെ ദേശീയപാതയടക്കം 20 കിലോ മീറ്ററിലേറെ നീളത്തില്‍ പ്രധാനപ്പെട്ടപാതകള്‍ കടന്നുപോകുന്ന പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2016 ജനുവരി 1 മുതല്‍ ഇന്നലെ വരെ നടന്ന പ്രധാനപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണം 44, ഇതില്‍ മരണം 12, ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടപ്പിലായവരുടെ എണ്ണം 66. ശരാശരി ഒരുമാസം 15 വാഹനാപകടങ്ങളാണ് സ്റ്റേഷന്‍ പരിധിയില്‍  ഉണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എന്‍.മനോജ് പറയുന്നു. 


അപകടത്തില്‍ പെടുന്നത് കൂടുതലും ചെറിയ വാഹനങ്ങളാണ്. വാഹനത്തിരക്ക് മൂലം പൊറുതിമുട്ടുന്ന തളിപ്പറമ്പ് പയ്യന്നൂര്‍ റൂട്ടില്‍ ഇന്നലെ പരിയാരം മെഡിക്കല്‍കോളേജിനു സമീപം നടന്ന ലോറിയും കാറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ഉടുപ്പി സ്വദേശി നാഗരാജ് ആണ് റോഡപകടത്തിലെ ഒടുവിലത്തെ രക്തസാക്ഷി. 

നാഗരാജ്

                                  പരിയാരം ദേശീയപാതയിലൂടെ യാത്രക്കാരുടെ ചുടുചോര ഒഴുകിക്കൊണ്ടിരിക്കുമ്പോഴും പുതിയ പാതകളെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതേയുളളു. വാഹനപ്പെരുപ്പത്തിനനുസരിച്ച് ദേശീയപാത വികസിപ്പിക്കുന്നതിന് മാധ്യമങ്ങളും നാട്ടുകാരും മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴും അധികൃതര്‍ നിസ്സംഗരായി പറയുന്നത് ബൈപ്പാസ് വരുന്നതോടെ എല്ലാം ശരിയാവും എന്ന് മാത്രമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി മാറിമാറി വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ ബൈപ്പാസിനേക്കുറിച്ച് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.ഇന്നലെ നടന്ന താലുക്ക് വികസന സമിതി യോഗത്തിലും അധികാരികള്‍ ഈ പല്ലവി ആവര്‍ത്തിക്കുകയാണ്.


ചുടലയില്‍ നിന്നും കുറ്റിക്കോലിലേക്കുള്ള ബൈപ്പാസിനേക്കുറിച്ചാണ് ആദ്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ പറയുന്നത് കുപ്പം-കുറ്റിക്കോല്‍  ബൈപ്പാസിനേക്കുറിച്ചാണ്.ബൈപ്പാസ് വരുമെന്ന് മോഹിപ്പിച്ച് നാട്ടുകാരെ വഞ്ചിക്കുന്ന ദേശീയപാത അധികൃതര്‍ക്ക് തളിപ്പറമ്പ് മുതല്‍ പരിയാരം വരെയുള്ള ദേശീയപാതയുടെ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ.


 തളിപ്പറമ്പ് പയ്യന്നൂര്‍ റൂട്ടില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യത്തിലേറെ സ്ഥലം ഗവണ്‍മെന്റിന്റെ കയ്യിലുണ്ടെന്നിരിക്കെ എന്തുകൊണ്ട് പാത വികസിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന പോലീസ്സ്‌റ്റേഷന്‍ എന്ന ഖ്യാതി നേടിയതിന്റെ ഉപഹാരമായി ലഭിച്ച ഹൈവേ പോലീസിന്റെ ജില്ലയിലെ ഏക ആംബുലന്‍സ് പരിയാരം പോലീസ് സ്‌റ്റേഷന് തന്നെ നല്‍കിയതാണ്

ഹൈവേ പോലിസ് ആംബുലന്‍സ്


 ഈ  വിഷയത്തില്‍ അധികൃതരുടെ ആകെയുളള ഇടപെടല്‍. റോഡിലെ രക്തക്കുരുതിക്ക് പരിഹാരം ആംബുലന്‍സാണോ എന്ന് മാത്രം ആരും ചോദിക്കരുത്.


Saturday, August 27, 2016

ശങ്കിച്ച് പാവം പൊതുജനം...............!!!!!

പരസ്പ്പരം

ശങ്കിച്ച് പാവം പൊതുജനം...............!!!!!

(ആലക്കോട് വാര്‍ത്ത)

മലയോര ഹൈവേയുടെ പേരില്‍ സമരങ്ങള്‍ സജീവമാകുമ്പോഴും തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്യുകയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാരും തൊഴിലാളികളും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്.


ഈ ദൃശ്യങ്ങള്‍ ഞങ്ങള്‍ പകര്‍ത്തിയത് നടുവില്‍ ടൌണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി കുടിയാന്മല യിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ്. റോഡിന്റെ വീതി കൂട്ടുന്നതിനാവശ്യമായ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാല്‍പ്പതോളം വരുന്ന തൊഴിലാളികള്‍. അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ സൊസൈറ്റിയുടെ നാലോളം എഞ്ചിനീയര്‍മാരും സ്ഥലത്തുണ്ട്. മലയോര ഹൈവേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഇടത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപെട്ട് ഒരു ഭാഗത്ത് യുഡിഎഎഫ് ശക്തമായ സമരം നടത്തുമ്പോഴാണ് റോഡ്‌ നിര്‍മ്മാണവും സജീവമായി നടക്കുന്നത്. ആര് സമരം നടത്തിയാലും തങ്ങളെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍. യുഡിഎഫിന്റെ രാഷ്ട്രീയ പൊറാട്ട് നാടകമാണ് ഇപ്പോഴത്തെ സമരമെന്നാണ് ഇടതു നേതാക്കളുടെ അഭിപ്രായം. മലയോര ജനതയുടെ സ്വപ്ന പദ്ധതിക്ക് തുരങ്കം വെക്കുന്ന വിവാദ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കെ.സി ജോസഫ്‌ എം.എല്‍.എ പറയുന്നത്. ഒരു ഭാഗത്ത് സമരവും മറു ഭാഗത്ത് റോഡ്‌ നിര്‍മ്മാണവും പുരോഗമിക്കുമ്പോള്‍ ആരുപറയുന്നതാണ് ശരിയെന്നറിയാതെ ശങ്കിച്ച് നില്‍ക്കുകയാണ് പാവം പൊതു ജനം

Friday, August 26, 2016

അപ്രോച്ച് റോഡിന് സ്ഥലം നല്‍കുന്നില്ല പാലം ഉദ്ഘാടനം വൈകുന്നു

അപ്രോച്ച് റോഡിന് സ്ഥലം നല്‍കുന്നില്ല പാലം ഉദ്ഘാടനം വൈകുന്നു

ശ്രീനി ആലക്കോട് 


ആലക്കോട്:  നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലം തുറന്നു കൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.  ആലക്കോട് സെന്റ് മേരീസ് നഗര്‍ പുഴക്ക് കുറുകെ  നിര്‍മിച്ച പാലമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനാല്‍ നോക്കുകുത്തിയായത്.  22  ലക്ഷത്തോളം രൂപ  ചിലവഴിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇരുകരകളിലായി താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളും  വിദ്യാര്‍ഥികളും  കടന്നു പോകുന്ന ഭാഗമാണിത്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം  സ്വകാര്യ വ്യക്തി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്  അധികൃതരുടെ വിശദീകരണം. പാലത്തിന്റെ സംരക്ഷണത്തിനായി  നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിക്കു മുകളിലൂടെ സാഹസികമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍  മറുകരയിലെത്തുന്നത്.

മലയോര ഹൈവേ മലയോരം സമരമുഖത്തേക്ക്

മലയോര ഹൈവേ മലയോരം സമരമുഖത്തേക്ക്

ശ്രീനി ആലക്കോട്

ആലക്കോട്: മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള കോണ്‍ഗ്രസിന്റെയും, യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വ്യത്യസ്ത സമര പരിപാടികള്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് ടൗണില്‍ നടന്ന ശയന പ്രദക്ഷിണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു തോമസ് അധ്യക്ഷനായി. നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപെട്ടുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.  അഡ്വ.സജീവ് ജോസഫ്, അഡ്വ.സോണി സെബാസ്റ്റ്യന്‍, തോമസ് വെക്കത്താനം, പി.ടി മാത്യു, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, രഞ്ജിത്ത് നടുവില്‍, വിജേഷ് ആന്റണി, സെബാസ്റ്റ്യന്‍.കെ.ആന്റണി എന്നിവര്‍ സംസാരിച്ചു. ആലക്കോട് ടൌണില്‍ അര കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തിയത്.

                                      മലയോര ഹൈവേ വിഷയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രയരോം ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഇരിക്കൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഹനീഫ അധ്യക്ഷനായി. വി.വി അബ്ദുള്ള, ഒ.വി നാസര്‍, ടി.കെ മുസ്തഫ, കെ.എച്ച് അഷറഫ്, എം.എം സലിം ഹാജി, ഹനീഫ മൂന്നാം കുന്ന്, പി.ബി ആശിഖ്, കെ.എം മഹറൂഫ്, സൈനുദീന്‍, അജ്മല്‍, കെ സഫ്‌വാന്‍ സംസാരിച്ചു.കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ ആലക്കോട് ടൗണില്‍ നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ജോസ് ഉദ്ഘാടനം ചെയ്തു. ഡെന്നീസ് വാഴപ്പള്ളി അധ്യക്ഷനായി. ജോയിസ് പുത്തന്‍പുര, മാത്യു മണ്ഡപത്തില്‍, ജോയ് കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍, ബിജു പുതുക്കള്ളി, ജെയ്മി ജോര്‍ജ്, ജോബിച്ചന്‍ മൈലാടൂര്‍ ജോസഫ് ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.

Sunday, August 21, 2016

പരിയാരത്ത് അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി നീക്കം ചെയ്തില്ല


തളിപ്പറമ്പ് :കഴിഞ്ഞ 17ന്  പരിയാരം സെന്‍ട്രലില്‍ റേഷന്‍കടക്കു സമീപം അപകടത്തില്‍ പെട്ട ബുള്ളറ്റ് ടാങ്കര്‍ ലോറി നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് നിറയ്ക്കാന്‍ പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറും, മഗ്ലൂരുവില്‍ നിന്ന് മണലുമായി കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ട് വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇതില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ നാഗേശ്വര്‍(41) മഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാല് മുറിച്ചു മാറ്റി ചികിത്സയില്‍ തുടരുകയാണ്.

അപകടം നടന്ന ദിവസം തന്നെ ചരക്ക് ലോറി നീക്കം ചെയ്തിരുന്നു. കുപ്പം ഖലാസികളുടെ സഹായത്തോടെ ടാങ്കര്‍ ലോറി റോഡില്‍ നിന്നും മാറ്റിയിട്ടിരുന്നുവെങ്കിലും പകുതിയോളം ഭാഗം ഇപ്പോഴും റോഡില്‍ തന്നെയാണ്. തിരക്കേറിയ ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്ന ഈ ഭാഗത്ത് പകുതിയോളം റോഡിലേക്ക് തള്ളിനില്‍ക്കുന്ന ടാങ്കര്‍ കൂടുതല്‍ അപകടം വരുത്തിവെക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ക്യാബിന്‍ സമീപത്തെ കടയുടെ ഭാഗത്തേക്ക് ചെരിഞ്ഞു നില്‍ക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നു. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയുടേതാണ് ടാങ്കര്‍ ലോറി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഗ്യാസ് കൊണ്ടുപോകുന്ന വണ്ടിയാണ്. പകരം പുതിയ ക്യാബിനെത്തിയാല്‍ മാത്രമേ ടാങ്കര്‍ ഇവിടെ നിന്നും മാറ്റുവാന്‍ സാധിക്കുകയുള്ളൂ. 

അപകടം നടന്നതിന്റെ അടുത്ത ദിവസം തന്നെ പുതിയ ക്യാബിന്‍ എത്തിച്ച് ടാങ്കര്‍ അപകട സ്ഥലത്തു നിന്നും മാറ്റുമെന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ അവര്‍ നല്‍കിയ നമ്പറിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല എന്നുമാണ് പരിയാരം പൊലിസ് പറയുന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകടഭീഷണി ഉയര്‍്ത്തുന്ന ടാങ്കര്‍ ലോറി ഓയില്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 


Wednesday, August 17, 2016

പരിയാരം ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം.



 പരിയാരം ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം. 

ഗ്യാസ് ലീക്കായെന്ന അഭ്യൂഹം, ജനങ്ങള്‍ പരിഭ്രാന്തരായി.

രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.ഇവരെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.

തളിപ്പറമ്പ് :കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാന്‍ പോകുന്ന കെ എ 05 എ സി 5807 ബുള്ളറ്റ് ടാങ്കറും,മംഗലാപുരത്തുനിന്നും പൂഴിയുമായി കണ്ണുര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ എ 19 എ ബി 2606 ലോറിയുമാണ് ദേശീയപാതയില്‍ പരിയാരം സെന്‍ട്രലില്‍ ഇന്നലെ രാവിലെ 8 മണിയോടെ അപകടത്തില്‍പ്പെട്ടത്.ടാങ്കര്‍ ലോറി ഡ്രൈവര്‍ കോയമ്പത്തുര്‍ സ്വദേശി നാഗരാജന്‍(41),പൂഴി ലോറി ഡ്രൈവര്‍ ഏറണാകുളം സ്വദേശി അനസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാഗരാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ഇയാളെ മെഡിക്കല്‍കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

       

അപകടത്തെ തുടര്‍ന്ന് ടാങ്കറിന്റെ കാബിന്‍ പുര്‍ണ്ണമായും തകര്‍ന്നു. ടാങ്ക് തകര്‍ന്ന്  ഡിസല്‍ ചോര്‍ന്ന്  മണം വ്യാപിച്ചതോടെ   ടാങ്കറില്‍നിന്നും ഗ്യാസ് ലീക്കായെന്ന അഭ്യുഹം പരന്നു. വാട്‌സ് ആപ്പ് ഗ്രുപ്പുകള്‍ വഴി അപകട മുന്നറിയിപ്പുകള്‍ പ്രചരിച്ചതോടെ മറ്റൊരു ചാല ദുരന്തം സംഭവിച്ചേക്കാം എന്ന ആശങ്കയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് രക്ഷപെടാനുള്ള ഒരുക്കം തുടങ്ങി.വ്യാപാരികള്‍ കടകള്‍ അടച്ചു.എസ് ഐ കെ എന്‍ മനോജിന്റെ നേതൃത്വത്തില്‍ പരിയാരം പോലിസും,അസി.സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേമരാജന്‍ കക്കാടിയുടെയും,സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഹരിനാരായണന്റെയും നേതൃത്വത്തില്‍ തളിപ്പറമ്പ് ഫയര്‍ സര്‍വിസും അപകട സ്ഥലത്തെത്തി ഗ്യാസ് ഇല്ലാത്ത ടാങ്കറാണ് അപകടത്തില്‍ പെട്ടതെന്ന്  സ്ഥിരീകരിച്ച് വാട്‌സ് ആപ്പ് ഗ്രുപ്പുകള്‍ വഴി അപകടമില്ലെന്നു അറിയിപ്പ് നല്‍കിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.മണിക്കൂറുകളോളം ദേശീയപാതവഴിയുള്ള ഗതാഗതം തടസപ്പെട്ടു.വാഹനങ്ങള്‍ കുപ്പം എഴോം റോഡുവഴി തിരിച്ചു വിട്ടു.നാട്ടുകാരുടെയും,കുപ്പം ഖലാസികളുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പോലിസ് നീക്കം ചെയ്തു.  

 ഈ മേഖലയിലെ വളവുകളില്‍ അപകടങ്ങള്‍ പതിവായിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഒപ്പം ഇതുവഴിയുള്ള ടാങ്കര്‍ ലോറി ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായി. ദിനംപ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ കേരളത്തിലെ ദേശീയപാതയിലെ പ്രധാന അപകട മേഖലയായി മാറിയിരിക്കുകയാണ് ഇവിടം. മൗനം വെടിയാന്‍ മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.





Thursday, August 11, 2016

സംസ്ഥാനപാതയില്‍ വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.


തളിപ്പറമ്പ്: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്  പരിക്കേറ്റു. ആലക്കോട് കുട്ടാപറമ്പിലെ കളപ്പുരയ്ക്കല്‍ അഗസ്റ്റിന്‍(60), പേരമകന്‍ അലന്‍(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാല്‍ പിന്നിട് അലനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ കാഞ്ഞിരങ്ങാട് മരമില്ലിന് സമീപത്തായിരുന്നു അപകടം. 

        കാഞ്ഞിരങ്ങാട് നടന്ന അപകടം


തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറും ആലക്കോട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനകത്ത് കുടുങ്ങിപ്പോയ അലനെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തളിപ്പറമ്പ് പോലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. 


ബൈജു ബികെ 

Monday, August 8, 2016

കരിമ്പത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു


സംസ്ഥാന പാതയില്‍ കരിമ്പത്ത് വീതി കുറഞ്ഞ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു.



തളിപ്പറമ്പ് : തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പം പാലത്തിനു സമീപം റോഡ് ഇടുങ്ങിയ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് കോഴിക്കോട് സ്വദേശികളായ മിഥുന്‍ബാബു(24), അനൂപ് (23) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ നല്‍കി. 

കരിമ്പം പാലത്തിനു സമീപം കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ തകര്‍ന്ന കാര്‍.

അപകടത്തില്‍ പെട്ട കെ.എല്‍.57ജെ 9530 ആള്‍ട്ടോ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കരിമ്പം ഫാം സ്റ്റോപ്പ് കഴിഞ്ഞ് പഴയ കൃഷിഭവന്‍ മുതല്‍ റോഡിന് വീതി കുറവാണ്. രണ്ടു ബസ്സുകള്‍ക്ക് ഒരുമിച്ച് കടന്നു പോകാന്‍ സാധിക്കാത്ത കാലപ്പഴക്കം ചെന്ന ചെറിയ പാലവും ഉണ്ട്.  പാലത്തോട് ചേര്‍ന്ന് കെട്ടിയ സംരക്ഷണ ഭിത്തി വാഹനമിടിച്ച് തകര്‍ന്നിരിക്കുകയാണ്. ഇവിടെ ഏതു സമയത്തും വാഹനങ്ങള്‍ തോടിലേക്ക്   മറിഞ്ഞ് അപകടം ഉണ്ടായേക്കാവുന്ന അവസ്ഥയാണ്.  പാലം കഴിയുന്നതോടെ ഇരുവശത്തും കരിമ്പം ഫാമിന്റെ മതിലുകളാണ്. 

ഇടുങ്ങിയ പാത ഇവിടെ തുടങ്ങുന്നു 

ഇരുവശത്തെയും ഓടയും കഴിഞ്ഞാല്‍ രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകേണ്ടുന്ന വീതിയിലുള്ള റോഡ് മാത്രമേയുള്ളൂ. ഏകദേശം 300 മീറ്റര്‍ ദൂരം നടപ്പാതയില്ലാതെ കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. സംസ്ഥാന പാത നവീകരണ സമയത്ത് ഇവിടെ വീതി കൂട്ടാത്തത് വിവാദമായിരുന്നു. സംസ്ഥാന പാതയില്‍ തന്നെ തളിപ്പറമ്പില്‍ ചിറവക്കിനു കപ്പാലത്തിനും ഇടയിലുള്ള 400മീറ്റര്‍ ഭാഗത്തും വീതി കൂട്ടാത്തതിനാല്‍ ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്. ഇത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടത്. എന്നാല്‍ കരിമ്പത്ത് ഗവ.ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ പ്രശ്‌ന പരിഹാരം എളുപ്പമാകുമെന്ന്  നാട്ടുകാര്‍ പറയുന്നു. ഈ വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തി അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. പാലം വീതി കൂട്ടി കരിമ്പം ഫാമിന്റെ സ്ഥലം ഏറ്റെടുത്ത് റോഡിന്റെ ഇരുവശവും നടപ്പാതയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



ബൈജു ബി കെ 



പരിയാരം ഏമ്പേറ്റില്‍ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. 


തളിപ്പറമ്പ്: ദേശീയപാതയില്‍ പരിയാരം ഏമ്പേറ്റില്‍ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്.  ചെറുതാഴം പുത്തൂര്‍ സ്വദേശി പ്രജീഷ്(23), കോറോം സ്വദേശി നിധിന്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

suprabhaatham vaartha 




പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍60 എച്ച് 6577 ഈസ്‌റ്റേണ്‍ ബസ്സ് മുന്നില്‍ പോവുകയായിരുന്ന കെഎല്‍13 എഡി 9175 പള്‍സര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രജീഷ് റോഡരികിലേക്ക് തെറിച്ചുവീണുവെങ്കിലും നിധിന്‍ ബൈക്കിനോടൊപ്പം ബസ്സിന്റെ മുന്‍ഭാഗത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഈസ്റ്റേണ്‍ ബസ്സ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ബസ്സ് പിറകിലേക്ക് മാറ്റാതെ കുടുങ്ങിക്കിടന്ന നിധിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാവാതെ പത്ത് മിനുട്ടോളം ബസ്സിന് മുന്നില്‍ കുടുങ്ങിക്കിടന്ന ഇയാളെ കണ്ണൂരിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസ്സ് ഡ്രൈവര്‍ എത്തി അപകടത്തില്‍ പെട്ട ബസ്സ് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്. സ്വകാര്യ ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അപകടെത്തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 

















അപകടത്തില്‍ പെട്ട ബസും ബൈക്കും.

Sunday, August 7, 2016

കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസ് സര്‍വേ വീണ്ടും തടഞ്ഞു

സുപ്രഭാതം വാര്‍ത്ത 

തളിപ്പറമ്പ് : കുപ്പം കുറ്റിക്കോല്‍ ബൈപ്പാസ് റോഡിന്റെ സര്‍വ്വേ ജോലികള്‍ക്കായെത്തിയ സംഘത്തെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സര്‍വ്വേ തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ പാത അധികൃതരും കണ്‍സള്‍ട്ടന്‍സി കമ്പനിക്കാരും ജില്ലാ കളക്ടറോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് കാവലിലാണ് ഇന്നലെ സര്‍വ്വേ ആരംഭിച്ചത്. രാവിലെ പത്തോടെ ആരംഭിച്ച സര്‍വ്വേ കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി 

കുപ്പം - കുറ്റിക്കോല്‍ ബൈപ്പാസ് സര്‍വ്വേ തടഞ്ഞ നാട്ടുകാരുമായി എസ്.ഐ.പി.രാജേഷ് സംസാരിക്കുന്നു.

പി.ബിജുമോന്‍,പി.വി.ബാലകൃഷ്ണന്‍, വി.രാഘവന്‍, കെ.പി.പ്രകാശന്‍, സി.രമേശന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ കീഴാറ്റൂരില്‍ വെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.രാജേഷ്  സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചയ്ക്കു ശേഷം തുടര്‍നടപടി മതിയെന്ന തീരുമാനമെടുത്ത് സര്‍വ്വേ സംഘം ഇന്നലെ മടങ്ങി. കുപ്പം - കുറ്റിക്കോല്‍ ബൈപ്പാസിനായി ആകെയുള്ള 6.78 കിലോമീറ്ററില്‍ 1.03 കിലോമീറ്റര്‍ മാത്രമാണ് ഇനി സര്‍വ്വേ നടക്കാനുള്ളത്. പുതിയ പ്ലാന്‍ പ്രകാരം ബൈപ്പാസിലേക്ക് കുപ്പത്തു നിന്നും, കുറ്റിക്കോലില്‍ നിന്നും മാത്രമേ പ്രവേശനമുള്ളൂ. കൊണ്ട് തളിപ്പറമ്പുകാര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കുകയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എല്ലാ ആശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ടു പോവുകയുള്ളൂ എന്ന് എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. 


Friday, August 5, 2016

കുപ്പത്ത് വീണ്ടും വാഹനാപകടം.

കുപ്പത്ത് വീണ്ടും വാഹനാപകടം.

അപകട വളവ് വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു.

ഇരുപതു വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് എട്ടോളം മനുഷ്യ ജീവന്‍. 

ദേശീയ പാത കുപ്പം വളവില്‍ ഇന്നലെ രാവിലെ
 അപകടത്തില്‍ പെട്ട ബസ്.



         

തളിപ്പറമ്പ് : തളിപ്പറമ്പ് - പയ്യന്നൂര്‍ ദേശീയപാതയില്‍ കുപ്പം വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന കെ.എല്‍.13 എ.എഫ് 7274 പ്രതാപ് ബസ്സാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ വളവുകയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍ഭാഗത്തേക്ക് അപകടാവസ്ഥയിലായ കലുങ്കിന് സമീപത്തേക്ക് മറിയുകയായിരുന്നു. ഈ കലുങ്ക് മെയിന്‍ സ്ലാബില്‍ നിന്നും വേര്‍പെട്ട് അപകടാവസ്ഥയിലായ വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടത്തില്‍  അഞ്ചോളം പേര്‍ക്ക് നിസ്സാരപരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവം നടന്നതറിഞ്ഞ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി. 


സുപ്രഭാതം വാര്‍ത്ത 

ഈ വളവില്‍ രണ്ടു മാസത്തിനിടയില്‍ പതിനാറാമത്തെ അപകടമാണിതെന്ന് പൊലിസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനു ശേഷം ഹമ്പുകളും, ഡിവൈഡറുകളും സ്ഥാപിച്ചിരുന്നു. കാലക്രമേണ ഇവ നശിച്ചുപോവുകയും പിന്നീട് പുനഃസ്ഥാപിക്കാതിരുന്നതോടെ അപകടങ്ങളും പതിവായി.  അപകട വളവ് വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ വളവില്‍ മാത്രം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ നടന്ന അപകടങ്ങളിലായി എട്ടോളം മനുഷ്യ ജീവനാണ് പൊലിഞ്ഞത്. ചിറവക്ക് മുതല്‍ പരിയാരം വരെയുള്ള കൊടും വളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെടാനും ജനകീയ കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. 



 ബൈജു ബികെ 


പരിയാരം ദേശീയ പാതയോരത്തെ കുറ്റിക്കാടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.



റോഡിലേക്ക് കാടുകയറി നില്‍ക്കുന്ന പരിയാരം ദേശീയപാതയോരം. 





തളിപ്പറമ്പ് :തളിപ്പറമ്പ് - പയ്യന്നൂര്‍ ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് വളര്‍ന്ന് റോഡിലേക്ക് കയറി നില്‍ക്കുന്ന കുറ്റിക്കാടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. അലക്യൂം പാലത്തിനും, പരിയാരം മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തിനും ഇടയിലാണ് കുറ്റിക്കാടുകള്‍ റോഡിലേക്ക് വളര്‍ന്ന് കാല്‍നടയാത്രക്കാര്‍ റോഡില്‍ കയറി നടക്കേണ്ട അവസ്ഥയുള്ളത്. കാട് വളര്‍ന്നതോടെ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥലത്തു വച്ചാണ് അന്യസംസ്ഥാന തൊഴിലാളി പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.  വഴിവിളക്കുകള്‍ ഇല്ലാത്ത ഈ ഭാഗത്ത് രാത്രിയില്‍ മാലിന്യങ്ങള്‍ നല്‍കുന്നതും പതിവാണ്. മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും, ഇഴജന്തുക്കളുമാണ് മറ്റൊരു ഭീഷണിയെന്ന് ഇതുവഴി സ്ഥിരം നടന്നുപോകുന്ന മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പറയുന്നത്. തിരക്കേറിയ ദേശീയപാതയില്‍ വാഹനം ഓടിക്കുന്നവരുടെ കാഴ്ച്ച മറക്കുന്ന രീതിയിലാണ് കുറ്റിക്കാടുകള്‍ പടര്‍ന്നു കയറിയത്. ഇത് ഇരുചക്രവാഹനങ്ങളെയാണ് കൂടുതല്‍ അപകടത്തിലാക്കുന്നത്. സാമൂഹ്യ വിരുദ്ധര്‍ക്ക് അനുകൂലമാമയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീതി പങ്കിടുന്നതിനോടൊപ്പം എത്രയും പെട്ടെന്ന് റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 


സുപ്രഭാതം വാര്‍ത്ത 




 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ല്യാര്‍ ഇന്ന്ഓണപ്പറമ്പില്‍





തളിപ്പറമ്പ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ല്യാര്‍ ഇന്ന് വൈകുന്നേരം ഏഴ്് മണിക്ക് ഓണപ്പറമ്പില്‍ കൊട്ടില നൂറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന-അനുമോദന ചടങ്ങില്‍ പങ്കെടുക്കും.
സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ നാലാം സ്ഥാനം നേടിയ കൊട്ടില നൂറുല്‍ ഇസ്ലാം മദ്‌റസയിലെ മുഹമ്മദ് നിഹാദിനെയും,  എസ്.എസ്.എല്‍.സി, പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ അനുമോദിക്കും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ അസ്അദി നമ്പ്രം മുഖ്യ പ്രഭാഷണം നടത്തും.

സുപ്രഭാതം വാര്‍ത്ത 



Thursday, August 4, 2016


അനധികതമായി സൂക്ഷിച്ച മണല്‍ പിടികൂടി

പിടികൂടാനെത്തിയ റവന്യൂ - പഞ്ചായത്ത് അധികാരികളെ നാട്ടുകാര്‍ തടഞ്ഞു.



തളിപ്പറമ്പ് : കുറുമാത്തൂര്‍ കടവിനു സമീപം അനധികൃതമായി സൂക്ഷിച്ച മണല്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യൂ - പഞ്ചായത്ത് അധികാരികള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുറുമാത്തൂര്‍ കടവിനു സമീപം കാട്ടില്‍ കൂട്ടിയിട്ട് ഒളിപ്പിച്ചു വച്ച നിലയില്‍ 15 ടണ്ണോളം മണല്‍ കണ്ടെത്തിയത്.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി.കൃഷ്ണരാജ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി.നാരായണന്‍, വാര്‍ഡ് മെമ്പര്‍ എന്‍.പി.അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. പിടിച്ചെടുത്ത മണല്‍ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാര്‍ തടയുകയും, നിര്‍ധനരായ ഒരു കുടുംബത്തിനു വീട് നിര്‍മ്മിക്കുന്നതിനു വേണ്ടി പുഴയില്‍ നിന്നും കോരിയെടുത്ത മണലാണിതെന്ന്  അവകാശപ്പെടുകയും ചെയ്തു





നാട്ടുകാരും അധികാരികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കാവുന്ന അവസരത്തില്‍ പൊലിസില്‍ വിവരമറിയിക്കുകയും തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ .പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തുകയും പിടിച്ചെടുത്ത മണല്‍ പൊലിസ് സംരക്ഷണത്തോടെ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ഉദ്യോഗസ്ഥരേ തടഞ്ഞതില്‍ നാട്ടുകാര്‍ക്ക് പങ്കില്ലെന്നും,മണല്‍ കടത്തുകാരെ സഹായിക്കുന്ന കുറച്ചാളുകള്‍ മാത്രമാണ് ഇതിനു പിന്നിലെന്നും അറിവായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കീരിയാട് കടവില്‍ നിന്നും അനധികൃതമായി പൂഴിവാരാനെത്തിയവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു.വരും ദിവസങ്ങളിലും അനധികൃത മണല്‍വാരലിനെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും റവന്യു - പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു....................................................




സുപ്രഭാതം വാര്‍ത്ത 

തെരഞ്ഞെടുപ്പ് ഡ്യൂട്ടി വഹിക്കേണ്ടി വന്ന ജില്ലയിലെ സ്വകാര്യ വാഹന ഉടമകള്‍ക്ക്  വണ്ടി വാടക  ലഭിച്ചില്ല.

പണിക്കൂലി പോലും കിട്ടാതെ വാഹന ഉടമകള്‍ 

സുപ്രഭാതം വാര്‍ത്ത‍ 

തളിപ്പറമ്പ് : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് രണ്ട് മാസം പിന്നിട്ടിട്ടും നിര്‍ബന്ധിത തെരഞ്ഞെടുപ്പ് ഡ്യൂട്ടി വഹിക്കേണ്ടി വന്ന ജില്ലയിലെ സ്വകാര്യ വാഹന ഉടമകള്‍ക്ക്  വണ്ടി വാടകയില്‍ ചില്ലിക്കാശുപോലും ലഭിച്ചില്ലെന്ന് ആക്ഷേപം. ജില്ലയില്‍ കണ്ണൂര്‍, തളിപ്പറമ്പ്. ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 11 നിയമസഭാ നിയോജകത മണ്ഡലങ്ങളുമായി ബന്ധപ്പെട്ട സെക്ടര്‍ ഡ്യൂട്ടി, മാതൃകാ പെരുമാറ്റ ചട്ടപരിശോധന, ആന്റി ഡിഫേഴ്‌സ്‌മെന്റ് ഡ്യൂട്ടി, പോളിങ്ങ് സാധനങ്ങളുടെ വിതരണ-സ്വീകരണ ഡ്യൂട്ടി, പോളിങ്ങ് ഉദ്യോഗസ്ഥരുടെ യാത്ര തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലയില്‍ 350 സ്വകാര്യ-ടൂറിസ്റ്റ് ബസ്സുകളും അറുന്നൂറോളം സ്വകാര്യ ജീപ്പുകളുമാണ് മോട്ടോര്‍ വാഹന വകുപ്പ് മുഖേന പിടിച്ചെടുത്തിരുന്നത് ഇവയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് രണ്ട് ദിവസത്തേക്ക് വാടകയും മറ്റ് അനാമത്ത് ചെലവുകളും ഉള്‍പ്പെടെ 10,500 രൂപ ലഭിക്കേണ്ടതുണ്ട്. ജീപ്പിനും മറ്റ് വാഹനങ്ങള്‍ക്കും ഓടിയ ദൂരത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച കിലോമീറ്ററിന് 15 രൂപ നിരക്കിലാണ് തുക ലഭിക്കുക. തങ്ങള്‍ ആഗ്രഹിക്കാത്ത നിര്‍ബന്ധിത ഡ്യൂട്ടിക്ക് നാളുകള്‍ കഴിഞ്ഞിട്ടും ന്യായമായ പ്രതിഫലം കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി. അതേ അവസരത്തില്‍ പോലീസ് അധികൃതര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് വാടക തുക ഇതിനകം ലഭിച്ചു കഴിഞ്ഞു. കളക്ട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നാണ് വാഹനഉടമകള്‍ പരാതിപ്പെടുന്നത്. ഇതോടൊപ്പം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ജില്ലയിലെ വിവിധ സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകള്‍ക്കും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്. വാടക ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വാഹന ഉടമകള്‍.




ബൈജു ബികെ 

Wednesday, August 3, 2016

 മദ്റസ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തി.
തെരഞ്ഞെടുപ്പ് അനുഭവമാക്കി വിദ്യാര്‍ഥികള്‍.......,


വോട്ടു ചെയ്യാനായി കാത്തു
നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ 


തളിപ്പറമ്പ് : ജനാധിപത്യത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് അള്ളാംകുളം നൂറുല്‍ ഇസ്ലാം മദ്രസയില്‍ തെരഞ്ഞെടുപ്പ് നടന്നു. 2016-17 വര്‍ഷത്തേക്കുള്ള ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്കുള്ള ഇലക്ഷനാണ് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തിയത്. ഒരാഴ്ച്ച മുമ്പേ പ്രചാരണം ആരംഭിച്ചു. സുപ്രഭാതം, കുരുന്നുകള്‍, സന്തുഷ്ട കുടുംബം, സുന്നി അഫ്കാര്‍ എന്നീ ചിഹ്നങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.  തെരഞ്ഞെടുപ്പില്‍ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സദര്‍ മുഅല്ലീം ഇബ്രാഹിം ദാരിമി, ഖത്തീബ്  അബൂബക്കര്‍ ബാഖഫി, സി.മുഹമ്മദ് കുഞ്ഞി മൗലവി, ഷറഫുദീന്‍ മൗലവി, അഷ്‌റഫ് ഫൈസി, ഉസ്മാന്‍ ഉസ്താദ്, മുഹമ്മദ് മുണ്ടേരി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

സുപ്രഭാതം വാര്‍ത്ത 

മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ 



ബൈജു ബികെ