ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, August 25, 2016

ഓണത്തിന് കേരളത്തില്‍ ഇക്കുറി മഹാബലിക്കു പകരം ബി.എല്‍.ഒമാര്‍ വീടു കയറും.

ഓണത്തിന് കേരളത്തില്‍ ഇക്കുറി മഹാബലിക്കു പകരം ബി.എല്‍.ഒമാര്‍ വീടു കയറും.

ബലിപെരുന്നാളും,തിരുവോണവുമില്ലാതെ ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍.

അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നതിന് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ബൈജു ബി കെ 




        തളിപ്പറമ്പ് :  ഈ വരുന്ന സെപ്തംബറില്‍ മറ്റു ജീവനക്കാര്‍ 10ദിവസത്തെ അവധി ദിവസങ്ങളില്‍ ബലിപെരുന്നാളും, ഓണവും ആഘോഷിക്കുമ്പോള്‍ തങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി വീടുവീടാന്തരം കയറിയിറങ്ങേണ്ടി വരുമല്ലോ എന്ന പ്രയാസത്തിലാണ്  സംസ്ഥാനത്തെ 21932 ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍.സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്ന ജോലി ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധിപോലും അനുഭവിക്കാനാവാതെ വോട്ടര്‍പട്ടികയിലെ തെറ്റുകളും ഇരട്ടിപ്പും ഒഴിവാക്കി  പൂര്‍ണ്ണമായും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ കമ്മീഷന്റെ ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണ പദ്ധതിയുമായി വീടുവീടാന്തരം കയറിയിറങ്ങുകയാകും ഈ സമയം.അടുത്തമാസം ധാരാളം ഒഴിവു വരുന്നതിനാല്‍ ആ ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തിയാല്‍ എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കാന്‍ കഴിയുമെന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലയിരുത്തലാണ് ബി എല്‍ ഒ മാര്‍ക്ക് വിനയായിരിക്കുന്നത്

                         രാജ്യത്തെ ഓരോ പോളിംഗ് സ്‌റ്റേഷനിലെയും വോട്ടര്‍ പട്ടികയുടെ സൂക്ഷ്മ പരിശോധന നടത്തുന്നതിനായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2006 മുതലാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയമിച്ചു തുടങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പോസ്റ്റുമാന്‍മാര്‍, വിരമിച്ച ഗവ.ജീവനക്കാര്‍ എന്നിവരാണ് ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും മേല്‍വിലാസം മാറ്റാനുമായി ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ഒരു ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ പ്രാഥമികമായ ജോലി. ഇതിനു പുറമെ തെരഞ്ഞെടുപ്പു ദിവസം പോളിംഗ് അവസാനിക്കുന്നതുവരെ ബൂത്തുകളില്‍ ഇരിക്കാനും ഇവര്‍ നിര്‍ബന്ധിതരാകാറുണ്ട്.  

ഇതിനിടയിലാണ് തെറ്റുകളും ഇരട്ടിപ്പും ഒഴിവാക്കി വോട്ടര്‍പട്ടിക പൂര്‍ണ്ണമായും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ കമ്മീഷന്‍ ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണം 2016  (NERP- National Electoral Roll Purification 2016) എന്ന പദ്ധതിക്ക്  രൂപം നല്‍കിയത്. 
18 -19 വയസ്സായവര്‍ വോട്ടര്‍മാരാവുന്നത് ത്വരിതപ്പെടുത്തുക, വോട്ടര്‍പട്ടികയിലെ തെറ്റ് തിരുത്തുക, മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുക, പട്ടികയിലെ ഇരട്ടിപ്പ് (Duplication) ഇല്ലാതാക്കുക, വോട്ടര്‍മാരുടെ ഫോട്ടോയുടെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുക, ഓരോ വോട്ടര്‍ക്കും പോളിംഗ് സ്‌റ്റേഷനിലെത്താന്‍ രണ്ട് കി.മി കൂടുതല്‍ സഞ്ചരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുക ഇവയാണ് നേര്‍പ്പ് 2016 കൊണ്ട്  ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച പരിശീലന ക്ലാസ്സുകള്‍ എല്ലാ താലൂക്ക് അടിസ്ഥാനങ്ങളിലും ഇതിനകം പൂര്‍്ത്തിയായി കഴിഞ്ഞു. ഓഗസ്റ്റ്   24 മുതല്‍ ആരംഭിച്ച് സെപ്തംബര്‍ 24നകം ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ബി.എല്‍.ഒമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ വിശദാംശം അടങ്ങുന്ന ലിസ്റ്റ് ഇതുവരെ ബി.എല്‍.ഒമാര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. 
                       1600 വോട്ടര്‍മാരുള്ള ഒരു ബൂത്തില്‍ ചുരുങ്ങിയത് 400-450 കുടുംബങ്ങളുണ്ടാവും. ഒരു മാസക്കാലയളവിനുള്ളില്‍ ഇത്രയും വീടുകളില്‍ ചെന്ന് വിവരം ശേഖരിക്കുക എന്ന ഭാരിച്ച ജോലി എങ്ങനെ ചെയ്തു തീര്‍ക്കുമെന്നറിയാതെ ആശങ്കയിലാണ് ബി.എല്‍.ഒമാര്‍.  
ഇവര്‍ക്ക് പ്രതിവര്‍ഷം 6000രൂപ പ്രതിഫലവും, 1200രൂപ ടെലിഫോണ്‍ ചാര്‍ജ്ജും,ഇതിനു പുറമെ ഓരോ അപേക്ഷകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും 04രൂപ വീതവും ഇതു സംബന്ധിച്ച മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതിന് 100രൂപ വീതവുമാണ് തുക നിശ്ചയിച്ചിരിക്കുന്നത്.എന്നാല്‍ അപേക്ഷകള്‍ക്കും,മീറ്റങ്ങുകള്‍ക്കും നിശ്ചയിച്ച തുക ഇതുവരെ ബി എല്‍ ഒ മാര്‍ക്ക് ലഭിച്ചിട്ടില്ല.ഈ തുക എത്രയും വേഗം നല്‍കണമെന്നും, 
ബലിപെരുന്നാളും,തിരുവോണവുമടക്കം അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നതിന് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന ബി എല്‍ ഒ മാരൂടെ ആവശ്യം ശക്തമാവുകയാണ്.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.