ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, January 24, 2017

കരിമ്പം കങ്കാണംചാല്‍ റോഡിന് ശാപമോക്ഷം.

കരിമ്പം കങ്കാണംചാല്‍ റോഡിന് ശാപമോക്ഷം.

ബൈജു.ബി.കെ 

ഫോട്ടോ : വിജയന്‍ കെ.വി 


തളിപ്പറമ്പ് :  കരിമ്പം കങ്കാണംചാല്‍ റോഡിന് ശാപമോക്ഷം. കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കരിമ്പം ഗ്രാമത്തെ കങ്കാണംചാല്‍, മുയ്യം, ചെപ്പനൂല്‍, വടക്കാഞ്ചേരി  തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുന്ന റോഡ് നവീകരണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെപഴക്കമുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പത്തെ കുറുമാത്തൂര്‍ കൃഷിഭവന്റെ പഴയ കെട്ടിടത്തിനുമുന്നില്‍നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കത്തിലെ 265 മീറ്റര്‍ ഭാഗം കരിമ്പം ഫാമിന്റെ സ്ഥലമാണെന്ന സാങ്കേതികതയുടെ പേരിലാണ് റോഡ് നവീകരണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് തടസമായത്. 

ഫോട്ടോ : വിജയന്‍ കെ.വി 


ആദ്യ കാലത്ത് റോഡിന്റെ ആരംഭത്തിലും ഫാമിന്റെ സ്ഥലം അവസാനിക്കുന്ന ഭാഗത്തും ഗെയിറ്റ് ഉണ്ടായിരുന്നു.ആവശ്യക്കാര്‍ ഫാം സൂപ്രണ്ടില്‍ നിന്നും അനുമതി വാങ്ങിയാണ് റോഡ് ഉപയോഗിച്ചിരുന്നത്. രാത്രി കാലങ്ങളില്‍ അസുഖമായവരെയും മറ്റും കൊണ്ടുപോകുന്നതിന് ഏറെ ബുദ്ധിമുട്ടിയിരുന്നു.  നാട്ടുകാരുടെ നിരന്തരമായ പരാതികള്‍ പരിഗണിച്ച് കൃഷി മന്ത്രിയായിരുന്ന കെ.ആര്‍.ഗൗരിയമ്മ   ഇടപെട്ടാണ് ഗെയിറ്റ് ഒഴിവാക്കി റോഡ് പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ അനുവദിച്ചത്. റോഡിന്റെ ഇരുവശവും കമ്പിവേലി കെട്ടുകയും ഈ റോഡില്‍ നിന്ന് ഫാമിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക കവാടങ്ങളും സ്ഥാപിച്ചു. റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തതോടെ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുകയും മഴക്കാലമാകുമ്പോള്‍ ഇതുവഴിയുളള യാത്ര ദുരിത പൂര്‍ണ്ണമാകുന്നതും പതിവാണ്. ഈ റോഡില്‍ ഫാമിനകത്തു കൂടി കടന്നുപോകുന്ന ഭാഗം ഒഴിച്ച് പ്രാദേശിക ഭരണകൂടം ടാര്‍ ചെയ്തുവെങ്കിലും ഈ ഭാഗത്തെ റോഡ് സാങ്കേതികതയുടെ പേരില്‍ ടാര്‍ ചെയ്യാത്തതു

 
കാരണം ജനങ്ങളുടെ യാത്ര ദുരിതത്തിലാകുന്നത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കരിമ്പം ഫാമിന്റെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്തും കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തും ക്രിയാത്മകമായി ഇടപെട്ടതോടെയാണ് റോഡ് നവീകരണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുളള ആവശ്യത്തിന് പരിഹാരമായത്.

265 മീറ്റര്‍ റോഡ് വെറ്റ് മിക്‌സ് മെക്കാഡം സാങ്കേതികവിദ്യയില്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്നോടിയായി ഡ്രൈനേജിന്റെയും കലുങ്കിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അടുത്ത മഴക്കാലത്ത് ഇതുവഴി സുഗമമായി യാത്രചെയ്യാമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.