കരിമ്പം ജില്ലാ കൃഷിഫാമില്‍ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് തുടക്കമായി.
സന്ദര്‍ശകരെ കാത്ത് കരിമ്പം ജില്ലാ കൃഷിഫാമിലെ ഔഷധ സസ്യശേഖരം.
തളിപ്പറമ്പ : സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനായി മാറിയേക്കാവുന്ന രീതിയില്‍ കരിമ്പം ജില്ലാ കൃഷിഫാമിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് തുടക്കമായി. തുടക്കത്തില്‍ ആയിരത്തോളം സസ്യങ്ങളാണ് പ്രത്യേക ചെടിച്ചട്ടികളില്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. 1904 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിച്ച ഫാമിനകത്ത് ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്ന ചോലമൂലയില്‍ ആയിരക്കണക്കിന് സസ്യങ്ങളുടെ വന്‍ ശേഖരമാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. വര്‍ഷങ്ങളായി പകല്‍ സമയത്ത് പോലും ആളുകള്‍ പോകാന്‍ മടിക്കുന്ന ചോലമൂലയിലെ ഔഷധസസ്യ കലവറ കണ്ടെത്തി ഫാം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി അവ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് ഫാമിലെ മുന്‍ മേസ്ത്രിയും പാരമ്പര്യ വൈദ്യനുമായിരുന്ന വി.വി.രാമന്റെ മകനും ഫാം ജീവനക്കാരനുമായ വി.വി രാജുവും സഹപ്രവര്‍ത്തകനായ വി.വി രൂപേഷുമാണ്.
കൊടും വനത്തിന്റെ അന്തരീക്ഷം നിറഞ്ഞ ചോലമൂലയില്‍ വളരുന്ന ഔഷധ സസ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ ഏറെ പ്രയാസമനുഭവിച്ചെന്ന് ഇവര്‍ പറയുന്നു. ഇതുവരെ ആയിരത്തോളം ഔഷധ സസ്യങ്ങള്‍ കണ്ടെത്തുകയും, എണ്ണൂറോളം ചെടികള്‍ ഇതിനകം പ്രത്യേക ചട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു കഴിഞ്ഞു. കൂടുതല്‍ സസ്യങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.ഇപ്പോള്‍ ഫാമിലെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്തുകൊണ്ട് വിവിധ ഔഷധ സസ്യങ്ങള്‍ നടന്നുകണ്ട് പരിചയപ്പെടാനുള്ള രീതിയില്‍ ഗ്രീന്‍ ഹൗസിനു സമീപത്തായാണ് ക്രമീകരിച്ചിരിക്കുന്നത്.ചെടികളുടെ പേര്, ശാസ്ത്രീയനാമം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. സംരക്ഷിക്കുന്നതോടൊപ്പം ഇവയുടെ കൂടുതല്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള പദ്ധതികളും ഫാം അധികൃതര്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നവയുമായ മരവുരി, പുത്രന്‍ജീവ, വെള്ളോടല്‍, ഗുഗ്ഗുലു, കടുക്ക, കരിങ്ങാലി, വെള്ളപൊയില്‍, മലവേപ്പ്, ചതുരമുല്ല, കുടല്‍ചുരുക്കി, രുദ്രാക്ഷം, ഭദ്രാക്ഷം, ഗരുഡപ്പച്ച, നാഗലിംഗമരം,വള്ളിക്കാഞ്ഞിരം, വേര്‍മരുന്ന്്്, കര്‍പ്പൂരം, വിഴാലരി, പൂവരശ്, കൃഷ്ണപ്പച്ച, തുളസിവെറ്റില, ലന്ത, മുള്ളമൃത് എന്നിവ ശേഖരത്തിലെ പ്രധാനികളാണ്. ഇനിയും ആയിരത്തിലേറെ സസ്യങ്ങള്‍ തിരിച്ചറിയാത്തതായി ചോലമൂലയിലെ ജൈവവൈവിധ്യ കേന്ദ്രത്തലുണ്ട്. അവയെല്ലാം തന്നെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് ചട്ടികളിലാക്കി സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. പല സസ്യങ്ങളുടേയും പേരുകള്‍ കണ്ടെത്തുന്നതിന് പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സമഗ്ര ഗ്രന്ഥവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വര്‍ഷത്തിനകം എല്ലാ ഔഷധ സസ്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് ഫാം അധികൃതരുടെ കണക്കുകൂട്ടല്‍. ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ മികച്ച ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കരിമ്പം ഫാമില്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
പടം : കരിമ്പം ജില്ലാ കൃഷിഫാമില്‍ പ്രദര്‍ശനത്തിന് ഒരുക്കിയ ഔഷധ സസ്യങ്ങള്‍. കരിമ്പം ഫാമിനുള്ളിലെ ജൈവവെവിധ്യ കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ ഔഷധ സസ്യങ്ങളെ ചെടിച്ചട്ടികളിലാക്കി പ്രദര്‍ശനത്തിന് ഒരുക്കുന്ന രാജു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.