ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, August 8, 2016

കരിമ്പത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു


സംസ്ഥാന പാതയില്‍ കരിമ്പത്ത് വീതി കുറഞ്ഞ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു.



തളിപ്പറമ്പ് : തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പം പാലത്തിനു സമീപം റോഡ് ഇടുങ്ങിയ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് കോഴിക്കോട് സ്വദേശികളായ മിഥുന്‍ബാബു(24), അനൂപ് (23) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ നല്‍കി. 

കരിമ്പം പാലത്തിനു സമീപം കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ തകര്‍ന്ന കാര്‍.

അപകടത്തില്‍ പെട്ട കെ.എല്‍.57ജെ 9530 ആള്‍ട്ടോ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കരിമ്പം ഫാം സ്റ്റോപ്പ് കഴിഞ്ഞ് പഴയ കൃഷിഭവന്‍ മുതല്‍ റോഡിന് വീതി കുറവാണ്. രണ്ടു ബസ്സുകള്‍ക്ക് ഒരുമിച്ച് കടന്നു പോകാന്‍ സാധിക്കാത്ത കാലപ്പഴക്കം ചെന്ന ചെറിയ പാലവും ഉണ്ട്.  പാലത്തോട് ചേര്‍ന്ന് കെട്ടിയ സംരക്ഷണ ഭിത്തി വാഹനമിടിച്ച് തകര്‍ന്നിരിക്കുകയാണ്. ഇവിടെ ഏതു സമയത്തും വാഹനങ്ങള്‍ തോടിലേക്ക്   മറിഞ്ഞ് അപകടം ഉണ്ടായേക്കാവുന്ന അവസ്ഥയാണ്.  പാലം കഴിയുന്നതോടെ ഇരുവശത്തും കരിമ്പം ഫാമിന്റെ മതിലുകളാണ്. 

ഇടുങ്ങിയ പാത ഇവിടെ തുടങ്ങുന്നു 

ഇരുവശത്തെയും ഓടയും കഴിഞ്ഞാല്‍ രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകേണ്ടുന്ന വീതിയിലുള്ള റോഡ് മാത്രമേയുള്ളൂ. ഏകദേശം 300 മീറ്റര്‍ ദൂരം നടപ്പാതയില്ലാതെ കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. സംസ്ഥാന പാത നവീകരണ സമയത്ത് ഇവിടെ വീതി കൂട്ടാത്തത് വിവാദമായിരുന്നു. സംസ്ഥാന പാതയില്‍ തന്നെ തളിപ്പറമ്പില്‍ ചിറവക്കിനു കപ്പാലത്തിനും ഇടയിലുള്ള 400മീറ്റര്‍ ഭാഗത്തും വീതി കൂട്ടാത്തതിനാല്‍ ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്. ഇത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടത്. എന്നാല്‍ കരിമ്പത്ത് ഗവ.ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ പ്രശ്‌ന പരിഹാരം എളുപ്പമാകുമെന്ന്  നാട്ടുകാര്‍ പറയുന്നു. ഈ വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തി അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. പാലം വീതി കൂട്ടി കരിമ്പം ഫാമിന്റെ സ്ഥലം ഏറ്റെടുത്ത് റോഡിന്റെ ഇരുവശവും നടപ്പാതയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



ബൈജു ബി കെ 

1 comment:

  1. ഈ വിഷയത്തില്‍ അടിയന്തിരമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.