ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Wednesday, August 3, 2016

വോട്ടിങ്ങ് യന്ത്രങ്ങള്‍ തളിപ്പറമ്പില്‍ നിന്നും ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുപോയി. 
അഴീക്കോട്, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കേസുകളില്‍ തീര്‍പ്പാകും വരെ  സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. 
                     

സുപ്രഭാതം വാര്‍ത്ത 
               
വോട്ടിങ്ങ് യന്ത്രങ്ങള്‍  ലോറിയില്‍ കയറ്റുന്നു. 
          തളിപ്പറമ്പ്: പരിശോധനകള്‍ പൂര്‍ത്തിയാക്കിയ വോട്ടിങ്ങ് യന്ത്രങ്ങള്‍ തളിപ്പറമ്പില്‍ നിന്നും ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുപോയി. ജില്ലയിലെ പതിനൊന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഉപയോഗിച്ച വോട്ടിങ്ങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തളിപ്പറമ്പിലെ സ്‌ട്രോങ്ങ് റൂമില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മൂന്ന് ദിവസമായി പരിശോധനകള്‍ നടത്തി ക്രമനമ്പറുകള്‍ നല്‍കിയ 1600 ബാലറ്റ് യൂണിറ്റുകളും 1500 കണ്‍ട്രോള്‍ യൂണിറ്റുകളുമുള്‍പ്പെടെ 3100 വോട്ടിങ്ങ് മെഷീനുകളാണ് 310 പെട്ടികളിലായി ഉത്തര്‍ പ്രദേശിലേക്ക് അയച്ചത്.
യുപിയില്‍ നിന്നെത്തിയ തെരഞ്ഞെടുപ്പ് വിഭാഗം തഹസില്‍ദാര്‍ പി.എല്‍.മോറലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം മുഴുവന്‍ പെട്ടികളും തുറന്ന് മെഷീനുകളുടെ എണ്ണം എടുത്തതിന് ശേഷമാണ് കണ്ടെയ്‌നര്‍ ലോറികളിലേക്ക് കയറ്റിയത്. വോട്ടിങ്ങ് യന്തങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ ഇന്നലെ പുറത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രത്യേക പോലീസ് എസ്‌കോര്‍ട്ടോടെ രണ്ട് കണ്ടെയ്‌നര്‍ ലോറികളിലായി വൈകുന്നേരം നാലോടെയാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ കൊണ്ടുപോയത്. തളിപ്പറമ്പ് തഹസില്‍ദാര്‍ എ.ശ്രീവല്‍സന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് കേസുകള്‍ നിലവിലുള്ളതിനാല്‍ അഴീക്കോട്, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ കേസുകളില്‍ തീര്‍പ്പാകും വരെ പോലീസ് കാവലില്‍  മിനി സിവില്‍ സ്‌റ്റേഷനിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. 

ബൈജു ബികെ 



    




No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.