ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, March 9, 2017

വിഷം തുപ്പുന്ന കീരിയാട് മഞ്ചാലിലെ ഹീറോ പ്ലൈവുഡ് ഫാക്ടറിക്കെതിരെ നാട്ടുകാര്‍.

വിഷം തുപ്പുന്ന കീരിയാട് മഞ്ചാലിലെ ഹീറോ  പ്ലൈവുഡ് ഫാക്ടറിക്കെതിരെ നാട്ടുകാര്‍.


തളിപ്പറമ്പ് : വന്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തുന്ന കീരിയാട് മഞ്ചാലിലെ ഹീറോ പ്ലൈവുഡ് ഫാക്ടറിക്കെതിരെയും ലേബര്‍ ക്യാംപിനെതിരെയും നാട്ടുകാരുടെ പ്രതിഷേധം. ഫാക്ടറി ഉയര്‍ത്തുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിക്കാത്ത ഫാക്ടറി അധികൃതരുടെ ധിക്കാരപരമായ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളളത്. നാടിനും നാട്ടുകാര്‍ക്കും ഭീഷണിയായ ഫാക്ടറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫാക്ടറി അധികൃതര്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം ഫാക്ടറിയുടെ പ്രവര്‍ത്തനം തടയുന്ന രീതിയിലേക്ക് സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പതിനെട്ട് വര്‍ഷമായി കുറുമാത്തൂര്‍ പഞ്ചായത്തിലെ കീരിയാട് മഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ പ്ലൈവുഡ് ഫാക്ടറിയില്‍ ഇന്ന് ഉല്‍പാദിപ്പിക്കുന്നത് വിഷമാണ്. ഒരു നാട്ടിലെ ജനങ്ങളെയും വരും തലമുറയെയും മറ്റ് ജീവജാലങ്ങളെയും പാടേ നശിപ്പിക്കാന്‍ ശേഷിയുളള ഉഗ്ര വിഷം. ഫാക്ടറിയില്‍ നിന്നും പുറംതളളുന്ന വിഷപുക ഇവിടുത്തെ അന്തരീക്ഷം മലിനമാക്കി. ഇവിടെനിന്നും പുറംതളളുന്ന മലിനജലം സമീപത്തെ കിണറുകളിലെ  കുടിവെളളവും മലിനമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിലൂടെ ശബ്ദമലിനീകരണവും അസഹനീയമാണ്. 500 ലേറെ അന്യ സംസ്ഥാന തൊഴിലാളികളാണ് രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. ഇവിടെ തന്നെയുളള ലേബര്‍ ക്യാംപിലാണ് ഇവരുടെ താമസം.
ലേബര്‍ ക്യാംപില്‍ നിന്നും പുറംതളളുന്ന മലിനജലവും, ഫാക്ടറിയില്‍ നിന്നും പുറംതളളുന്ന കെമിക്കല്‍ കലര്‍ന്ന മലിനജലവും ഫാക്ടറി വളപ്പില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പത്തോളം കിണറുകളിലേക്ക് ഒഴുക്കി വിടുന്നതിനാലാണ് കിണറുകളില്‍ മാലിന്യം കലര്‍ന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കിണറുകളിലെ വെളളം പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ കക്കൂസ് മാലിന്യവും കെമിക്കലും കൂടിയ തോതില്‍ കലര്‍ന്നതായി വ്യക്തമായിട്ടുണ്ട്. കുട്ടികളെ മാസത്തില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ശ്വാസകോശ രോഗങ്ങളാല്‍ ഡോക്ടറെ കാണിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തകാലത്തായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഫാക്ടറിയിലെ ലേബര്‍ ക്യാംപിലെ 14 പേരില്‍ മന്തു രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. പരിശോധന പകുതി പേരില്‍ മാത്രമെ നടത്തിയിട്ടുളളു. മുഴുവന്‍ തൊഴിലാളികളെയും പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന കണക്കുകളായിരിക്കും പുറത്തു വരികയെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ രണ്ടു വര്‍ഷം മുന്‍പ് രംഗത്തു വന്നപ്പോള്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയ കാര്യങ്ങളായ മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മ്മാണവും ലേബര്‍ ക്യാംപ് മാറ്റി സ്ഥാപിക്കലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മലിനീകരണം തുടരുകയും വന്‍ പാരിസ്ഥിതീക-ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തുകയും ചെയ്യുമ്പോഴും ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് പരിസരത്തെ കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുത്ത് ഫാക്ടറി വിപുലീകരണവുമായി മുന്നോട്ട് പോകുകയാണ് ഫാക്ടറി അധികൃതര്‍ ചെയ്യുന്നത്. ഇത് ജനങ്ങളോടുളള വെല്ലുവിളിയാണ്. എന്തു വിലകൊടുത്തും നാടിനും നാട്ടുകാര്‍ക്കും ഭീഷണിയായ ഫാക്ടറിയുടെ പ്രവര്‍ത്തനം തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇന്നലെ രാവിലെ 10 മണിയോടെ നടന്ന പ്രതിഷേധപരിപാടിയില്‍ കീരിയാട് മഞ്ചാലിലെ സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് എസ്.ഐ ബിനുമോഹന്‍ മുന്‍കൈയ്യെടുത്ത് കുറുമാത്തൂര്‍ പഞ്ചായത്ത് ഭരണാധികാരികളെയും സെക്രട്ടറി, പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെയും ഫാക്ടറി അധികൃതരെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് നടന്ന ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മ്മാണവും, ലേബര്‍ ക്യാംപ് മാറ്റി സ്ഥാപിക്കലും വേഗത്തിലാക്കാനും ഇതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി തന്നെ ചെയ്യണമെന്നും ഫാക്ടറി അധികൃതരോട് നിര്‍ദ്ദേശിച്ചു. ഫാക്ടറിക്കു സമീപത്തെ മതില്‍ നിര്‍മ്മാണവും തടഞ്ഞിട്ടുണ്ട് കമ്പിവേലി കെട്ടാനാണ് നിര്‍ദ്ദേശം. ഫാക്ടറി അധികൃതരെ സഹായിക്കുന്ന രീതിയില്‍ പഞ്ചായത്ത് ഭരണ-ഉദ്ദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ നടപടികള്‍തിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


 പടം : കീരിയാട് മഞ്ചാലിലെ ഹീറോ പ്ലൈവുഡ് ഫാക്ടറിക്കു മുന്നില്‍ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.