ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, November 21, 2016

സംഹരിക്കരുത് സഹകരണത്തെ...

സംഹരിക്കരുത് സഹകരണത്തെ...

നമ്മുടെ നാടിന്‍റെ നാഡീഞരമ്പുകളില്‍ ആഴ്ന്നിറങ്ങിയ ജനകീയ പ്രസ്ഥാനമാണ് സഹകരണ രംഗം. പോരായ്മയും ചൂഷണവുമുണ്ടെങ്കിലും ഇതിനൊരു ബദലായി സാധാരണക്കാര്‍ക്ക് അത്താണിയായി തീരാന്‍ മറ്റ് സംവിധാനങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങള്‍ക്ക് തൊഴിലും നല്‍കുന്നു. കറന്‍സി അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ മറയാക്കി സഹകരണ മേഖലയുടെ അടിവേര് പിഴുതെറിയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കുറിച്ച് ചില സുപ്രഭാതം വായനക്കാരുടെ പ്രതികരണങ്ങള്‍............



''സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍. സ്ഥാപനങ്ങളും, ഇടപാടുകാരും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അപൂര്‍വ്വതയാണ്. ഇവിടെ
 നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് കണ്ട് പിടിച്ച് നടപടിയെടുക്കുകയാണ് വേണ്ടത്. മറിച്ച് സഹകരണമേഖലയെ അടിവേരോടെ പിഴുതെറിയുന്ന നടപടിയെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള നയമായെ കാണാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ ഈ നയത്തില്‍ നിന്നും  പിന്‍മാറണം. ''


                            കല്ലിങ്കീല്‍ പത്മനാഭന്‍ സഹകാരി തളിപ്പറമ്പ്. 




''യാതൊരു മുന്നൊരുക്കവുമില്ലാതെ ഇത്രയും കടുത്ത നടപടികള്‍ സ്വീകരിച്ചത് രാഷ്ട്രീയ ഗുഢനീക്കം തന്നെയാണ്. സാധാരണക്കാരന്റെ സാമ്പത്തിക പ്രയാസങ്ങളില്‍ ഏറെ
ആശ്വാസമായ സഹകരണ ബാങ്കുകളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഗൂഢനീക്കം സാധാരണക്കാരനെതിരായ നീക്കമായി തന്നെ കാണണം. കേരളത്തിലെ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള കേരളസര്‍ക്കാറിന്റെ നീക്കത്തിനെതിരായ തിരിച്ചടിയും കൂടിയാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ കൊണ്ടുവരണം, സാധാരണക്കാരന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന നീക്കം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.'' 


പി.കുഞ്ഞിക്കണ്ണന്‍, പെന്‍ഷനര്‍ തളിപ്പറമ്പ്.



''കേന്ദ്ര സര്‍ക്കാറിന്‍റെ തലതിരിഞ്ഞ നടപടിയില്‍ സഹകരണ മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. 'എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന' പോലെയാണ് മോഡിയുടെ നടപടി. നിക്ഷേപകര്‍ മാത്രമല്ല
സഹകരണമേഖലയിലെ ഇടപാടുകാര്‍, വായ്പയെടുക്കാനും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. ഈ മേഖലയെ നശിപ്പിച്ച് പുത്തന്‍ തലമുറ ബാങ്കുകളില്‍ അവരുടെ ഔദാര്യത്തിനായി ഓച്ഛാനിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകായാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ നിന്ന് പിന്തിരിയണം.'' 

 
ടി വി ഗംഗാധരന്‍  സഹകരണ ജീവനക്കാരന്‍ തളിപ്പറമ്പ്.




 ''നോട്ടുകള്‍ പിന്‍വലിച്ച നടപടി തന്നെ സഹകരണ മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതോടൊപ്പം ഇടപാടുകാരുടെ ക്രയവിക്രയങ്ങളും മരവിപ്പിച്ചതോടെ ഇതിനു
പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കളളപ്പണം പിടിച്ചെടുക്കേണ്ടത് രാജ്യത്തിന്‍റെ നന്മക്ക്ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. അതിന്‍റെ പേരില്‍ സാധാരണക്കാരന്‍റെ അത്താണിയായ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി അംഗീകരിക്കാനാകില്ല.'' 


ഡി.എം.ബാബു-പൊതു പ്രവര്‍ത്തകന്‍ തളിപ്പറമ്പ്.





''കള്ളപ്പണക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു. ബുദ്ധിമുട്ട് മുഴുവന്‍ സാധാരണക്കാര്‍ക്കും. വന്‍കിടക്കാരുടെ ഒരു ഇടപാടുകള്‍ക്കും തടസമില്ലാതെ നടക്കുന്നു എന്നതിന്‍റെ തെളിവുകളാണ് ദിവസവും പുറത്തു
വന്നുകൊണ്ടിരിക്കുന്നത്. ഒപ്പം സാധാരണക്കാരന്‍റെ ആശ്വാസമായ ചെറുകിട സഹകരണ സ്ഥാപനങ്ങളുടെ നാശം ലക്ഷ്യം വെച്ചുകൊണ്ടുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും ഓരോ ദിവസവും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണം. സഹകരണ മേഖലയെയും, ഇതിനെ ആശ്രയിച്ചു കഴിയുന്ന പതിനായിര കണക്കിന് കുടുംബങ്ങളെയും സംരക്ഷിക്കണം.'' 


വി.ആര്‍ ശിവന്‍, സഹകരണ ജീവനക്കാരന്‍, പൊതു പ്രവര്‍ത്തകന്‍.








No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.