ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, January 24, 2017

ഗ്രാമ സമൃദ്ധി ; രാജ്യത്തിനു തന്നെ മാതൃകയായി വിഭവങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ വരുമാനദായക പദ്ധതിയുമായി തിയ്യന്നൂരെ അയല്‍സഭ.

ഗ്രാമ സമൃദ്ധി ; രാജ്യത്തിനു തന്നെ മാതൃകയായി വിഭവങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ വരുമാനദായക പദ്ധതിയുമായി തിയ്യന്നൂരെ അയല്‍സഭ.

ബൈജു ബി.കെ 




തളിപ്പറമ്പ് : വിഭവങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ നിരവധി കുടുബങ്ങള്‍ക്ക് വരുമാനദായക പദ്ധതിയൊരുക്കി രാജ്യത്തിനു തന്നെ മാതൃകയാവുകയാണ് ഒരു ഗ്രാമം. സ്വന്തം ആവശ്യം കഴിഞ്ഞുള്ള വിഭവങ്ങള്‍ പരസ്പരം കൈമാറി പങ്കിട്ട് ഉപയോഗിക്കുക എന്ന ആശയത്തിലൂടെ ഓരോ കുടുംബവും കൈമാറുന്ന വിഭവങ്ങളുടെ നിര്‍ണ്ണയിക്കപ്പെടുന്ന കമ്പോളമൂല്യം ആ കുടുംബാംഗങ്ങള്‍ക്ക് ഒരു വരുമാനദായക പ്രവര്‍ത്തനമായി മാറ്റിയെടുത്ത് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്ന ഗ്രാമ സമൃദ്ധി പദ്ധതിയിലൂടെയാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ തീയ്യന്നൂര്‍ ഗ്രാമം ശ്രദ്ധനേടുന്നത്. വിഭവങ്ങളുടെ ഒരു കലവറയായ നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും ലഭിക്കുന്ന വൈവിദ്ധ്യമുള്ള വിഭവങ്ങള്‍ എല്ലാം പൂര്‍ണ്ണതോതില്‍ ഉപയോഗപ്രദമാകുന്നില്ല. സ്വന്തം ആവശ്യം കഴിഞ്ഞ് അധികമുള്ള വിഭവങ്ങളില്‍ തേങ്ങ, കുരുമുളക് മുതലായവ മാര്‍ക്കറ്റില്‍ വില്‍ക്കാറുണ്ടെങ്കിലും ചക്ക, മാങ്ങ, കായ, മുരിങ്ങ തുടങ്ങിയ പച്ചക്കറിയിനങ്ങള്‍ ആവശ്യം കഴിഞ്ഞ് പാഴായിപ്പോവുകയാണ് പതിവ്.


 ഗ്രാമങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചക്കയുടെ 30 ശതമാനം പോലും ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്നത് ഒരു ഉദാഹരണം മാത്രം. ഗ്രാമ സമൃദ്ധി എന്ന ആശയത്തിലൂടെ സ്വന്തം ആവശ്യം കഴിഞ്ഞുള്ള വിഭവങ്ങള്‍ പരസ്പരം കൈമാറി പങ്കിട്ട് ഉപയോഗിക്കുന്ന ഓരോ കുടുംബത്തിനും കൈമാറുന്ന വിഭവങ്ങളുടെ നിര്‍ണ്ണയിക്കപ്പെടുന്ന കമ്പോളമൂല്യം ആ കുടുംബാംഗങ്ങള്‍ക്ക് ഒരു വരുമാനദായക പ്രവര്‍ത്തനമായി മാറ്റിയെടുക്കാം. പ്രകൃതി വിഭവങ്ങളും കാര്‍ഷി വിഭവങ്ങളും, മൂല്യവര്‍ദ്ധിത സംരംഭകത്വ ഉല്‍പ്പന്നങ്ങളും ഇങ്ങനെ കൈമാറുമ്പോള്‍ ഒന്നും പാഴായിപ്പോകുന്നില്ല എന്നതിനോടൊപ്പം മെച്ചപ്പെട്ട വരുമാനവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സന്നദ്ധതയും കൈവരുന്നു. മാത്രവുമല്ല പുനരുപയോഗത്തിനു സാധ്യമാകുന്ന റേഡിയോ, ടി.വി, വാഷിംഗ് മെഷീന്‍, മിക്‌സി, സ്റ്റൗ, തുണിത്തരങ്ങള്‍ മുതലായവയും ഈ രീതിയില്‍ കൈമാറാം. തങ്ങളുടെ കൈവശമുളള വസ്തുക്കളെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരസ്യം ചെയ്യുന്നതിനാല്‍ ആവശ്യക്കാരെ നേരത്തെതന്നെ കണ്ടെത്താനും സാധിക്കും. ഒരു പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ വാര്‍ഡിനകത്തുള്ള അയല്‍ക്കൂട്ടങ്ങളോ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളൊ കേന്ദ്രീകരിച്ചാണ് ഗ്രാമ സമൃദ്ധി പ്രവര്‍ത്തിക്കുന്നത്. 


അയല്‍ സഭക്കകത്ത് ഒരു സെന്‍ട്രല്‍ പോയിന്റ് കണ്ടത്തും. അതൊരു വീടായിരിക്കും അല്ലെങ്കില്‍ പൊതു സ്ഥലമായിരിക്കും. അയല്‍സഭയിലെ കുടുംബങ്ങള്‍ അവരുടെ ആവശ്യം കഴിഞ്ഞുള്ള ഉല്‍പ്പന്നങ്ങളും വസ്തുക്കളും സെന്‍ട്രല്‍ പോയിന്റില്‍ എത്തിക്കുന്നു. സെന്‍ട്രല്‍ പോയിന്റില്‍ എത്തുന്നതോടെ അത് അയല്‍സഭയുടെ പൊതുമുതലായി മാറുന്നു. ആ സാധനങ്ങള്‍ ആര്‍ക്കും യഥേഷ്ടം അവിടെനിന്നും വാങ്ങാം. എല്ലാ സാധനങ്ങള്‍ക്കും നിര്‍ണ്ണയിക്കന്ന  മൂല്യത്തിനായിരിക്കും കൈമാറ്റം നടക്കുക. ഒരാളുടെ ചിലവ് മറ്റൊരാളുടെ വരവായി മാറുന്നതോടെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസവരുമാനം ഉറപ്പാക്കുന്നു. ഈ രീതിയില്‍ ഒരു സെന്‍ട്രല്‍ പോയിന്റിലെ അയല്‍സഭാ അംഗങ്ങള്‍ പ്രതിമാസം 2000 രൂപമുതല്‍ 4200 രൂപവരെയുള്ള വരുമാനം ഉറപ്പാക്കാനാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായി വിരമിച്ച പി.പി.ദാമോദരന്‍ മാസ്റ്ററുടെ ആശയം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ.വി.നാരായണനുമായി 


പങ്കുവെക്കുകയും  പഞ്ചായത്തിലെ തീയ്യന്നൂര്‍ വാര്‍ഡില്‍ ഒരു അയല്‍സഭ കേന്ദ്രീകരിച്ച്  ഈ ആശയം ആദ്യമായി പരീക്ഷിക്കപ്പെടുകയുമായിരുന്നു.  പദ്ധതി വന്‍വിജയമാവുകയും, ഒരു മാസം കൊണ്ട് 30000രൂപയിലധികം വിലവരുന്ന സാധനങ്ങള്‍ കൈമാറുകയും ചെയ്തു. ഇതിലൂടെ 4200 രൂപ വരെ ഒരു കുടുംബത്തിന് മാസവരുമാനമായി ലഭിച്ചു. പരീക്ഷണ പദ്ധതി വജയിച്ചതോടെ കുറുമാത്തൂര്‍ പഞ്ചായത്തില്‍ മുഴുവനായി ഇത് വ്യാപിപ്പിക്കാന്‍ കുറുമാത്തൂര്‍  ഗ്രമാപഞ്ചായത്ത് അധികൃതര്‍ മുന്‍കൈയ്യെടുത്തു വരികയാണ്. പ്രതിമാസം 2000 രൂപമുതല്‍ 4200 രൂപവരെയുള്ള വരുമാനം കൈപറ്റിതുടങ്ങിയതോടെ കൂടുതല്‍
ഉല്‍പാദിപ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ആവേശത്തിലാണ് അയല്‍സഭ അംഗങ്ങള്‍. എല്ലാ കുടുംബങ്ങള്‍ക്കും വരുമാനം, പ്രകൃതി സൗഹൃദം, വിഷരഹിത പച്ചക്കറി എന്നീ ആശയത്തോടെ ഓരോ അയല്‍സഭയും സജീവമാകുന്നതോടെ ഗ്രാമ സമൃദ്ധി പദ്ധതിയിലൂടെ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളുടെയും വികസനം ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ തിയ്യന്നൂര്‍ ഗ്രാമവും ശ്രദ്ധാകേന്ദ്രമാകുകയാണ്.  


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.