ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Wednesday, November 16, 2016

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു.


തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു.

ബൈജു ബികെ തളിപറമ്പ് 
 തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടങ്ങളും, ഗതാഗത തടസവും പതിവാകുന്നു. ദേശീയപാതയില്‍ ചിറവക്കിനും  ശ്രീകണ്ഠാപുരത്തിനുമിടയില്‍ സ്ഥിരം അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഏറിവരികയാണ്. ഡ്രൈവര്‍മാരുടെ കാഴ്ച്ച മറക്കുന്ന രീതിയില്‍ റോഡരികില്‍ വളര്‍ന്നുവരുന്ന കാടുകള്‍ യഥാസമയം വെട്ടിത്തെളിക്കാത്തതും, ടൗണ്‍ പ്രദേശങ്ങളില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താതും, വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങുമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമാകുന്നത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി സ്റ്റോപ്പ്, കരിമ്പത്തെ വളവുകള്‍, ചൊറുക്കള, കുറുമാത്തൂര്‍ ഡയറി, നെടുമുണ്ട, ചേരന്‍കുന്ന്, പരിപ്പായി തുടങ്ങി തുടര്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ദിവസവും ഏറിവരികയാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രി സ്റ്റോപ്പില്‍ നടന്ന അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കണ്ട് ശേഷം മരുന്ന് വാങ്ങുന്നതിന് റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ഥിരം അപകടങ്ങള്‍ നടക്കാറുളള ഇവിടെ ഗതാഗത തടസ്സവും പതിവാണ്. രണ്ടു ദിശയില്‍ നിന്നും വരുന്ന ബസ്സുകള്‍ ഒരേ സ്ഥലത്ത് യാത്രക്കാരെ ഇറക്കുന്നതും, പല ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതുമാണ് പലപ്പോഴും അപകടങ്ങളും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നത്. ഇവിടെ സീബ്ര ലൈനുകളും മാഞ്ഞുകിടക്കുകയാണ്. താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍, തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിലേക്ക് വരുന്നവര്‍, സര്‍ സയ്യിദ് കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കൂള്‍, കേയീ സാഹിബ് ട്രയിനിംഗ് കോളേജ് എന്നിവടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും ഈ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ബസ്സുകള്‍ ഏറെ നേരം നിര്‍ത്തിയിടുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. രോഗികളെയും കൊണ്ടു പോകുന്ന ആംബുലന്‍സുകളും അത്യാഹിത സ്ഥലങ്ങളിലേക്ക് പോകുന്ന ഫയര്‍ സര്‍വ്വീസ് വാഹനങ്ങളും ഈ ഗതാഗത കുരുക്കില്‍പെടുന്നത് പതിവാണ്. സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരും കച്ചവടക്കാരും സംഘടിച്ച് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്റെയും ആര്‍.ടി.ഒ അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബസ്റ്റോപ്പ് താലൂക്ക് ആശുപത്രിയുടെ രണ്ട് വശത്തേക്ക് മാറ്റാനും, ഓട്ടോ സ്റ്റാന്‍ഡ് ക്രമീകരിക്കാനും ഉള്ള ശ്രമങ്ങള്‍ നഗരസഭയുടെയും, ആര്‍.ടി.ഒ അധികൃതരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും, സ്റ്റോപ്പ് രണ്ട് ദിശയിലേക്ക് മാറ്റുന്നതോടെ സ്ഥലത്തെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് താലൂക്ക് വികസന സമിതി നിര്‍ദ്ധേശ പ്രകാരം ബസ്റ്റോപ്പ് താലൂക്ക് ആശുപത്രിയുടെ രണ്ട് വശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഒരു വശത്തെ ബസ്
കാത്തിരിപ്പ് കേന്ദ്രം തളിപ്പറമ്പിലെ വ്യാപാരികള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നും നിര്‍ത്തിവക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ സ്ഥിരം അപകട മേഖലകളില്‍ ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിഗ്നല്‍ സംവിധാനങ്ങളും, അപകട മുന്നറിയിപ്പ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.