ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, August 5, 2016

കുപ്പത്ത് വീണ്ടും വാഹനാപകടം.

കുപ്പത്ത് വീണ്ടും വാഹനാപകടം.

അപകട വളവ് വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു.

ഇരുപതു വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് എട്ടോളം മനുഷ്യ ജീവന്‍. 

ദേശീയ പാത കുപ്പം വളവില്‍ ഇന്നലെ രാവിലെ
 അപകടത്തില്‍ പെട്ട ബസ്.



         

തളിപ്പറമ്പ് : തളിപ്പറമ്പ് - പയ്യന്നൂര്‍ ദേശീയപാതയില്‍ കുപ്പം വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന കെ.എല്‍.13 എ.എഫ് 7274 പ്രതാപ് ബസ്സാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ വളവുകയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍ഭാഗത്തേക്ക് അപകടാവസ്ഥയിലായ കലുങ്കിന് സമീപത്തേക്ക് മറിയുകയായിരുന്നു. ഈ കലുങ്ക് മെയിന്‍ സ്ലാബില്‍ നിന്നും വേര്‍പെട്ട് അപകടാവസ്ഥയിലായ വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടത്തില്‍  അഞ്ചോളം പേര്‍ക്ക് നിസ്സാരപരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവം നടന്നതറിഞ്ഞ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി. 


സുപ്രഭാതം വാര്‍ത്ത 

ഈ വളവില്‍ രണ്ടു മാസത്തിനിടയില്‍ പതിനാറാമത്തെ അപകടമാണിതെന്ന് പൊലിസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനു ശേഷം ഹമ്പുകളും, ഡിവൈഡറുകളും സ്ഥാപിച്ചിരുന്നു. കാലക്രമേണ ഇവ നശിച്ചുപോവുകയും പിന്നീട് പുനഃസ്ഥാപിക്കാതിരുന്നതോടെ അപകടങ്ങളും പതിവായി.  അപകട വളവ് വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ വളവില്‍ മാത്രം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ നടന്ന അപകടങ്ങളിലായി എട്ടോളം മനുഷ്യ ജീവനാണ് പൊലിഞ്ഞത്. ചിറവക്ക് മുതല്‍ പരിയാരം വരെയുള്ള കൊടും വളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെടാനും ജനകീയ കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. 



 ബൈജു ബികെ 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.