ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, August 7, 2016

ആലക്കോട് ഉരുള്‍പൊട്ടല്‍ ; നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വികസന സമിതി യോഗത്തില്‍ പരാതി.


തളിപ്പറമ്പ്: ആലക്കോട് മേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തത്തില്‍ 16,95,000 രൂപയുടെ നഷ്ടം സംഭവിച്ചതായി തളിപ്പറമ്പ് തഹസില്‍ദാര്‍ എ.ശ്രീവല്‍സന്‍ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. ദുരന്തത്തില്‍ 33 വീടുകള്‍ തകര്‍ന്നു; ്അതില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും മറ്റ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഷ്ടം സംബന്ധിച്ച കണക്കുകള്‍ പൂര്‍ണ്ണമാണെങ്കിലും സര്‍ക്കാറില്‍ നിന്നും പണമൊന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്നും തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക് പരിധിയിലെ മറ്റ് 36  വില്ലേജുകളിലായി ഇതേവരെ നടന്ന പ്രകൃതി ദുരന്തങ്ങളില്‍ 11,58,602 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. സര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ എന്നും തഹസില്‍ദാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍ വികസനസമിതി മുമ്പാകെ നല്‍കിയ പരാതിയാലാണ് തഹസില്‍ദാരുടെ പ്രതികരണം. കഴിഞ്ഞ വികസന സമിതി യോഗത്തില്‍ ഇക്കാര്യത്തിലുണ്ടായ റവന്യു വകുപ്പിന്റെ വീഴ്ച്ചയില്‍ ജയിംസ്മാത്യു എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. എംഎല്‍എമാരായ ടി.വി.രാജേഷ്, കെ.സി.ജോസഫ്, ജയിംസ്മാത്യു എന്നിവര്‍ സ്ഥലത്തത്തുകയും അഞ്ച് കോടി രൂപയോളം നഷ്ടം സംഭവിച്ചതായി ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. കളക്ടറും റവന്യു അധികൃതരും ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം നല്‍കിയ റിപ്പോര്‍ട്ടിലാണ് നഷ്ടപരിഹാരം നാമമാത്രമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും വികസനസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നാമമാത്രമായ ഈ നഷ്ടപരിഹാരം കൊണ്ട് അന്നുമാവില്ലെന്നും കൃഷിഭൂമി വലിയതോതില്‍ നശിച്ചതിനാല്‍ നഷ്ടപരിഹാരതുക ഉയര്‍ത്തണമെന്നും മോളി മാനുവല്‍ യോഗത്തില്‍ അവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അലസമനോഭാവത്തിനെതിരെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.
    ഉദയഗിരി പഞ്ചായത്തില്‍ കൃഷിഭവന്‍ നിര്‍മ്മിക്കാന്‍ കൃഷിവകുപ്പ് തുക അനുവദിച്ചിട്ടുണ്ടെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുമെന്നും തളിപ്പറമ്പ് കൃഷി അസി.ഡയരക്ടര്‍ കെ.അനില വികസന സമിതി യോഗത്തെ അറിയിച്ചു. ഉദയഗരി കൃഷിഭവന് പുതിയ കെട്ടിടം പണിയുന്നതിന് 2016 ഫെബ്രുവരി 28 ന് അന്നത്തെ മന്ത്രി തറക്കല്ലിട്ടുവെങ്കിലും പണി ആരംഭിച്ചില്ലെന്ന് കെഎസ്‌കെടിയു ജില്ലാ കമ്മറ്റി അംഗം കെ.എസ്.ചന്ദ്രശേഖരന്‍ യോഗം മുമ്പാകെ പരാതിപ്പെട്ടു. ചെണ്ടര്‍ അവാതെയാണ് പ്രവര്‍ത്തി തുടങ്ങാന്‍ തറക്കല്ലിട്ടതെന്നും, പഴയ ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനില്‍ നിന്നുതിരിയാന്‍ പോലും സ്ഥലമില്ലെന്നും അടിയന്തിരമായി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നും പരാതിയില്‍ ഉന്നയിതക്കപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഉദയഗിരിയില്‍ ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് മനോഹരമായ കെട്ടിടമല്ലാതെ മറ്റ് യാതൊരു അടിസ്താന സൗകര്യവുമില്ലെന്നും വികസനസമിതി മുമ്പാകെ പരാതി ഉയര്‍ന്നു. എഫ്എംബി, ബിടി രജിസ്റ്റര്‍, എ.രജിസ്റ്റര്‍ എന്നിവയൊന്നും ഇതേവരെ ലഭ്യമാക്കിയിട്ടില്ല. 24 മാസത്തിനിടയില്‍ 11 വില്ലേജ് ഓഫീസര്‍മാരാണ് വന്നുപോയതെന്നും 12 മത്തെ  ഓഫീസര്‍ നാളെ ചുമതലയേല്‍ക്കുമെന്നും, ആറ് ജീവനക്കാര്‍ വേണ്ട സ്ഥാനത്ത് നാലുപേര്‍ മാത്രമാണ് നിലവിലുള്ളതെന്നും പരാതികള്‍ ഉയര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ വികസനസമിതി കളക്ടറോട് ആവശ്യപ്പെട്ടു. തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ കാര്‍ത്തികപുരം ഭാഗത്ത് രോഡരികില്‍ മരങ്ങളും പാറകളും വാഹനഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും സിപിഎം കാര്‍ത്തികപുരം ലോക്കല്‍ സെക്രട്ടറി സാജന്‍ ജോസഫ് സമിതി മുമ്പാകെ ആവശ്യപ്പെട്ടു. ഈ ഭാഗത്തെ റോഡരികില്‍ സ്വകാര്യ ഭൂമിയിലാണ് മരങ്ങളും പാറകളും ഉള്ളതെന്നും ഇക്കാര്യത്തില്‍ പൊതുമരാമത്തുവകുപ്പിന് ഒന്നും ചെയ്യാനാവില്ലെന്നും, നിലവില്‍ നാല് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ.ദിവാകരന്‍ അറിയിച്ചു.
    നടുവില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ഉപയോഗശൂന്യമായ വാട്ടര്‍ടാങ്ക് പൊളിച്ചുമാറ്റാന്‍ ജനകീയ കമ്മറ്റിയുടെ സഹകരണം തേടാന്‍ യോഗം തീരുമാനിച്ചു. രണ്ട് തവണ ഇത് പൊളിച്ചുമാറ്റാന്‍ ടെണ്ടര്‍ വിളിച്ചുവെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് ടാങ്ക് പൊളിച്ചുമാറ്റാന്‍ ജനകീയ കമ്മറ്റിയുടെ സേവനം തേയാന്‍ യോഗം നിര്‍്ദദേശിച്ചത്. വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശിച്ച തുകയ്ക്ക് പുറമെ വരുന്ന തുക ജനകീയ കമ്മറ്റി വഹിക്കാനാണ് ധാരണ. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, തഹസില്‍ദാര്‍ എ.ശ്രീവല്‍സന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.കെ.കൃഷ്ണരാജ്, കെ.രാജന്‍, ഇ.കെ.രാജന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുമിത്രാ ഭാസ്‌ക്കരന്‍, അന്‍സാരി തില്ലങ്കേരി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
  


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.