ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, November 20, 2016

തളിപ്പറമ്പിലെ നാലുവരി പാതയിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ അവതാളത്തില്‍.

തളിപ്പറമ്പിലെ നാലുവരി പാതയിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ അവതാളത്തില്‍. 

തളിപ്പറമ്പ് നഗരത്തില്‍ ഗതാഗതകുരുക്ക് ഇന്ന് നിത്യകാഴ്ച്ച.

തളിപ്പറമ്പ് : സംസ്ഥാനതലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തളിപ്പറമ്പ് മോഡല്‍ വികസനത്തില്‍ പ്രധാനപ്പെട്ട  നിര്‍മ്മാണ പ്രവര്‍ത്തിയായ നാലുവരി പാതയിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ അവതാളത്തില്‍. തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതി ജനകീയ വികസന സമിതിയാണ് സര്‍ക്കാരിന്‍റെ  മുന്നിലവതരിപ്പിച്ചത്. ദേശീയപാതയില്‍ ചിറവക്ക് മുതല്‍ തൃച്ഛംബരം പൂക്കോത്ത്‌നട വരെ നാലുവരിയാക്കുന്നതിനായി നാലുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരവുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. തളിപ്പറമ്പിലെ വ്യാപാരികളും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി വളരെ വേഗത്തിലായിരുന്നു നാലുവരി പാത നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2015 ജൂണ്‍ 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ആണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. തളിപ്പറമ്പ് നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും, ഗതാഗത നിയന്ത്രണത്തിനായി പലഭാഗങ്ങളിലായി ഹോംഗാര്‍ഡുകളെ നിയമിച്ചും. ഗതാഗതകുരുക്ക് പാടെ ഇല്ലാതാക്കാന്‍ ഈ പദ്ധതി കൊണ്ട് സാധിച്ചത് സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇന്ന് എല്ലാം കുത്തഴിഞ്ഞിരിക്കുകയാണ്. നാലുവരിയാക്കിയ ദേശീയപാതയില്‍ പകുതിയോളം ഭാഗം കൈയ്യേറി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്യുന്നു. ഒരു ഭാഗത്ത് രണ്ട് ബസ്സുകള്‍ ഒരുമിച്ച് കടന്നുപോകുന്നതിന് സൗകര്യമുള്ള ഏഴര മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച പാതയില്‍ മൂന്ന് മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡിനേക്കാള്‍ മോശമായ ഗതാഗത കുരുക്കാണ്. റോഡ് വികസിപ്പിച്ചത് പാര്‍ക്കിംഗിനാണോ എന്ന് തോന്നിപ്പോകും. തളിപ്പറമ്പ് നഗരത്തില്‍ ഗതാഗതകുരുക്ക് ഇന്ന് നിത്യകാഴ്ച്ചയായി മാറി.  നഗരത്തിലെമ്പാടും സ്ഥാപിച്ചിരുന്ന പാര്‍ക്കിംഗ് ക്രമീകരണ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി. ഗതാഗതം നിയന്ത്രിച്ചിരുന്ന ഹോംഗാര്‍ഡുകളെയും കാണാനില്ല. മുഴുവന്‍ കാര്യങ്ങളും തീരുമാനിച്ച് നിയന്ത്രിച്ചിരുന്ന ജനകീയ വികസന സമിതി 2016 ജൂണ്‍ 16ന് ചേരാന്‍ തീരുമാനിച്ചുവെങ്കിലും അത് മാറ്റിവെക്കുകയായിരുന്നു. പിന്നീടിതുവരെ യോഗം കൂടുകയോ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയോ ചെയതിട്ടില്ല.
ജനകീയ വികസന സമിതി പുനരുജ്ജീവിപ്പിച്ച് ഗതാഗത പ്രശ്‌നങ്ങളും, നാലുവരിപാതയുടെ ബാക്കിയുള്ള പ്രവര്‍ത്തനങ്ങളും ടാക്‌സി സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ദേശീയപാതയിലെ ഒരു മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ഡിവൈഡറില്‍ മണ്ണിട്ടു നികത്തി പുല്ല് വച്ച് പിടിപ്പിക്കുകയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതും അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ജനകീയ വികസന സമിതി പുനരുജ്ജീവിപ്പിച്ച് ഗതാഗത പ്രശ്‌നങ്ങളും, നാലുവരിപാതയുടെ ബാക്കിയുള്ള പ്രവര്‍ത്തനങ്ങളും ടാക്‌സി സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ദേശീയപാതയിലെ ഒരു മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ഡിവൈഡറില്‍ മണ്ണിട്ടു നികത്തി പുല്ല് വച്ച് പിടിപ്പിക്കുകയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതും അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



പടം : 1 ജനകീയ വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പില്‍ നിര്‍മ്മിച്ച നാലുവരിപാത. 2,3 പാതയരികില്‍ അനധികൃതമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍.


1 comment:

  1. നാലുവരിപാതയിലെ ഡിവൈഡറില്‍ തെരുവു വിളക്കും, പൂന്തോട്ടവും ഒരുക്കാന്‍ ഇന്ന് ചേര്‍ന്ന (21-11-2016) നഗരസഭാ യോഗത്തില്‍ തീരുമാനം.
    തളിപ്പറമ്പ് : തളിപ്പറമ്പ് ചിറവക്ക് മുതല്‍ പൂക്കോത്ത്‌നടവരെയുള്ള നാലുവരിപ്പാതയിലെ ഡിവൈഡറില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഡിവൈഡറിനകത്ത് മണ്ണ് നിറച്ച് പൂന്തോട്ടം ഒരുക്കാനുള്ള തീരുമാനത്തിന് ഇവിടെ പരസ്യ സ്ഥാപിക്കരുതെന്ന ദേശീയപാതാ യോഗത്തിന്റെ നിലപാട് തടസ്സമായതോടെ പുന്തോട്ട നിര്‍മ്മാണത്തിനായി വിവിധ സംഘടനകളുടെ സഹകരണം തേടാനും യോഗത്തില്‍ തീരുമാനിച്ചു. നേരത്തെ സ്‌പോണ്‍സര്‍മാരുടെ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ തെരുവു വിളക്കുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.

    ReplyDelete

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.