ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Saturday, January 7, 2017

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നു. 
വലിയതോതിലുള്ള കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍
റോഡരികിലെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് പിഡബ്ല്യുഡി.

 ബൈജു ബികെ



തളിപ്പറമ്പ്:  46 കിലോമീറ്റര്‍ ദൂരം വരുന്ന തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 വീതികൂട്ടി നവീകരണത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് സംസ്ഥാന പൊതുമരാമത്തു വകുപ്പ് അനുമതി നല്‍കി കഴിഞ്ഞു. തളിപ്പറമ്പില്‍ ദേശീയപാതയ്ക്ക് സമീപം ചിറവക്കില്‍ നിന്നും ആരംഭിക്കുന്ന സംസ്ഥാന പാത-36 ന് പലഭാഗത്തും സംസ്ഥാന പാതാനിലവാരത്തിനനുസരിച്ച വീതി നിലവിലില്ല. ഏഴര മുതല്‍ അഞ്ചര വരെയാണ് പല ഭാഗത്തും ടാര്‍ ചെയ്ത റോഡിന്റെ വീതി. 46 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ ഇന്നത്തെ ഗതാഗത തിരക്കും ബംഗളൂരു പോലുള്ള മൊട്രോ നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുകയുമാണ് വീതികൂട്ടലിന്റെ ലക്ഷ്യം. സംസ്ഥാന പാതയായി പ്രഖ്യാപിച്ച ശേഷം നടന്ന വാഹനാപകടങ്ങളുടേയും മരണങ്ങളുടേയും കണക്കുകള്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സികള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മെക്കാഡം ടാറിങ്ങ് നടത്തിയ റോഡ് ഇന്നും നല്ല റോഡ് എന്ന സങ്കല്‍പ്പത്തിന് വളരെ അകലെയാണെന്നും ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാത്തപക്ഷം ഗുരുതരമായ ഗതാഗത തടസങ്ങളും അപകടങ്ങളും ഉണ്ടാകുമെന്നുമാണ് പിഡബ്ലുഡിക്ക് ലഭിച്ച മുന്നറിയിപ്പ്.

   2003 ല്‍ അക്വിസിഷന്‍ ഒഴിവാക്കിയുള്ള വികസനമാണ് ലക്ഷ്യമിട്ടതെങ്കില്‍ പുതിയ നിര്‍ദ്ദേശപ്രകാരം വന്‍തോതില്‍ അക്വിസിഷന്‍ മുന്നില്‍ കണ്ടുകൊണ്ടുളള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. തളിപ്പറമ്പ് ചിറവക്ക്, മദ്രസ്സ, മന്ന, കരിമ്പം, നെടുമുണ്ട, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരിക. ഇതിന് മുന്നോടിയായി സംസ്ഥാനപാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് വരുന്നതിനാല്‍ റോഡരികിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കരുതെന്ന് പിഡബ്ല്യുഡി തളിപ്പറമ്പ് റോഡ്‌സ് ഉപ വിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സംസ്ഥാനപാത-36  കടന്നുപോകുന്ന എല്ലാ പഞ്ചായത്ത്-നഗരസഭാ അധികൃതരോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കി ഉടന്‍ ഗവണ്‍മെന്റിന് കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വലിയതോതിലുള്ള കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുള്ള ഈ റോഡ് നിര്‍മ്മാണിന്റെ പല വിവരങ്ങളും പൂര്‍ണ്ണതോതില്‍ ലഭ്യമല്ല. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് അധികൃതര്‍.   


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.