ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, July 14, 2017

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ചെളി നീക്കംചെയ്യാന്‍ വഴിയൊരുങ്ങുന്നു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ചെളി നീക്കംചെയ്യാന്‍ വഴിയൊരുങ്ങുന്നു.

ജലാശയങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കാതെ ചെളി നീക്കം ചെയ്യാനുള്ള നാട്ടുകാര്‍ സ്വയം വികസിപ്പിച്ച സാങ്കേതിക വിദ്യ ഇതിനായി ഉപയോഗിക്കും.


ബൈജു ബി കെ 



തളിപ്പറമ്പ് :  തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ചെളി നീക്കംചെയ്യാന്‍ വഴിയൊരുങ്ങുന്നു. ഇതിനായി നാട്ടുകാരുടെ കൂട്ടായ്മയിലെ ടെക്‌നിക്കല്‍ കമ്മിറ്റി സ്വയം വികസിപ്പിച്ച ജലാശയങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കാതെ ചളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ ശ്രദ്ധേയമാകുന്നു. 4.2 ഏക്കര്‍ വിസ്തീര്‍ണ്ണമുളള രാജരാജേശ്വര ക്ഷേത്രച്ചിറയിലെ ജലവിതാനം 4 മീറ്ററാണ്. ശരാശരി സംഭരണ ശേഷി ആറുകോടി നാല്‍പതു ലക്ഷം ലിറ്റര്‍ വെളളം. എന്നാല്‍
ചിറയുടെ നാല്‍പത് ശതമാനവും ചെളി നിറഞ്ഞ് സംഭരണ ശേഷി ചുരുങ്ങി. ഏഴു നൂറ്റാണ്ടു മുന്‍പ് നിര്‍മ്മിച്ച ചിറക്ക് 1523ല്‍ ചിറ്റൂര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വതില്‍ പുനരുദ്ധാരണം നടത്തിയതായി രേഖകള്‍ ഉണ്ടെങ്കിലും അതിലും വെളളം വറ്റിച്ച് ചെളി നീക്കം ചെയ്തതായി പറയുന്നില്ല. കുളം, കിണര്‍, ചിറ തുടങ്ങിയ ജലാശയങ്ങളില്‍ അന്തരീക്ഷത്തില്‍ നിന്നുമുള്ള പൊടി, ജനങ്ങള്‍ നിത്യവും കുളിക്കുകയും, വസ്ത്രം അലക്കുകയും ചെയ്യുമ്പോള്‍ കലരുന്ന അഴുക്ക്, സമീപത്തുള്ള വൃക്ഷങ്ങളില്‍ നിന്ന് കൊഴിയുന്ന ഇലകള്‍ എന്നിവ കലര്‍ന്നാണ് ചെളിയായിത്തീര്‍ന്ന് അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നത്. ഇത് വെള്ളത്തിന്റെ അളവിനേയും, ഗുണത്തിനേയും, ജലജന്തുക്കളെയും സാരമായി ബാധിക്കാറുണ്ട്. ഇത്തരത്തില്‍ ചെളിയും മാലിന്യവും കലര്‍ന്നും പടവുകള്‍ അടര്‍ന്നും നാശത്തിന്റെ വക്കിലെത്തിയ രാജരാജേശ്വര ക്ഷേത്രച്ചിറ സംരക്ഷിക്കുന്നതിനായി നാട്ടുകാര്‍ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആദ്യഘട്ടത്തില്‍ ചിറയില്‍ സോപ്പിന്റെയും എണ്ണയുടെയും ഉപയോഗം പൂര്‍ണ്ണമായി നിരോധിച്ചു. ഇത് ഏറെ ഗുണം ചെയ്‌തെന്ന് ഇവര്‍ പറഞ്ഞു.


സൂഷ്മ ജീവികളുടെ എണ്ണം വര്‍ദ്ധിച്ചു. ചിറയില്‍ അപൂര്‍വ്വമായി കണ്ടിരുന്ന നീര്‍ക്കോലിയെ ഇഷ്ടം പോലെ കാണാന്‍ തുടങ്ങി. ഇത്തവണ വേനല്‍ കനത്ത് വെളളം കുറഞ്ഞപ്പോഴും ഒരു ചെറുമീന്‍പോലും ചത്തുപൊന്തിയില്ല. രണ്ടാം ഘട്ടമായാണ് ചെളി നീക്കം ചെയ്യുന്നതിനെകുറിച്ച് ആലോചിച്ചത്. ചിറയിലെ വെളളം വറ്റിച്ച് ചെളി നീക്കം ചെയ്യുക എന്നത് ഇത്ര വലിയ ജലാശയങ്ങളില്‍ അസാധ്യമാണ്. ഈ രീതി കണ്ണൂര്‍ ചിറക്കല്‍ ചിറയില്‍ പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഇത്രയും കൂടിയ അളവിലുള്ള വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ വരാവുന്ന നഷ്ടവും, ആഘാതവും വളരെ വലുതായിരിക്കുമെന്ന കണ്ടെത്തലും ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. വെള്ളം വറ്റിക്കാതെ, ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ അന്വേഷിച്ച് വന്‍കിട കമ്പനികളെയും സാങ്കേതിക സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ചിറ നവീകരണത്തിനായി രൂപീകരിച്ച 26 അംഗ കമ്മിറ്റിയില്‍ നിന്നും തെരഞ്ഞടുത്ത ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മൂന്ന്മാസക്കാലത്തെ പരീക്ഷണങ്ങള്‍ ജലാശയങ്ങളില്‍ നിന്ന് വെള്ളം വറ്റിക്കാതെ ചളി നീക്കം
ചെയ്യാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തുക തന്നെ ചെയ്തു. ചെളിയുടെ വിതാനത്തിലേക്ക് ഇറക്കി, ചെളിയെ വലിച്ചെടുത്ത് വെളിയില്‍ കൊണ്ടുവരുന്ന ഒരു യൂനിറ്റിന് ഇവര്‍ രൂപം നല്‍കി. വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇലക്ട്രിക്ക് മോട്ടോര്‍, ചെളി പമ്പ് ചെയ്യാന്‍ കഴിയുന്ന പമ്പ്, കട്ടിയേറിയ ചെളിയെ പമ്പ് ചെയ്യാന്‍ പാകത്തിലാക്കാനുള്ള കട്ടര്‍ ഇത്രയുമാണ് ഈ യൂനിറ്റിന്റെ പ്രധാന ഭാഗങ്ങള്‍. പി.വി.സി പൈപ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു പ്ലാറ്റ്ഫോമില്‍ നിന്ന്, ചെളിയുടെ വിതാനത്തിലേക്ക് ഇറക്കി നിര്‍ത്തിയ പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലുള്ള വെള്ളത്തിനു ഇളക്കം തട്ടാതെ ചെളിയെ മാത്രം വലിച്ചെടുത്ത്, പൈപ്പ് വഴി വെളിയിലേക്കു എത്തിക്കുന്നു. പമ്പിന്റെ ചുറ്റുവട്ടത്തിലുള്ള ചെളി വെളിയിലെടുത്ത് കഴിഞ്ഞാല്‍, വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ പ്ലാറ്റ്ഫോം ചെളിയുള്ള സ്ഥലത്തേക്ക് മാറ്റിയാല്‍ വെള്ളം മാറി വീണ്ടും ചെളി വരാന്‍ തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ മണിക്കൂറില്‍ 6000 ലിറ്റര്‍ ശേഷിയുള്ള പമ്പാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. രണ്ടുകോടി 
അറുപത്തിനാലു ലക്ഷം ലിറ്റര്‍ ചെളി നീക്കം ചെയ്യാനായി കൂടുതല്‍ പമ്പും പ്ലാറ്റുഫോമുകളും പ്രവര്‍ത്തിപ്പിക്കണം. ജലവിതാനത്തിനു മാറ്റം വരാതിരിക്കാനായി മഴക്കാലത്ത് മാത്രമേ ഈ പ്രക്രിയ നടത്തുകയുള്ളു. ചെന്നൈയില്‍ നിന്നാണ് പ്രത്യേക മോട്ടോറും അനുബന്ധ ഉപകരണങ്ങളും എത്തിച്ചത്. ഒരു യൂണിറ്റിന് അമ്പതിനായിരം രൂപയോളം ചെലവു വരും. ഇത്തരത്തില്‍ നാലു യൂനിറ്റുകളുണ്ടായാല്‍ ഈ മഴക്കാലത്തു തന്നെ ചിറയിലെ മുഴുവന്‍ ചെളിയും നീക്കാനാകും. ഒരു യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ചു പേര്‍ വേണം. ഒരു ദിവസത്തെ പ്രവര്‍ത്തന ചെലവ് അയ്യായിരത്തോളം വരും. എന്തു വില നല്‍കിയും അമൂല്യമായ ജലസമ്പത്തുളള രാജരാജേശ്വര ക്ഷേത്രച്ചിറ സംരക്ഷിക്കാനുളള തീരുമാനത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ. പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് നീലകണ്ഠന്‍, ഗോപി പൊതുവാള്‍, രാജശേഖരമാരാര്‍, ശിവമണി ശിവ, കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.