ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, November 28, 2016

റോഡ് കൈയ്യേറ്റത്തിന് ഒരു രക്തസാക്ഷികൂടി.

റോഡ് കൈയ്യേറ്റത്തിന് ഒരു രക്തസാക്ഷികൂടി. 

 

തളിപ്പറമ്പ് : റോഡ് കൈയ്യേറ്റത്തിന് ഒരു രക്തസാക്ഷികൂടി. ഞായറാഴ്ച്ച വൈകിട്ട് മാര്‍ക്കറ്റ് റോഡില്‍  രജിസ്റ്റര്‍ ഓഫീസിന് മുന്നിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുമാത്തൂരിലെ അസ്മ(63) പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടിരുന്നു. തെരുവുകച്ചവടക്കാര്‍ റോഡ് കയ്യേറി കച്ചവടം നടത്തുന്നത് ഇതുവഴിയുളള കാല്‍ നടയാത്ര ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ജൂലൈ 26 ന് ഇതേ സ്ഥലത്തുവെച്ച് നടന്ന ബസ് അപകടത്തില്‍ കാല്‍നടയാത്രക്കാരനായ ചൊറുക്കളയിലെ വരമ്പുമുറിയന്‍ ചാപ്പയില്‍ മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന വ്യാപാരികളുടെയും, നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് നഗരസഭയും പൊലിസും സംയുക്തമായി റോഡ് കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നഗരസഭയുടെ നേതൃത്വത്തില്‍ ട്രാഫിക് റഗുലേററ്റി യോഗം വിളിച്ചു ചേര്‍ക്കുകയും കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുവാന്‍ തീരുമാനമെടുത്തവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. മാര്‍ക്കറ്റ് റോഡിന്റെ പകുതിയിലേറെ ഭാഗം കൈയ്യേറിയുള്ള കച്ചവടം ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും,കാല്‍നടയാത്രക്കും തടസം ഉണ്ടാക്കുന്നതായുള്ള പരാതിക്ക് ഏറെ
പഴക്കമുണ്ട്.നാല്‍പ്പതിലധികം കച്ചവടക്കാരാണ് ഇവിടെ റോഡ് കൈയ്യേറി കച്ചവടം നടത്തുന്നത്.ഗതാഗത തടസം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപാരികള്‍ നഗരസഭ ഓഫിസിലേക്കു പ്രതിക്ഷേധ മാര്‍ച്ച് അടക്കമുളള പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും പരാതികളും,വിമര്‍ശനങ്ങളും വ്യാപകമായതോടെ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടുകയും റോഡ് കയ്യേറി കച്ചവടം നടത്തുന്ന തെരുവുകച്ചവകക്കാരെ ഒഴിപ്പിക്കാര്‍ തീരുമാനിക്കുകയും ചെയ്തത്. എന്നാല്‍ തീരുമാനം ഇതേവരെ നടപ്പിലാക്കുവാന്‍ നഗരഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുവഴി സര്‍വീസ് നടത്തുന്ന ബസുകളുടെ റൂട്ട് മാറ്റി ഹൈവേ വഴിയാക്കണമെന്ന് നേരത്തെ തന്നെ ബസ് ജീവനക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല.
ബസുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കേണ്ട റോഡുകള്‍ കച്ചവടക്കാര്‍ കയ്യേറുകയും കാല്‍നടക്കാരന്‍ അനധികൃത കച്ചവടത്തിനും ബസുകള്‍ക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് മരിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുകയാണ്. പരേതനായ ഫക്രുദ്ദിന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച അസ്മ. ഏക മകന്‍ കുഞ്ഞിമായിന്‍. മരുമകള്‍: സുമയ്യ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം കുറുമാത്തൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു. 

പടം: 1 അപകടത്തില്‍ മരിച്ച അസ്മ. 2 മാര്‍ക്കറ്റ്‌റോഡിലെ ഗതാഗത കുരുക്ക്. 3 മാര്‍ക്കറ്റ് റോഡിന്‍റെ യഥാര്‍ത്ഥ വീതി.




No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.