ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, August 25, 2016

തൃച്ചംബരം ഉത്സവത്തെ അപമാനിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.


തൃച്ചംബരം ഉത്സവത്തെ അപമാനിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.

തളിപ്പറമ്പ് : നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരു വിളംബരത്തിന്റെ ഭാഗമായി നമ്മളൊന്ന് സാസ്‌കാരിക ഘോഷയാത്രയില്‍ തൃച്ഛംബരം ഉത്സവത്തിന്റെ പുനരാവിഷ്‌ക്കാരമായി അവതരിപ്പിച്ച  തിടമ്പു നൃത്തം വിവാദമായി. ആചാരപരമായി മുന്നില്‍ മഞ്ഞവടിക്കാരും, പിന്നില്‍ വാദ്യഘോഷക്കാരും, പന്തക്കാരുടെയും അകമ്പടിയോടെയാണ് കടമ്പേരിയില്‍ നിന്നും ബക്കളത്തേക്ക് നടന്ന ഘോഷയാത്രയില്‍ തിടമ്പു നൃത്തം അവതരിപ്പിക്കപ്പെട്ടത്. ഉത്തര കേരളത്തിലെ പ്രശസ്തമായ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവും ഏറെ പ്രശസ്തമാണ്. 14 ദിവസം നീണ്ടു നില്‍ക്കുന്ന തൃച്ഛംബരം ഉത്സവത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് തിടമ്പു നൃത്തം. ശ്രീകൃഷ്ണനും ജ്യേഷ്ഠനായ ബലരാമനും ഒത്തുള്ള ബാലലീലകളുടെ പുനരാവിഷ്‌കാരമാണ് ഇത്. വിശ്വാസ പ്രകാരമുള്ള ഏറെ ആചാര അനുഷ്ഠാനത്തോടെ നടത്തുന്ന തിടമ്പു നൃത്തം കേവലം കലാരൂപമായി തെരുവില്‍ അവതരിപ്പിച്ചതിനെതിരെയാണ് വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. ടി ടി കെ ദേവസ്വം ബോര്‍ഡ് ഇന്നലെ ചേര്‍ന്ന സംഭവത്തെ അപലപിച്ചു.ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങായ തിടമ്പ് നൃത്തത്തെ വികലമായ രീതിയില്‍ അവതരിപ്പിച്ച നടപടി ക്ഷേത്രത്തെയും,വിശ്വാസികളെയും ഏറെ വേദനിപ്പിച്ചുവെന്നു യോഗം വിലയിരുത്തി.ഇതിനെതിരെ നിയമ നടപടി ആലോചിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 


           തൃച്ചംബരം ഉത്സവത്തെ അപമാനിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് പെരുംചെല്ലൂര്‍ പെരുംതൃക്കോവിലപ്പന്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബില്‍ സൊസൈറ്റി. തൃച്ചംബരം ഉത്സവം തളിപ്പറമ്പിന്റെ വികാരമാണു. ആ വികാരത്തെ വ്രണപ്പെടുത്തിയാണു നൃത്തത്തെ തെരുവു നൃത്തമാക്കി അവതരിപ്പിച്ചത്. മതേതരത്വം തെളിയിക്കാന്‍ ഒരു വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുകയും ഒരു സംസ്‌കാരത്തെ തന്നെ അപമാനിക്കുകയും ചെയ്യുന്ന നടപടി പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമല്ല. പ്രശ്‌നത്തില്‍ തളിപ്പറമ്പിലെ സാധാരണക്കാരായ ക്ഷേത്ര വിശ്വാസികളോട് സി.പി.ഐ.എം മാപ്പ് പറയണം എന്ന് തൃച്ചംബരത്ത് പൂന്താനം ഹാളില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ഇ.എം വാസുദേവന്‍ നമ്പൂതിരി, എം. നാരായണന്‍ നമ്പൂതിരി, പി.കെ യജ്ഞന്‍ നമ്പൂതിരി, പി.കെ.സി നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
        തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോല്‍സവത്തെ വികലമാക്കി പൊതുനിരത്തില്‍ അവതരിപ്പിച്ച സിപിഎം നടപടി ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള അവഹേളനമാമെന്ന് അഖിലകേരള തന്ത്രിസമാജം ഉത്തരമേഖലാ കമ്മറ്റി യോഗം കുറ്റപ്പെടുത്തി. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രോല്‍സവമായ തൃച്ചംബരം ഉല്‍സവത്തേയും അവിടുത്തെ വിശേഷ സമ്പ്രദായങ്ങളോടുകൂടിയ തിടമ്പ് നൃത്തം കണക്കാക്കപ്പെടുന്നത്. അതിന്റെ മഹത്വം മനസിലാക്കാതെ കേവലം രാഷ്ട്രീയ നിറം കൊടുത്ത് നൃത്തത്തെ തെരുവ് കോലമാക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്. അചാരാനുഷ്ഠാനങ്ങള്‍ക്ക് നേര്‍ക്കുള്ള ഇത്തരം വെല്ലുവിളികള്‍ തീര്‍ത്തും അപലപനീയമാണെന്ന് കണ്ണൂര്‍ തന്ത്രിസമാജം ആസ്ഥാനത്ത് ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂിക്കാട്ടി. പ്രസിഡന്റ് കാട്ടുമാടം ഈശാനന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി.ജയനാരായണന്‍ നമ്പൂതിരിപ്പാട്, കോറമംഗലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.


       തളിപ്പറമ്പ് താലൂക്ക് ഹിന്ദു ഐക്യവേദിജനറല്‍സെക്രട്ടറി പി.മോഹനകൃഷ്ണന്‍ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. തൃച്ചംബരം ക്ഷേത്രവിശ്വാസി എന്ന നിലയില്‍ അതിപവിത്രമായി കാണുന്ന ചടങ്ങിനെ  തെരുവില്‍ വികലമായി അവതരിപ്പിച്ചതില്‍ മതവികാരം വൃണപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശമെന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷ് പറഞ്ഞു.


പടം-1, തളിപ്പറമ്പില്‍ സിപിഎം തിടമ്പ് നൃത്തത്തിനെതിരെ ഹിന്ദു ഐക്യവേദിയും 2, യോഗക്ഷേമസഭയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍3, വിവാദമായ തിടമ്പ് നൃത്തം.4,പത്രവാര്‍ത്ത 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.