ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, August 11, 2016

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചില്ല.

തീരുമാനമെടുത്ത് രണ്ടു വര്‍ഷമായിട്ടും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചില്ല.


തളിപ്പറമ്പ് : താലൂക്ക് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ അനുവദിച്ച ഡയാലിസിസ് സെന്റര്‍ സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ ലഭ്യമായിട്ടും, ആവശ്യമായ മെഷീനുകള്‍ എത്തിച്ചിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. രണ്ടു വര്‍ഷം മുമ്പ് ഇത് അനുവദിച്ചിരുന്നുവെങ്കിലും പറ്റിയ കെട്ടിടം ഇല്ലാത്ത കാരണം പറഞ്ഞാണ്  സെന്റര്‍ ആരംഭിക്കാതിരുന്നത്.  

താലൂക്കാശുപത്രി 'സത്രം' കാടുകയറിയ നിലയില്‍

തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കായി 2008ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 'സത്രം' കെട്ടിടം ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ അനുയോജ്യമാണെന്ന് ആശുപത്രി വികസന സമിതി കണ്ടെത്തുകയും അവിടെ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന സി.മെറ്റ് നഴ്‌സിംഗ് കോളേജ്  അടിയന്തിരമായി ഒഴിപ്പിച്ച് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും വികസന സമിതി തീരുമാനിച്ചു. പറ്റിയ കെട്ടിടം കണ്ടെത്താതെ ഒഴിയാന്‍ പറ്റില്ലെന്നായിരുന്നു നഴ്‌സിംഗ് കോളേജധികൃതരുടെ നിലപാട്. നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോളേജ് ഇവിടെ നിന്നും മാറ്റിയെങ്കിലും ഇതുവരെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ കെട്ടിടത്തിലേക്ക് രോഗികളെയും കൊണ്ട് വാഹനങ്ങള്‍ക്ക്  എത്തിച്ചേരുവാനുള്ള സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല. വൃക്കരോഗികളില്‍ മിക്കവരും അവശരായതിനാല്‍ വാഹനസൗകര്യം അത്യാവശ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരുന്ന കെട്ടിടം കാട് കയറി തുടങ്ങിയിട്ടുണ്ട്. നൂറ് കണക്കിന് നിര്‍ധനരായ വൃക്ക രോഗികള്‍ ഡയാലിസിസ് ചെയ്യുന്നതിനായി ഉദാരമതികളുടെ കനിവ് കാത്തു നില്‍ക്കുമ്പോള്‍, ഒരേ സമയം അഞ്ച് പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുള്ള ഡയാലിസിസ് സെന്റര്‍ തുടങ്ങാനുള്ള തീരുമാനം വൈകുന്നതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. കെട്ടിടം അറ്റകുറ്റപ്പണി നടത്തി, റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 


ബൈജു ബികെ 

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.