ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, June 22, 2017

തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ശോചനീയാവസ്ഥ : അധികൃതരുടെ അവഗണന തുടരുന്നു.

തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ശോചനീയാവസ്ഥ : അധികൃതരുടെ അവഗണന തുടരുന്നു. നൂറ്റിഅമ്പതോളം വര്‍ഷം പഴക്കമുളള കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട രേഖകള്‍ സുരക്ഷാ ഭീതിയില്‍.
 

തളിപ്പറമ്പ് : ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടക്കുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ശോചനീയാവസ്ഥയില്‍. അടിസ്ഥാന സൗകര്യമില്ലാതെ ജീവനക്കാരും ഓഫിസിലെത്തുന്ന പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. 1865 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് 1884 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത്. തളിപ്പറമ്പ് നഗരമദ്ധ്യത്തില്‍ 28 സെന്റ് സ്ഥലത്ത് 134 വര്‍ഷം പഴക്കമുളള സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം നൂറ്റാണ്ടിന്റെ അവശതയും പേറിയാണ് നിലനില്‍ക്കുന്നത്.   ഈ കെട്ടിടത്തിലെ റിക്കാര്‍ഡ് മുറിയിലെ ചോര്‍ച്ച ഒഴിവാക്കാനായി ഓടിനു കീഴില്‍ ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിച്ചത് മാത്രമാണ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനി്ടയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനം.
                            1865 മുതലുളള റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആധാരപ്പകര്‍പ്പു വാല്യങ്ങള്‍കൊണ്ട് നിറഞ്ഞു കവിഞ്ഞ് സ്റ്റാഫ് റൂമിലും റിക്കോര്‍ഡ് സൂക്ഷിക്കേണ്ട അവസ്ഥയാണ്. 1988 ന് ശേഷമുളള രേഖകള്‍ മാത്രമാണ് ഡിജിറ്റല്‍ രേഖകളാക്കി സുക്ഷിക്കുന്നത്. അതിനു മുന്‍പുളള പഴയ ആധാരങ്ങളുടെ പകര്‍പ്പ് എടുക്കുവാന്‍ രേഖകള്‍ തിരയുന്നതിന് അകത്തു കടക്കാന്‍ പറ്റാത്ത അവസ്ഥയാണുളളത്. സ്റ്റാഫ് റൂമിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. വേനല്‍ക്കാലത്ത് പൊടിശല്ല്യവും മഴക്കാലത്ത് ചോര്‍ച്ചയും കാരണം കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും യാതൊരു സുരക്ഷിതത്വവുമില്ല. സബ് രജിസ്ട്രാറും ജൂനിയര്‍ സൂപ്രണ്ടും അഞ്ച് ക്ലര്‍ക്കുമാരും സ്ഥല സൗകര്യമില്ലാത്ത മുറിയില്‍ വീര്‍പ്പു മുട്ടുകയാണ്. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വെവ്വേറെ ടോയ്‌ലറ്റ് ഉണ്ടെങ്കിലും പൊതുജനങ്ങള്‍ക്കുളളത് ഉപയോഗശൂന്യമായ
നിലയിലാണുളളത്.
മറ്റുളളവയുടെ വാതിലുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയിലാണ്. ഇവിടേക്ക് വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കിലും സംഭരണിയോ വിതരണ സംവിധാനമോ ഇല്ല. ഇത് രജിസ്‌ട്രേഷനായി ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രാത്രികാലങ്ങളില്‍ നഗരത്തിലുളള ഭിക്ഷാടകരും മദ്യപാനികളും ഓഫിസ് വരാന്തയില്‍ അന്തിയുറങ്ങുകയും ഇവിടെ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്ന ശോചനീയാവസ്ഥയും നിലവിലുണ്ട്.

                                      തളിപ്പറമ്പ് എംഎല്‍എ മുന്‍കൈയ്യെടുത്ത് ഇവിടെ റവന്യൂ ടവര്‍ നിര്‍മ്മിക്കാനുളള നീക്കം നടത്തുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഭൂമിയില്‍ റവന്യൂ ടവര്‍ നിര്‍മ്മാണം നടത്തുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇതിന് സാധ്യത കുറവാണ്. താലൂക്ക് ഓഫിസ് വളപ്പില്‍ പുതിയ റവന്യൂ ടവര്‍ നിര്‍മ്മിച്ച് സബ് രജിസ്ട്രാര്‍ ഓഫിസ് അതിലേക്ക് മാറ്റുന്നതാണ് ഉത്തമം.നിലവിലുളള സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിലനിര്‍ത്തുകയും വേണം. കഴിഞ്ഞ മാര്‍ച്ച് മാസം ഒരു കോടിയിലേറെ രൂപയാണ് ഈ ഓഫിസിലെ വരുമാനം. കഴിഞ്ഞ വര്‍ഷം പതിനൊന്നരക്കോടിയോളം രൂപയും. ഇതില്‍ രേഖകളുടെ സൂക്ഷിപ്പ് ഫീസായി ഈടാക്കുന്ന വകയില്‍ മാത്രം മൂന്ന് കോടിയോളം രൂപയും ഉള്‍പ്പെടും. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ നവീകരണത്തില്‍ അവഗണന തുടരുമ്പോള്‍,  കാലപ്പഴക്കത്തില്‍ നശിച്ച വയറിങ്ങില്‍ മഴ വെളളമിറങ്ങി ഉണ്ടാകുന്ന വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടില്‍ തീപിടിച്ച് വിലപ്പെട്ട രേഖകള്‍ ഒരുപിടി ചാരമായാലുണ്ടാകുന്ന അരാജകത്വമാണ് നമ്മെ കാത്തിരിക്കുന്ന വലിയ ദുരന്തം.


പടം : നൂറ്റിഅമ്പതോളം വര്‍ഷം പഴക്കമുളള തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം. 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.