ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, January 19, 2026

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തളിപ്പറമ്പ്: തൃച്ചംബരം ഈസ്റ്റ് ശ്രീ ഗുരുമഠം ദേവസ്ഥാനത്തെ ഈ വർഷത്തെ ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. 31-ന് ശനിയാഴ്ച പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ഭഗവാന്റെ നിവേദ്യമായ വാഴക്കുല കൊത്തൽ നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. ഏഴരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി, ഡോ. ധനഞ്ജയ ഭട്ട് മധൂർ എന്നിവരെ ആദരിക്കും.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം ഏഴുമണി മുതൽ വിവിധ കലാപരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലകുളങ്ങര ക്ഷേത്രത്തിൽ കലശം കുളിയും വൈകുന്നേരം 5.30 ന് ദീപം തെളിയിക്കലും തുടർന്ന് വൈകുണ്ഠ നിർമ്മാണവും നടക്കും. രാത്രി എട്ടുമണിക്ക് ഭക്തിഗാനാലാപനവും 11 മണിക്ക് ഗുരുമഠം ഗുരുസ്ഥാനി എ. ഹരിദാസന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങായ ലക്ഷ്മി നാരായണ പൂജയും നടക്കും.

സമാപന ദിവസമായ ഫെബ്രുവരി മൂന്നിന് പുലർച്ചെ മറുപൂജയും തുടർന്ന് ഭാഗവത പാരായണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ മഹോത്സവത്തിന് സമാപനമാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.