ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, February 19, 2017

ചരിത്ര വഴിയായ കരിവെള്ളൂര്‍-കാവുമ്പായി റോഡ് പുനര്‍ജനിക്കുന്നു.

ചരിത്ര വഴിയായ കരിവെള്ളൂര്‍-കാവുമ്പായി റോഡ് പുനര്‍ജനിക്കുന്നു.


തളിപ്പറമ്പ്:
വിസ്മൃതിയിലായ ചരിത്ര വഴി കരിവെള്ളൂര്‍-കാവുമ്പായി റോഡിന് പുനര്‍ജന്‍മം. 1946 ല്‍ നടന്ന കലാപത്തെ തുടര്‍ന്ന് കരിവെള്ളൂരില്‍ നിന്നും സമാന സ്ഥിതിയുണ്ടായിരുന്ന കാവുമ്പായിലേക്ക് മദ്രാസ് പ്രസിഡന്‍സി നിര്‍മ്മിച്ച 42 കിലോമീറ്റര്‍ വരുന്ന റോഡ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിസ്മൃതിയിലാവുകായിരുന്നു. കരിവെള്ളൂര്‍, പരിയാരം, കുറുമാത്തൂര്‍, ചെങ്ങളായി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്ക് ശേഷം ജില്ലാ പഞ്ചായത്ത്  മുന്‍കൈയെടുത്ത് പുനര്‍നിര്‍മ്മിക്കുന്നത്. ഇതില്‍ ചെങ്ങളായി ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. തളിപ്പറമ്പ് ആലക്കോട് സ്റ്റേറ്റ് ഹൈവേയില്‍ നിന്നും നാടുകാണി മുതല്‍ കാലിക്കടവ് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം 93 ലക്ഷം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. ബോക്സ് കള്‍വര്‍ട്ട് രീതിയില്‍ ചെലവുകുറച്ച് നിര്‍മ്മിച്ച പാലവും
ഈ റോഡിലുണ്ട്. സാധാരണ രീതിയിലാണെങ്കില്‍ രണ്ടര കോടിയോളം ചെലവ് വരുന്നതാണ് പാലം. കാലിക്കടവ് മുതല്‍ പാറക്കോട് വരെയുള്ള
1.250 കിലോമീറ്റര്‍ ദൂരം ഒരു കോടി രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്തുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും. ഇവിടെ നിന്നും ചെങ്ങളായി പഞ്ചായത്തിലെ അമ്മോന്തല വരെയുള്ള ഭാഗത്തെ പ്രവൃത്തി പിന്നീട് നടക്കും. സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മൊക്കാഡം ടാറിങ്ങ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത്  പ്രസിഡന്റ് ഐ.വി.നാരായണന്‍ പറഞ്ഞു. രേഖകളില്‍ ഉണ്ടെങ്കിലും ഫലത്തില്‍ ഇല്ലാതായ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പില്‍ വരാതെ വളരെ എളുപ്പത്തില്‍ മലയോര പ്രദേശത്തുള്ളവര്‍ക്ക് കരിവെള്ളൂര്‍ ദേശീയപാതയിലെത്താനാവും. ഇന്ന് വൈകുന്നേരം അഞ്ചിന് ചെറുകരയില്‍ നടക്കുന്ന ചടങ്ങില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി ജയിംസ്മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അധ്യക്ഷ കെ.സോഭന, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, കെ.,ലളിത, കെ.ജാനകി, പി.വി.ദേവി, കെ.ലീല, കെ.വി.കെ. അയൂബ്, പി.പി.പ്രകാശന്‍, ഐ.വി.ഗോവിന്ദന്‍, ടി.ജനാര്‍ദ്ദനന്‍, കെ.ആലിക്കുഞ്ഞി, എ.ബാലകൃഷ്ണന്‍, എ.പ്രേമന്‍, കെ.ഷൈമ, സി.പി.പീതാംബരന്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.വി.സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

പടം : നാടുകാണി-കാലിക്കടവ് റോഡില്‍ നിര്‍മ്മിച്ച ബോക്സ് കള്‍വര്‍ട്ട് പാലം 


1 comment:

  1. തളിപ്പറമ്പ് : കരിവെള്ളൂര്‍കാവുമ്പായി റോഡിന്റെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്താന്‍ നഗരസഭയും ബന്ധപ്പെട്ട വില്ലേജ് അധികൃതരും സംയുക്തമായി രംഗത്തിറങ്ങാന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. 1946 ല്‍ നിര്‍മ്മിച്ച ഈ ബ്രിട്ടീഷ് റോഡ് പിന്നീട് അന്യാധീനപ്പെട്ടുവെങ്കിലും ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് പുനര്‍നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. റോഡിന് ഇരു വശവും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്ക് അതിര്് വ്യക്തമാക്കാത്തതിനാല്‍ നഗരസഭക്ക് കെട്ടിട നമ്പര്‍ നല്‍കാനാവുന്നില്ലെന്നും ഇക്കാര്യത്തില്‍ താലൂക്ക് സര്‍വേയര്‍ ഇടപെട്ട് പരിഹാരം കാണണമെന്നും ശ്രീകണ്ഠാപുരം നഗരസഭാ വൈസ് ചെയര്‍മാന്‍ നിഷിത റഹ്മാന്‍ വികസന സമിതി മുമ്പാകെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും പകരം റോഡിന്റെ രേഖകള്‍ വില്ലേജ് ഓഫീസിലും നഗരസഭയിലും ലഭ്യമാക്കാമെന്ന് റീസര്‍വേ സൂപ്രണ്ട് യോഗത്തെ അറിയിച്ചു. നഗരസഭയും വില്ലേജ് അധികൃതരും സംയുക്ത പരിശോധന നടത്തി അതിര്‍ത്തി അളന്ന് നിര്‍ണ്ണയിക്കാമെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു. പൊതുസ്ഥലം അതുപോലെ നിലനിന്ന് കിട്ടാന്‍ അടിയന്തിര സര്‍വേ ആവശ്യമാണെന്ന് നിഷിത റഹ്മാന്‍ യോഗത്തില്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

    ReplyDelete

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.